യു.പി പൊലീസിന് തിരിച്ചടി; സിദ്ദീഖ് കാപ്പനെതിരെ വീണ്ടും അന്വേഷണം നടത്തണമെന്ന ആവശ്യം തള്ളി
text_fieldsന്യൂഡൽഹി: ഹാഥ്റാസിലേക്കുള്ള വഴിമധ്യേ അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തി ജയിലിലടച്ച കേരള പത്ര പ്രവർത്തക യൂനിയൻ ഡൽഹി ഘടകം സെക്രട്ടറി സിദ്ദീഖ് കാപ്പെൻറ സിമി ബന്ധം അന്വേഷിക്കാൻ യു.പി സർക്കാർ സമർപ്പിച്ച പുതിയ അപേക്ഷ മഥുര കോടതി തള്ളി. ഒരു പൗരെൻറ നേർക്ക് ഭരണകൂടം കാണിക്കുന്ന ഭീകരതയാണ് യു.പി സർക്കാറിെൻറ പുതിയ അപേക്ഷയെന്ന് സിദ്ദീഖ് കാപ്പന് വേണ്ടി സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. വിൽസ് മാത്യൂസ് വാദിച്ചു.
അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ കുറ്റപത്രത്തിെൻറ പകര്‍പ്പ് ഇതുവരെ പോലീസ് കൈമാറിയിട്ടില്ല. അതിനാൽ കൂടുതല്‍ അന്വേഷണം വേണമെന്ന യു.പി പോലീസിെൻറ നിലപാട് ദുരുദ്ദേശപരമാണ്. നിരപരാധിത്വം തെളിയിക്കാന്‍ നുണ പരിശോധനക്ക് തയാറാണെന്ന് നേരത്തെ സിദ്ധീഖ് കാപ്പന്‍ തന്നെ കോടതിക്കു മുമ്പാകെ അറിയിച്ചതുമാണ്. മേലിൽ ഇത്തരത്തിലുള്ള അപേക്ഷകളുമായി യു.പി സർക്കാർ വരാതിരിക്കാൻ 55,000 രൂപ കോടതി ചെലവ് ഇൗടാക്കി ഇൗ അപേക്ഷ തള്ളണമെന്നും വിൽസ് വാദിച്ചു.
മറുപടി പറയാൻ യു.പി സർക്കാർ അഭിഭാഷകന് കഴിയുന്നതിന് മുെമ്പ അപേക്ഷ കോടതി തള്ളിക്കളഞ്ഞു.
പത്ത് മാസമായ കേസിൽ നാല് മാസമായിട്ടും കുറ്റപത്രത്തിെൻറ പകർപ്പ് ഇതുവരെ സിദ്ദീഖ് കാപ്പന് നൽകാത്തത് നിയമവാഴ്ചയോടുള്ള ക്രൂരതയാണെന്നും അതിനാൽ സിദ്ദീഖ് സ്വമേധയാ ജാമ്യത്തിനർഹനാണെന്നും അഭിഭാഷകൻ വാദിച്ചു. ഇക്കാര്യത്തിൽ യു.പി സർക്കാറിെൻറ മറുപടി തേടിയിട്ടുണ്ടെന്നായിരുന്നു ജഡ്ജിയുടെ പ്രതികരണം.
സിദ്ദീഖ് കാപ്പെൻറ ജീവൻ അപകടത്തിലാണെന്നും ജയിലിൽ ശാരീരകവും മാനസികവുമായ പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ടെന്നും അതിനാൽ ചികിൽസക്കും കൗൺസിലിങ്ങിനും അടക്കമുള്ളവക്കായിഎയിംസിൽ പ്രവേശിപ്പിക്കണമെന്നും അഭിഭാഷകൻ ബോധിപ്പിച്ചു. ഇതേക്കുറിച്ച് അഡീഷണല്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അനില്‍കുമാര്‍ പാണ്ഡെ മഥുര ജയിലധികൃതരുടെ റിപ്പോർട്ട് തേടി കേസ് ഓഗസ്റ്റ് 23ന് വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.