നോട്ട് അസാധുവാക്കല്‍: ടൂറിസം, വ്യാപാരമേഖലക്ക് കനത്ത തിരിച്ചടി
text_fieldsതിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ മുപ്പതാം ദിനത്തിലേക്ക് കടക്കവെ സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലക്കും കനത്ത തിരിച്ചടി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 25 മുതല്‍ 30 ശതമാനം വരെ കുറവാണ് മേഖലയിലുണ്ടായത്. വിദേശ സഞ്ചാരികളെ അപേക്ഷിച്ച് ആഭ്യന്തര സഞ്ചാരികളാണ് കുത്തനെ കുറഞ്ഞത്. സീസണില്‍തന്നെ തിരിച്ചടിയുണ്ടായത് വരും മാസങ്ങളെയും പ്രതികൂലമായി ബാധിക്കും. ടൂറിസം സീസണില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളത്തെുന്നത് നവംബര്‍ മുതല്‍ ഫെബ്രുവരിവരെയുള്ള നാലുമാസങ്ങളിലാണ്. നിര്‍ണായകമായ ഈ സമയത്താണ് പ്രതിസന്ധിയും. വരവ് കുറഞ്ഞു എന്നതിനൊപ്പം പുതിയ ബുക്കിങ്ങും നടക്കുന്നില്ല.
പ്രശ്നം രൂക്ഷമായി തുടരുന്നതിനാല്‍ വിനോദസഞ്ചാരികള്‍ യാത്രമാറ്റിവെക്കുകയോ, ബുക്ക് ചെയ്തിരുന്നവ റദ്ദാക്കുകയോ ആണെന്ന് ടൂറിസം സെക്രട്ടറി ഡോ. വി. വേണു ‘മാധ്യമ’ത്തോട് പറഞ്ഞു. മാസങ്ങള്‍ക്കുമുമ്പ് ബുക്ക് ചെയ്തവരെല്ലാം യാത്ര ദുസ്സഹമാകുമെന്ന് മനസ്സിലാക്കി പിന്മാറുകയാണെന്ന് ടൂര്‍ ഓപറേറ്റര്‍മാരും പറയുന്നു. ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞതോടെ സര്‍ക്കാറിന്‍െറ വരുമാനത്തില്‍ ഇടിവ് വന്നിട്ടുണ്ട്. ഇതോടൊപ്പം ഇവിടങ്ങളെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവരും പ്രതിസന്ധിയിലാണ്. 2002 മുതലുള്ള കണക്കനുസരിച്ച് ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ധന പ്രകടമായിരുന്നു. ഇത് ഒറ്റയടിക്ക് താഴ്ന്നിരിക്കുകയാണ്.
നോട്ട് വിനിമയത്തിന് മാര്‍ഗങ്ങളില്ലാതായതോടെ ഇനിയും തങ്ങിയാല്‍ കുടുങ്ങുമെന്ന ധാരണയില്‍ വന്നവരും വേഗം മടങ്ങി. വിമാനത്താവളത്തിലെ വിദേശ നാണയ വിനിമയ കൗണ്ടറുകളില്‍ നോട്ട് മാറിയെടുക്കാന്‍ വിനോദസഞ്ചാരികളുടെ നീണ്ടനിരതന്നെ കണ്ടിരുന്നു. എന്നാല്‍, പിന്നീട് ഈ അവസ്ഥക്ക് മാറ്റം വന്നു.
വ്യാപാരമേഖലക്ക് കനത്ത തിരിച്ചടി
കൊച്ചി: നോട്ട് അസാധുവാക്കല്‍ വ്യാപാരമേഖലയില്‍ അനുഭവപ്പെട്ടത് പായുന്ന കുതിരയെ പിടിച്ചുകെട്ടിയപോലെയെന്ന് കേരള ചേംബര്‍ ഓഫ് കോമേഴ്സ്. കേരളത്തിലെ വാണിജ്യ, വ്യവസായ മേഖലയുടെ അവസ്ഥ കഴിഞ്ഞ ഒരു മാസമായി അതീവ ദയനീയമാണെന്ന് കേരള ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി വൈസ് പ്രസിഡന്‍റ് ആന്‍റണി കൊട്ടാരം ‘മാധ്യമ’ത്തോട് വിശദീകരിച്ചു. വാണിജ്യ, വ്യവസായ മേഖലയുടെ വേഗമേറിയ സഞ്ചാരത്തെ തടഞ്ഞുവെക്കുന്ന നടപടിയാണ് അപ്രതീക്ഷിത നോട്ട് റദ്ദാക്കലിന്‍െറ പേരില്‍ കേന്ദ്ര സര്‍ക്കാറില്‍നിന്നുണ്ടായത്. നോട്ട് നിരോധനത്തിന് മുമ്പുണ്ടായിരുന്ന അവസ്ഥയില്‍നിന്ന് 40 മുതല്‍ 50 വരെ ശതമാനം ഇടപാടുകളാണ് ഇല്ലാതായത്.
പായുന്ന കുതിരയെ പെട്ടെന്ന് പിടിച്ചുകെട്ടുന്നതുപോലെയായിപ്പോയി കേന്ദ്ര സര്‍ക്കാറിന്‍െറ നടപടി. ഓട്ടം നിര്‍ത്തിയ കുതിര എത്ര നാള്‍കൊണ്ട് പഴയ വേഗത്തിലേക്ക് എത്തുമെന്ന് പറയാനാകില്ല. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുന്ന കാര്യത്തില്‍ പാളിച്ചയുണ്ടായി. അതേസമയം, അമിത സ്വത്ത് സമ്പാദിച്ചവരെന്ന് സര്‍ക്കാര്‍ കണ്ടത്തെുകയും ലക്ഷ്യമിടുകയും ചെയ്തവര്‍ക്ക് സര്‍ക്കാര്‍ നടപടികളൊന്നും തടസ്സമായില്ല. അവശ്യസാധനങ്ങള്‍പോലും കടകളില്‍നിന്ന് വാങ്ങാന്‍ പറ്റാത്ത അവസ്ഥ. ഇത് ചെറുകിട വ്യാപാരികളെ അതിഭീകരമായാണ് ബാധിക്കുന്നത്്.
ഗതാഗതം, ടെക്സ്റ്റൈല്‍, ഫാം മേഖലകള്‍ തകര്‍ച്ചയില്‍
നോട്ടുപ്രതിസന്ധി ഒരുമാസം പിന്നിടുമ്പോള്‍ ടെക്സ്റ്റൈല്‍, ഫാം, സ്വകാര്യബസ്, കൂലിത്തൊഴില്‍ മേഖലകള്‍ തകര്‍ച്ചയിലേക്ക്. യാത്രാ മേഖലയിലെ നഷ്ടം 30 ശതമാനത്തില്‍നിന്ന് 40 ശതമാനമായി കൂടിയതായും ടെക്സ്റ്റൈല്‍ മേഖലയില്‍ 30 ശതമാനത്തോളം കച്ചവടമുണ്ടായിരുന്നത് 20 ശതമാനമായതായും ഈ രംഗത്തുള്ളവര്‍ പറയുന്നു. കോഴിക്കോടിന്‍െറ വ്യാപാര കേന്ദ്രങ്ങളായ വലിയങ്ങാടി, മിഠായിത്തെരുവ്, പാളയം പച്ചക്കറി മാര്‍ക്കറ്റ്, കൊപ്രബസാര്‍ എന്നിവിടങ്ങളെയെല്ലാം നോട്ട് പ്രതിസന്ധി ഉലച്ചു. വലിയങ്ങാടിയില്‍ മൊത്തം കച്ചവടത്തില്‍ പകുതിയോളം കുറവുണ്ടായതായി വലിയങ്ങാടി വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടി ജോസഫ് വലപ്പാട് പറഞ്ഞു. പ്രതിദിനം 150ഓളം ലോഡ് ലോറികള്‍ വന്നിരുന്നത് 50 എണ്ണമായി.
ക്രിസ്മസ്, പുതുവര്‍ഷ സീസണിന് വസ്ത്രങ്ങളെടുക്കാന്‍ കഴിയാത്തതിനാല്‍ ടെക്സ്റ്റൈല്‍ മേഖലയില്‍ പ്രതിസന്ധി രൂക്ഷമാവും. ജനുവരി ഒന്നോടെ ജില്ലയിലെ മൂന്നിലൊന്ന് ബസുകള്‍ നിര്‍ത്തിയിടേണ്ടിവരുമെന്ന് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ ജില്ല പ്രസിഡന്‍റ് എം.കെ. സുരേഷ് ബാബു പറഞ്ഞു. നികുതിയടക്കാനുള്ള തീയതി നീട്ടിനല്‍കിയത് മാത്രമാണ് കച്ചവടക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി. നസിറുദ്ദീന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.