ജനാധിപത്യ കേരളം 13 ന് അട്ടപ്പാടിയിലേക്ക്
text_fieldsകോഴിക്കോട് : അട്ടപ്പാടിയിലെ ആദിവാസി ഭൂമി യിലെ കൈയേറ്റം നേരിൽ കണ്ടു മനസിലാക്കാൻ ദലിത്, ആദിവാസി, പൗരാവകാശ സംഘടന പ്രവർത്തകരുടെ കൂട്ടായ്മ 13 ന് അട്ടപ്പാടിയിൽ എത്തുമെന്ന് ഗോത്രമഹാസഭ നേതാവ് എം.ഗീതാനന്ദൻ.' ജനാധിപത്യ കേരളം അട്ടപ്പാടിയിലേക്ക്' എന്ന പേരിൽ നടത്തുന്ന അന്വേഷ്വണത്തിന് കെ.കെ രമ എം.എൽ.എ നേതൃത്വം നൽകും. ആദിവാസി ഭൂമി കൈയേറ്റം സംബന്ധിച്ച് "മാധ്യമം ഓൺലൈൻ" വാർത്തയെ തുടർന്നാണ് അട്ടപ്പാടിയിൽ സന്ദർശനം നടത്തുന്നത്.
ആദിവാസികളെ വംശീയമായി തുടച്ചു നീക്കുന്നതിനുള്ള ഭൂമി കൈയേറ്റം അവസാനിപ്പിക്കണമെന്നും മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും റവന്യു - രജിസ്ട്രേഷൻ - പൊലിസ് - പട്ടികവർഗ ഉദ്യോഗസ്ഥരുടെയും സഹായത്തോടെ നടക്കുന്ന ആദിവാസി കൈയേറ്റം സർക്കാർ തടയണമെന്നും ആവശ്യപ്പെട്ടാണ് അട്ടപ്പാടിയിൽ സംഘം അന്വേഷണം നടത്തുന്നത്. ആദിവാസികൾക്ക് കഴിഞ്ഞ ഒന്നര പതിറ്റാണ്ട് വിതരണം ചെയ്ത പട്ടയ ഭൂമികളുടെ നിജസ്ഥിതിയെന്താണെന്നും സംഘം അന്വേഷിക്കുമെന്ന് എം.ഗീതാനന്ദനും സി.എസ് മുരളിയും മാധ്യമം ഓൺ ലൈനോട് പറഞ്ഞു.
ഭൂരേഖകളിൽ തിരുത്തലുകൾ വരുത്തി, ഇല്ലാത്ത ഭൂമിക്ക് വ്യാജരേഖകളും ആധാരങ്ങളും ഉണ്ടാക്കി നൂറുകണക്കിന് ഏക്കർ ആദിവാസി ഭൂമി കൈയേറിയന്നാണ് ആദിവാസികളുടെ ആരോപണം. കാറ്റാടി കമ്പനിയുടെ ഭൂമി കൈയേറ്റ കാലത്ത് കോട്ടതറ വില്ലേജിലെ സർവേ നമ്പർ 1275 ലെ ഭൂമി ആദിവാസികളുടെയും വനഭൂമിയും ആയിരുന്നുവെന്ന് ഐ.ടി.ഡി.പി റിപ്പോർട്ട് നൽകിയിരുന്നു. കാറ്റാടി കമ്പനി ഈ ഭൂമിക്ക് മേൽ വ്യാജ ആധാരങ്ങൾ ഉണ്ടാക്കിയെന്നും അന്വേഷണത്തിൽ കണ്ടെത്തി. ആദിവാസി ഭൂമി കൈയേറ്റം സംബന്ധിച്ച് ചീഫ് സെക്രട്ടറി വരെ റിപ്പോർട്ട് സമർപ്പിച്ചുവെങ്കിലും റവന്യൂ വകുപ്പ് തുടർ നടപടി സ്വീകരിച്ചില്ല. ഇത് സംബന്ധിച്ച കേസ് ഇപ്പോഴും ഹൈക്കോടതിയിലാണ്. എന്നാൽ, ഈ സർവേ നമ്പരിൽ ഭൂമി പലരും കൈയടക്കി എന്നാണ് ആദിവാസികളുടെ ആക്ഷേപം.
അതുപോലെ 1819 സർവേ നമ്പറിലെ ഭൂമി റവന്യൂ വകുപ്പ് ആദിവാസികൾക്ക് പട്ടയം നൽകിയതാണ്. ഇവിടെയും വൻതോതിൽ കൈമാറ്റം നടന്നുവെന്ന് ആദിവാസികൾ ആരോപിക്കുന്നു. പട്ടയം നൽകിയെങ്കിലും ഭൂമി അളന്നുതിരിച്ച് ആദിവാസികൾക്ക് നൽകിയിരുന്നില്ല. ഈ ഭൂമിക്ക് ഇപ്പോൾ വ്യാജരേഖ ഉണ്ടാക്കി വ്യാപകമായ തട്ടിപ്പ് നടന്നുവെന്ന് ചൂണ്ടിക്കാട്ടി സുകുമാരൻ അട്ടപ്പാടി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. റവന്യൂ ഉദ്യോഗസ്ഥരും കൈയേറ്റക്കാരും ചേർന്ന് നടത്തുന്ന തട്ടിപ്പിന്റെ നിജസ്ഥിതി അറിയാനാണ് കെ കെ രമ എം.എൽ.എയുടെ നേതൃത്വത്തിൽ അട്ടപ്പാടിയിൽ സന്ദർശനം നടത്തുന്നത്.
മധ്യമം വാർത്തയെ തുടർന്ന് കഴിഞ്ഞ വർഷം നഞ്ചിയമ്മയുടെ വീട്ടിലും ചീരക്കിടവിലെ ആദിവാസി ഊരിലും കെ.കെ സന്ദർശനം നടത്തിയിരുന്നു. അതിനുശേഷമാണ് നഞ്ചിയമ്മയുടെ കുടുംബഭൂമി സംബന്ധിച്ച് നിയമസഭയിൽ സബ് മിഷൻ അവതരിപ്പിച്ചത്. അട്ടപ്പാടിയിലെ ആദിവാസികളുടെ പരാതികളിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി കെ. രാജൻ നിയമസഭയിൽ മറുപടി നൽകി. അന്വേഷണത്തിന് അസിസ്റ്റന്റ് ലാൻഡ് റവന്യൂ കമീഷണർക്ക് ചുനതല നൽകി. അന്വേഷണം ഇപ്പോഴും പാതി വഴിയിലാണ്.
13ന് രാവിലെ അട്ടപ്പാടി ആനക്കെട്ടിയിൽനിന്ന് അദ്വാപ്പെട്ടിയിലേക്കാണ് സംഘം പോകുന്നതെന്ന് വട്ടലക്കി ഊരിലെ ടി.ആർ ചന്ദ്രൻ പറഞ്ഞു. പട്ടയം ലഭിച്ചിട്ടും ഭൂമി ലഭിക്കാത്ത അട്ടപ്പാടിയിലെ ആദിവാസികൾ കെ.കെ രമയെ നേരിൽ കണ്ട് പരാതി നൽകും. 1999 ൽ കെ.ഇ ഇസ്മയിൽ നൻകിയ പട്ടയം ഏപ്പോഴും കടലാസ് മാത്രമായി കൈവശമുണ്ടെന്ന് ടി.ആർ ചന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.