പട്ടികജാതി വികസന വകുപ്പിലെ തരംതാഴ്ത്തൽ: നിയമ നടപടിയുമായി ജീവനക്കാർ
text_fieldsകൊച്ചി: പട്ടികജാതി വികസന വകുപ്പിൽ വിവിധ വിഭാഗങ്ങളിലെ ജീവനക്കാരെ കൂട്ടത്തോടെ തരം താഴ്ത്തിയതിനെതിരെ ജീവനക്കാർ നിയമനടപടി ആരംഭിച്ചു. ഉദ്യോഗസ്ഥർ നൽകിയ ഹരജി ഈ മാസം 15 ന് കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ പരിഗണിക്കും.
പട്ടികജാതി വികസന ഓഫിസർ ഗ്രേഡ്-2ൽ നിന്നും സീനിയർ ക്ലർക്കുമാരായി തരംതാഴ്ത്തിയ 22 ഉദ്യോഗസ്ഥരാണ് ഹരജിക്കാർ. ഇവരോടൊപ്പം സീനിയർ ക്ലർക്ക് തസ്തികയിൽനിന്നും ക്ലർക്കുമാരായ രണ്ട് പേരും ചേർന്നിട്ടുണ്ട്.
തരംതാഴ്ത്തലിനുള്ള സർക്കാർ നീക്കം പുറത്തായതിനെ തുടർന്ന് ഏപ്രിൽ അഞ്ചിന് ജീവനക്കാർ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. എന്നാൽ, കോടതി വിശദീകരണം ചോദിച്ചപ്പോൾ അങ്ങനെ ഒരു നീക്കമില്ലെന്നായിരുന്നു സർക്കാർ അഭിഭാഷകന്റെ മറുപടി. ഇതോടെ സർക്കാർ തീരുമാനം ഔദ്യോഗികമായി വരാതെ ഇടപെടാൻ കഴിയില്ലെന്ന് പറഞ്ഞ് കോടതി ഹരജി മടക്കി.
ഇതിന്ശേഷമാണ് സ്ഥാനക്കയറ്റം വഴി നിയമനം ലഭിച്ച 22 പട്ടികജാതി വികസന ഓഫിസർ ഗ്രേഡ്-2 മാരേയും നാല് സീനിയർ ക്ലർക്കുമാരെയും തരംതാഴ്ത്തി ഏപ്രിൽ 26 ന് സർക്കാർ ഉത്തരവിറക്കിയത്.
പിന്നാലെ 20 സീനിയർ ക്ലർക്കുമാരെ ക്ലർക്കുമാരാക്കിയും ഉത്തരവിറക്കി. ഇതോടെയാണ് ജീവനക്കാർ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. പി.എസ്.സി വഴി പട്ടികജാതി വികസന ഓഫിസർ ഗ്രേഡ്-2 തസ്തികയിൽ നിയമനം ലഭിച്ചവരെ നിയമിക്കാൻ തസ്തികകൾ ഇല്ലാതായതോടെയാണ് സ്ഥാനക്കയറ്റം വഴി ഇതേ തസ്തികയിൽ ജോലി ചെയ്യുന്നവരെ തരംതാഴ്ത്താൻ വകുപ്പ് തീരുമാനിച്ചത്.
ഇതോടെ വകുപ്പിലെ മുഴുവൻ തസ്തികകളിലും തരംതാഴ്ത്തൽ നടപ്പാകുകയായിരുന്നു. എന്നാൽ, ജീവനക്കാരെ തരംതാഴ്ത്തരുതെന്ന ട്രൈബ്യൂണൽ ഉത്തരവ് നിലനിൽക്കെയാണ് ഇതിന് വിരുദ്ധമായ സർക്കാർ ഉത്തരവെന്നാണ് ജീവനക്കാരുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.