ഡെലീഷ്യ ഇനി ടാങ്കർ വളയം പിടിക്കും; ദുബൈയിലെ നിരത്തുകളിൽ
text_fieldsടാങ്കറോടിച്ച് നാടറിഞ്ഞ ഡെലീഷ്യ എന്ന പെൺകുട്ടിയുടെ തട്ടകം ഇനി ദുബൈ. അവിടെ ഡെലീഷ്യ ട്രെയിലർ ഓടിക്കും. 12,000 ലിറ്റർ ഇന്ധനം നിറച്ച ടാങ്കർ ലോറിയുമായി കൊച്ചിയിലെ ഇരുമ്പനത്തുനിന്ന് തിരൂരിൽ എത്തിയിരുന്ന 23കാരിയുടെ വാർത്ത കൗതുകത്തോടെയാണ് ജനങ്ങൾ അറിഞ്ഞത്. ഈ വാർത്ത കടൽകടന്ന് വിദേശ രാജ്യങ്ങളിലും എത്തിയതോടെ സ്വപ്ന തുല്യമായ അവസരമാണ് തൃശൂർ കണ്ടശ്ശാംകടവ് സ്വദേശി ഡെലീഷ്യയെ തേടി എത്തിയത്. കേരളത്തിലെ നിരത്തുകളിൽ 12,000 ലിറ്റർ ശേഷിയുള്ള ടാങ്കർ ലോറിയാണ് ഡെലീഷ്യ ഓടിച്ചതെങ്കിൽ ഇനി 60,000 ലിറ്റർ ശേഷിയുള്ള ട്രെയിലറിെൻറ വളയമാണ് പിടിക്കുക.
സ്വകാര്യ ചാനലിലെ പരിപാടിയിൽ പങ്കെടുത്ത ഡെലീഷ്യ തനിക്ക് കാനഡയിൽ പോയി ബസ് ഓടിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഈ അവസരം തേടിയെത്തിയത്. ദിവസങ്ങൾക്ക് മുമ്പാണ് പുതിയ അവസരം അറിയിച്ചുള്ള വിളി വന്നത്. ദുബൈയിലെ മിഡ്-ഏഷ്യ പെട്രോളിയം കമ്പനിയിലെ ടാങ്കർ ഡ്രൈവറാകാനാണ് അവസരം ലഭിച്ചത്. ടാങ്കർ ഓടിക്കുമെന്നറിഞ്ഞ് ദുബൈയിലെ കമ്പനി അധികൃതർ നേരിട്ടെത്തി ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു. കമ്പനി ഉടമയും ഡെലീഷ്യയുടെ നാട്ടുകാരനുമായ മണലൂർ സ്വദേശി മനേഷാണ് ജോലി വാഗ്ദാനം ചെയ്തത്. വിസയും വിമാന ടിക്കറ്റും കമ്പനി നൽകി. മികച്ച ശമ്പളം ഓഫർ ചെയ്തു. ഡെലീഷ്യ കഴിഞ്ഞ ദിവസം ദുബൈയിലേക്ക് പറന്നു.
എം.കോം ജയിച്ചതിെൻറ സന്തോഷത്തിൽ ഇരിക്കുമ്പോഴാണ് ജോലിക്കായി പുറപ്പെട്ടത്. രണ്ടു വർഷത്തേക്കാണ് കരാർ. ഇന്ത്യയിലെ ഹെവി ലൈസൻസും മറ്റുമുള്ള ഡെലീഷ്യക്ക് ദുബൈ ലൈസൻസ് കമ്പനി തന്നെ എടുത്ത് നൽകുമെന്നാണ് ഉറപ്പ് നൽകിയത്. ഡെലീഷ്യയുടെ പിതാവ് കണ്ടശ്ശാംകടവ് പള്ളിക്കുന്നത് ഡേവിസ് ടാങ്കർ ലോറി ഡ്രൈവറാണ്. അച്ഛനൊപ്പം കുട്ടിക്കാലം മുതൽ ടാങ്കറിൽ കയറി നടത്തിയ യാത്രകളാണ് ഡെലീഷ്യയെ വളയം പിടിപ്പിച്ചത്. 18 തികഞ്ഞശേഷം ആദ്യ ശ്രമത്തിൽ ലൈറ്റ് മോട്ടോർ വെഹിക്ക്ൾ ലൈസൻസ് സ്വന്തമാക്കി. 20 വയസ്സ് പൂർത്തിയായതോടെ ഹെവി ലൈസൻസും നേടി.
അതോടെ ടാങ്കർ ലോറി ഓടിക്കണമെന്നായി ആഗ്രഹം. ലോഡ് ഇറക്കിയ ശേഷമുള്ള മടക്കയാത്രയിൽ രാത്രി അച്ഛെൻറ സഹായത്തോടെ തിരക്ക് കുറഞ്ഞ റോഡിലൂടെയുള്ള പരിശീലനം ഡെലീഷ്യയെ മികച്ച ഡ്രൈവറാക്കി. പിന്നീട് ഫയർ ആൻഡ് സേഫ്റ്റി ലൈസൻസും സ്വന്തമാക്കി. ഹെവി ലൈസൻസുള്ള സ്ത്രീകൾ കേരളത്തിൽ വേറെയുമുണ്ടെങ്കിലും ഫയർ ആൻഡ് സേഫ്റ്റി ലൈസൻസ് ഡെലീഷ്യക്ക് മാത്രമാണ്.
ടാങ്കറോടിക്കുന്നതിനിടെ പഠനവും ഡെലീഷ്യ കൈവിട്ടില്ല. തൃശൂരിലെ കോളജിൽനിന്ന് എം.കോം ഫിനാൻസ് പൂർത്തിയാക്കി. തൃശൂർ കണ്ടശ്ശാംകടവ് നോർത്ത് കാരമുക്ക് പി.വി. ഡേവിസിെൻറയും ട്രീസയുടെയും മകളാണ്. സഹോദരിമാരായ ശ്രുതി ദുബൈയിൽ നഴ്സും സൗമ്യ ലാബ് ടെക്നീഷ്യനുമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.