ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല കടയടപ്പ് സമരം
text_fieldsകോഴിക്കോട്: നോട്ട് പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച മുതല്‍ സംസ്ഥാന വ്യാപകമായി കടകള്‍ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി. 500, 1000 രൂപ നോട്ടുകള്‍ റദ്ദാക്കിയപ്പോള്‍ അതിനു പകരമായി പുതിയ സംവിധാനം ഏര്‍പ്പെടുത്തുകയോ ചെറിയ നോട്ടുകള്‍ ഇഷ്ടാനുസരണം ലഭിക്കുകയോ ചെയ്യാത്ത നടപടിയില്‍ പ്രതിഷേധിച്ചാണ് കടമുടക്കമെന്നും സംസ്ഥാന പ്രസിഡന്‍റ് ടി. നസിറുദ്ദീന്‍, ജനറല്‍ സെക്രടറി ജോബി വി. ചുങ്കത്ത് എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ആഴ്ചയിലൊരിക്കല്‍ അങ്ങാടിയില്‍ വന്ന് മൊത്തവ്യാപാരിയില്‍നിന്ന് ചരക്കുകള്‍ വാങ്ങി കച്ചവടം ചെയ്യുന്ന വ്യാപാരികള്‍ക്ക് പഴയ നോട്ട് ഉപഭോക്താവില്‍നിന്ന് വാങ്ങാനാവുന്നില്ല. പുതിയത് കിട്ടാനുമില്ല. അതുകൊണ്ട് കച്ചവടസ്ഥാപനങ്ങള്‍ അടച്ചിടേണ്ട അവസ്ഥയാണ്. നവംബറില്‍ അഡ്വാന്‍സ് ടാക്സ് അടച്ച് സാധനങ്ങള്‍ കൊണ്ടുവരാന്‍ ബാങ്കുകള്‍ പണം സ്വീകരിക്കുന്നില്ല. പല ലൈസന്‍സ് ഫീസുകളും നവംബര്‍ 15നാണ് അടയ്ക്കേണ്ടത്. പണമില്ലാത്തതുകൊണ്ടും കച്ചവടമാന്ദ്യം കൊണ്ടും അടയ്ക്കുവാന്‍ സാധിക്കുകയില്ല. അതിനാല്‍ ടാക്സ്, ലൈസന്‍സ് ഫീസുകള്‍ എടുക്കുന്നതിന് പഴയനില പുന$സ്ഥാപിക്കണം. ഈ സ്ഥിതി ഒഴിവാക്കാന്‍ സത്വര നടപടി എടുക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളോട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചതായും അവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.