‘പൂരത്തിനിടെ സാമൂഹിക അന്തരീക്ഷം തകർക്കാൻ ബോധപൂർവമായ ശ്രമം’; ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: തൃശൂർ പൂരത്തിനിടെ കേരളത്തിലെ സാമൂഹിക അന്തരീക്ഷം തകർക്കാൻ ബോധപൂർവമായ ശ്രമമുണ്ടായെന്നും ഇതിൽ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഭാവിയിൽ ഒരു പ്രശ്നവുമില്ലാതെ പൂരം നടത്താനുള്ള ശ്രമത്തിലാണ് സർക്കാർ. പൂരവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്‍റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിക്കും. ക്രമസമാധാന പാലനത്തിന്‍റെ ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി അജിത്കുമാറിനെതിരെ ഡി.ജി.പി അന്വേഷിക്കും. ഉദ്യോഗസ്ഥരിൽനിന്ന് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കാൻ ഇന്‍റലിജൻസ് എ.ഡി.ജി.പി മനോജ് എബ്രഹാമിനെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
“തൃശൂർ പൂരം കേരളത്തിന്‍റെ തനതായ സാംസ്കാരിക ഉത്സവം. ഇത്തവണ തുടക്കം മുതൽ പ്രശ്നമുണ്ടായിരുന്നു. അതൊക്കെ പരിഹരിച്ചിരുന്നു. ദേവസ്വങ്ങൾ നല്ല രീതിയിൽ പ്രകീർത്തിച്ചു. അതിനു പിന്നാലം ആനകളുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടായി. ഇതിനെല്ലാം സർക്കാർ സ്വീകരിച്ച നടപടികളിൽ ജനം ഒരുമിച്ച് നിന്നു. പരിപാടികൾ കുറ്റമറ്റ നിലയിൽ സംഘടിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിലാണ് പൂരം നടന്നത്. അവസാന ഘട്ടത്തിലാണ് ചില വിഷയങ്ങളുണ്ടാകുന്നത്. അലങ്കോലപ്പെടുത്താനുള്ള ശ്രമമുണ്ടായത് സർക്കാർ ഗൗരവമായി കണ്ടും. അതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താൻ തീരുമാനിച്ചത്. റിപ്പോർട്ട് സെപ്റ്റർ 23ന് സർക്കാറിന് ലഭിച്ചു. എന്നാൽ അതൊരു സമഗ്രമായ അന്വേഷണ റിപ്പോർട്ടായി കരുതാനാവില്ല.
പല നിയന്ത്രങ്ങളും അവിടെ ഏർപ്പെടുത്തേണ്ടി വന്നിട്ടുണ്ട്. പുറ്റിങ്ങൽ ദുരന്തം അന്വേഷിച്ച കമീഷൻ നൽകിയ നിർദേശങ്ങളും ഹൈകോടതി നിർദേശങ്ങളുമുണ്ട്. കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തെ അട്ടിമറിക്കാൻ ആസൂത്രിതമായി ശ്രമിച്ചെന്ന പല സൂചനയും റിപ്പോർട്ടിലുണ്ട്. ബോധപൂർവമായ പല ഇടപെടലുകളുമുണ്ട്. അവയുൾപ്പെടെ അവിടെ നടന്ന കുറ്റകൃത്യങ്ങൾ കണ്ടെത്തി അടുത്ത പൂരം കുറ്റമറ്റ രീതിയിൽ നടത്തേണ്ടതുണ്ട്. അവിടെ നടന്ന കുത്സിത പ്രവൃത്തികൾ വീണ്ടും ആവർത്തിക്കാൻ പാടില്ല.
ഭാവിയിൽ ഒരു പ്രശ്നവുമില്ലാതെ പൂരം നടത്താനുള്ള ഉറപ്പ് ഉണ്ടാക്കുക എന്നതിനാണ് മന്ത്രിസഭാ യോഗത്തിൽ ചർച്ച നടത്തിയത്. പൂരവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്‍റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിക്കുകയാണ്. പൂരവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കാൻ ഇന്‍റലിജൻസ് എ.ഡി.ജി.പി മനോജ് എബ്രഹാമിനെ നിയോഗിക്കും. ക്രമസമാധാന പാലനത്തിന്‍റെ ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി അജിത്കുമാറിനെതിരെ ഡി.ജി.പി അന്വേഷിക്കണമെന്നും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി” -മുഖ്യമന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.