ഡിലിമിറ്റേഷൻ കമീഷൻ ഹിയറിങ് ഒമ്പത് ജില്ലകളിൽ പൂർത്തിയായി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് വാർഡ് വിഭജനത്തിനുള്ള കരട് നിർദേശങ്ങളെ കുറിച്ചുള്ള പരാതികളിൻ മേലുള്ള ഹീയറിംഗ് ഒമ്പത് ജില്ലകളിൽ പൂർത്തിയായി. എല്ലാ ജില്ലകളിലെയും ഹീയറിംഗ് പൂർത്തിയായ ശേഷം കമീഷൻ യോഗം ചേർന്ന് കരടിൽ വരുത്തേണ്ട ഭേദഗതി നിർദ്ദേശങ്ങൾ അംഗീകരിക്കുന്നതും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതും ആണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ കൂടിയായ ഡിലിമിറ്റേഷൻ കമീഷൻ ചെയർമാൻ എ. ഷാജഹാൻ അറിയിച്ചു.
വിവിധ ജില്ലകളിൽ നടന്ന ഹിയറിങ്ങിൽ കമീഷൻ ചെയർമാനോടൊപ്പം അംഗങ്ങളായ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോർ , പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു, ഡിലിമിറ്റേഷൻ കമീഷൻ സെക്രട്ടറി എസ്. ജോസ്ന മോൾ എന്നിവരും പങ്കെടുത്തു.
ഫെബ്രുവരി 11ന് കാസർഗോഡ്, 12ന് കണ്ണൂർ, 13, 14 തീയതികളിൽ കോഴിക്കോട്, 15ന് വയനാട്, 21, 22 തീയതികളിൽ തിരുവനന്തപുരം ജില്ലകളിൽ ഹിയറിങ് നടക്കും. ഭൂപടവും അനുബന്ധരേഖകളും ലഭിച്ച പരാതികളുടെ സംഗ്രഹവും ഡിജിറ്റൽ ആക്കിയത് കാരണം ഹിയറിങ് പ്രക്രിയ പരാതിക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ ക്രമീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. പരാതി നൽകിയവരിൽ ഹിയറിങ്ങിന് ഹാജരായ മുഴുവൻ പേരെയും നേരിൽ കേട്ടതായി കമീഷൻ ചെയർമാൻ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.