പാർട്ടിയല്ല, ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള സാമൂഹിക കൂട്ടായ്മയെന്ന് അൻവർ
text_fieldsമലപ്പുറം: ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ) രാഷ്ട്രീയ പാർട്ടിയല്ലെന്നും സാമൂഹിക കൂട്ടായ്മയാണെന്നും പി.വി. അൻവർ എം.എൽ.എ. ഇന്ന് മഞ്ചേരിയിൽ നടക്കുന്നത് രാഷ്ട്രീയ പാർട്ടി പ്രഖ്യാപനമല്ല. നിലപാട് പ്രഖ്യാപനമാണെന്നും അൻവർ പറഞ്ഞു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മഞ്ചേരിയിലെ ബൈപ്പാസ് റോഡിന് സമീപം ജസീല ജങ്ഷനിലാണ് അൻവർ സംഘടിപ്പിക്കുന്ന പൊതുസമ്മേളനം.
പുതിയ രാഷ്ട്രീയ പാർട്ടിയെ പ്രഖ്യാപിച്ചാൽ അത് അയോഗ്യത ഭീഷണിക്കിടയാക്കുമെന്നതിനാലാണ് സാമൂഹിക കൂട്ടായ്മയെന്ന നിലയിൽ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരളയെ വിശേഷിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ. സ്വതന്ത്രനായി മത്സരിച്ച് ജയിച്ചയാൾ തെരഞ്ഞെടുപ്പിന് ശേഷം ഏതെങ്കിലും പാര്‍ട്ടിയില്‍ ചേർന്നാൽ അയാള്‍ക്ക് സഭാംഗമായി തുടരാനുള്ള യോഗ്യത നഷ്ടപ്പെടും. അപ്പോൾ സ്വാഭാവികമായും പുതിയ പാര്‍ട്ടി രൂപീകരിച്ചാൽ അന്‍വര്‍ അയോഗ്യനാക്കപ്പെടും. ഇത് മറികടക്കാനുള്ള ശ്രമങ്ങളാണ് അൻവർ നടത്തുന്നതെന്നാണ് വിലയിരുത്തലുകൾ.
അതേസമയം, ഇന്നും അൻവർ സി.പി.എമ്മിനെതിരായ രൂക്ഷ വിമർശനം തുടർന്നു. കെട്ടിവെച്ച കാശ് പോലും കിട്ടാത്ത രീതിയിലേക്ക് വരുന്ന തെരഞ്ഞെടുപ്പിൽ കേരളത്തിലെ സി.പി.എം സ്ഥാനാർഥികൾ പോകും. പശ്ചിമബംഗാളിനേക്കാളും മോശമായ സ്ഥിതിയിലേക്ക് കേരളത്തിലെ സി.പി.എം എത്തും. ചെന്നൈയിൽ പോയത് രാഷ്ട്രീയനീക്കത്തിന്റെ ഭാഗമായാണ്. സഹകരിക്കാൻ കഴിയുന്നവരുമായെല്ലാം സഹകരിക്കുമെന്നും പി.വി. അൻവർ പറഞ്ഞു.
ഡി.എം.കെ മതേതരത്വത്തിന്റെ മുഖമാണ്. ഇന്ന് ഡി.എം.കെ നിരീക്ഷകരും പാർട്ടി പ്രഖ്യാപന സമ്മേളന വേദിയിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാനായിട്ടില്ല. എ.ഡി.ജി.പിയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. കസേരകളിക്ക് നിർത്തേണ്ട ആളല്ല എ.ഡി.ജി.പി. പി. ശശിക്കെതിരായ ആരോപണങ്ങൾ സഖാക്കൾ പരിശോധിക്കട്ടെയെന്നും പി.വി. അൻവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.