ഉമർ ഫൈസിക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു
text_fieldsകോഴിക്കോട്: സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങളെ ധിക്കരിക്കുകയും മുശാവറ അംഗങ്ങളെ കള്ളന്മാർ എന്ന് വിശേഷിപ്പിക്കുകയും ചെയ്ത മുക്കം ഉമർ ഫൈസിക്കെതിരെ നടിപടിയെടുക്കണമെന്ന ആവശ്യത്തിന് സമസ്തയിൽ പിന്തുണയേറുന്നു. നേരത്തെ നിഷ്പക്ഷ സമീപനം സ്വീകരിച്ച പലരും മുശാവറ യോഗത്തിലെ സംഭവത്തോടെ ഉമർ ഫൈസിക്കെതിരെ നടപടി അനിവാര്യമാണെന്ന ആവശ്യവുമായി രംഗത്തുവന്നിട്ടുണ്ട്. അതിനിടെ, ഇതര മത ചിഹ്നങ്ങളെ അധിക്ഷേപിച്ച ഉമർ ഫൈസിയുടെ നടപടിക്കെതിരെയും പ്രതിഷേധം ശക്തമായിട്ടുണ്ട്. ആ പരാമർശം മതവിരുദ്ധമാണെന്നും സമസ്തക്കുവേണ്ടി ഹൈന്ദവ സമൂഹത്തോട് മാപ്പ് പറയുകയാണെന്നും പറഞ്ഞ് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ രംഗത്തെത്തി.
ഇത്തരം പരാമർശങ്ങൾ അനിസ്ലാമികമാണെന്നും ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അത് ശരിയല്ലെന്നും മുസ്ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി.
മുശാവറ യോഗത്തിൽനിന്ന് ജിഫ്രി തങ്ങൾ ഇറങ്ങിപ്പോയെന്ന് സ്ഥിരീകരിച്ച ഡോ. ബഹാഉദ്ദീൻ നദ്വി, ഉമർ ഫൈസി കള്ളന്മാർ എന്ന് വിളിച്ച സമയത്താണ് അധ്യക്ഷ സ്ഥാനത്തുനിന്ന് അദ്ദേഹം ഇറങ്ങിപ്പോയതെന്ന് വെളിപ്പെടുത്തി. അധ്യക്ഷനെ അനുസരിക്കാത്ത ഉമർഫൈസിക്കെതിരെ നടപടി അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, മുശാവറ യോഗത്തിൽനിന്ന് ജിഫ്രി തങ്ങൾ ഇറങ്ങിപ്പോയെന്ന പ്രചാരണം ശരിയല്ലെന്ന രീതിയിൽ സമസ്ത ഓഫിസിൽനിന്ന് ജന. സെക്രട്ടറിയുടെ പേരിൽ വാർത്തക്കുറിപ്പ് ഇറക്കിയതും വിവാദമായി.
ഇത്തരമൊരു വാർത്തക്കുറിപ്പിറക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് നേതാക്കൾ വ്യക്തമാക്കി. അതേസമയം, കള്ളന്മാർ എന്ന പ്രയോഗം നടത്തിയെന്നത് ശരിയാണെന്നും എന്നാൽ, അത് ബഹാഉദ്ദീൻ നദ്വിയെ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും വിശദീകരിച്ച് ഉമർ ഫൈസി രംഗത്തുവന്നു. ജിഫ്രി തങ്ങൾ ഭക്ഷണം കഴിക്കാനാണ് പുറത്തുപോയതെന്നും അദ്ദേഹം പറഞ്ഞു. അരീക്കോട് നടന്ന പരിപാടിയിലെ തന്റെ പ്രസംഗം ചിലർ ദുർവ്യാഖ്യാനം ചെയ്യുകയാണ്.
ഹൈന്ദവ ആരാധ്യ വസ്തുക്കളെ അധിക്ഷേപിക്കാൻ താൻ ഉദ്ദേശിച്ചിട്ടില്ല. അങ്ങനെ അവർക്ക് തോന്നിയിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത മുശാവറയിൽ ഒരു പൊട്ടിത്തെറിയുമില്ല -ഉമർ ഫൈസി
മലപ്പുറം: സമസ്ത മുശാവറയിൽ ഒരു പൊട്ടിത്തെറിയുമുണ്ടായിട്ടില്ലെന്ന് മുശാവറ അംഗം ഉമർ ഫൈസി മുക്കം. കാവനൂരിൽ എസ്.കെ.എസ്.എസ്.എഫ് ആദർശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ത മുശാവറയിൽനിന്ന് ജിഫ്രി തങ്ങൾ ഇറങ്ങിപ്പോയെന്ന് ചില ചാനലുകൾ കള്ളം പ്രചരിപ്പിക്കുകയാണ്.
ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ച്, മുസ്ലിംലീഗ് അനുകൂലികൾ വാർത്ത സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, ഉമർ ഫൈസിക്കെതിരെ രൂക്ഷ വിമർശനവുമായി സമസ്തയിലെ ലീഗ് അനുകൂല വിഭാഗത്തിലെ പ്രമുഖനും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുസ്സമദ് പൂക്കോട്ടൂർ രംഗത്തെത്തി. സമസ്തയിൽ അധ്യക്ഷന്റേത് അവസാനവാക്കാണെന്നും അത് അനുസരിക്കേണ്ടത് അംഗങ്ങളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. സമസ്ത അധ്യക്ഷൻ യോഗത്തിൽനിന്ന് പുറത്തുനിൽക്കാൻ പറഞ്ഞാൽ പുറത്തുനിൽക്കണം. ചർച്ചക്കുശേഷമെടുക്കുന്ന തീരുമാനത്തിനായി കാത്തിരിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്. ഉമർ ഫൈസി നടത്തിയത് ഗുരുതര അച്ചടക്കലംഘനമാണെന്നും പൂക്കോട്ടൂർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.