ആദിവാസി ഭൂമി തിരിച്ച് നൽകണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അട്ടപ്പാടിയിൽനിന്ന് പരാതി
text_fieldsകോഴിക്കോട് : അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ച് പിടിച്ചു നൽകണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അട്ടപ്പാടിയിൽനിന്ന് പരാതി. അട്ടപ്പാടി അഗളി ഭൂതിവഴി ഊരിലെ രാംരാജാണ് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി അയച്ചത്. സുപ്രീം കോടതിയുടെ വിധിവന്ന് ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും അട്ടാപ്പാടിയിലെ ആദിവാസി കുടുംബത്തിന് നീതി നിഷേധിക്കുകയാണെന്ന് രാംരാജ് മാധ്യമം ഓൺ ലൈനിനോട് പറഞ്ഞു.
ആദിവാസിയായ രാംരാജിെൻറ മുത്തശ്ശി പൊന്നിയുടെ പേരിലുണ്ടായിരുന്ന ഭൂമിയാണ് അന്യാധീനപ്പെട്ടത്. ടി.എൽ.എ കേസിൽ ഭൂമി കൈവശം വെച്ചിരിക്കുന്നവരിൽനിന്ന് തിരിച്ചു പിടിച്ചു ഭൂമിയുടെ അവകാശികളായ ആദിവാസികൾക്ക് നൽകണമെന്ന് ഒറ്റപ്പാലം മുൻ സബ് കലക്ടർ എസ്. സുബ്ബയ്യൻ ഉത്തരവിട്ടിരുന്നു. തുടർന്ന് ഭൂമി കൈവശം വെച്ചിരിക്കുന്നവർ അപ്പീൽ നൽകി. പാലക്കാട് മുൻ കലക്ടർ ജിജി തോംസൻ ആദിവാസികൾക്ക് അനുകൂലമായി ഉത്തരവ് നൽകി.
എന്നാൽ, ഭൂമി തിരിച്ചു നൽകാൻ കൈവശപ്പെടുത്തിയവർ തയാറായില്ല. സുപ്രീംകോടതിവരെ അവർ അപ്പീൽ നൽകി. 2011ആഗസ്റ്റ് 30ന് സുപ്രീം കോടതി അപ്പീൽ തള്ളി. അട്ടപ്പാടിയിൽ രാംരാജിന്റെ മുത്തശ്ശി പൊന്നിയുടെ ഭൂമി കൈയേറിയ രാജലക്ഷമിയും സംസ്ഥാന സർക്കാരും തമ്മിലായിരുന്നു കേസ്. ഉത്തരവിന്റെ പകർപ്പ് ലഭിച്ചിട്ടും റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചില്ല.
അതിനാലാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കും ലാൻഡ് റവന്യൂ കമീഷണർക്കും പരാതി അയച്ചതെന്ന് രാംരാജ് പറഞ്ഞു. അഗളി ടൗണിനടുത്ത് അഗളി- ആനക്കട്ടി റോഡിന് സമീപത്തെ ഭൂമിയാണ് നഷ്ടപ്പെട്ടത്. കോടതി ഉത്തരവിന്റെ പകർപ്പും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ചിരിക്കയാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.