ഡെൻസിയെയും ഹാരിസിനെയും വധിച്ച കേസിൽ നേരിട്ട് പങ്കാളികളായ പ്രതികൾ ഒളിവിൽ
text_fieldsനിലമ്പൂർ: മൈസൂരുവിലെ നാട്ടുവൈദ‍്യൻ ഷാബാ ശരീഫിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുന്ന പ്രതികൾ അബൂദബിയിലെ ഇരട്ടക്കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായവരെന്ന് പൊലീസ്. ഷാബാ ശരീഫ് കൊലപാതക കേസിലെ മുഖ‍്യപ്രതിയും സൂത്രധാരനുമായ ഷൈബിൻ അഷറഫിന്‍റെ അടുത്ത ബന്ധു കൈപ്പഞ്ചേരി ഫാസിൽ, പൊരി ഷമീം എന്നിവരാണ് ഒളിവിൽ കഴിയുന്നത്. ഷൈബിന്‍റെ അബൂദബിയിലെ ബിസിനസ് പങ്കാളി കോഴിക്കോട് കുന്ദമംഗലം സ്വദേശി ഹാരിസിനെയും മാനേജർ ചാലക്കുടി സ്വദേശി ഡെൻസിയെയും കൊലപ്പെടുത്തിയ സംഘത്തിൽ ഒളിവിൽ കഴിയുന്ന ഇരുവരുമുണ്ടായിരുന്നുവെന്നാണ് അറസ്റ്റിലായ കൂട്ടുപ്രതികളുടെ മൊഴി.
വ‍്യാഴാഴ്ച ചാലക്കുടിയിലെ പള്ളിയിലെ കല്ലറയിൽനിന്നു പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയ ചാലക്കുടി പുളിക്കൽ ആന്‍റണിയുടെ ഭാര‍്യ ഡെൻസിയുടെ (38) പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഒരു മാസത്തിനകം ലഭിക്കുമെന്നാണ് കരുതുന്നത്. തൃശൂർ മെഡിക്കൽ കോളജിലെ ഫോറൻസിക് എച്ച്.ഒ.ഡി ഡോ. ഉന്മേഷിന്‍റെ മേൽനോട്ടത്തിലാണ് കെമിക്കൽ പരിശോധന നടക്കുന്നത്.
കേസിൽ പ്രതികളായ അഞ്ചംഗ സംഘം ഒളിവിൽ കഴിയുന്നതിനിടെ ഒരു മാസം മുമ്പുതന്നെ ലുക്ക്ഔട്ട് നോട്ടീസ് പൊലീസ് പുറത്തുവിട്ടിരുന്നു. ഇതിൽ മൂന്നുപേർ എറണാകുളത്ത് പിടിയിലായി. ഫാസിലും ഷമീമും രക്ഷപ്പെടുകയായിരുന്നു.
ഷൈബിൻ അഷറഫിന്‍റെ സാമ്പത്തിക സഹായത്തോടെ സന്ദർശക വിസയിൽ അബൂദബിയിലെത്തിയ ഇവരെ വിമാനത്താവളത്തിൽനിന്ന് സ്വീകരിച്ചത് കേസിൽ പിടിക്കപ്പെട്ട ഷൈബിന്‍റെ ഡ്രൈവർ നൗഷാദാണ്. ഹാരിസിന്‍റെ മാനേജർ കുന്ദമംഗലം സ്വദേശി അൻവറിന്‍റെ വീട് ആക്രമിച്ച കേസിലും ഇവർ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. ഒളിവിൽ പാർക്കുന്ന ഇവർക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
ഷാബാ ശരീഫ് വധത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ഇവരെക്കൂടി പിടികൂടാനായാൽ കേസിലെ മറ്റു നിർണായക വിവരങ്ങളും തെളിവുകളും ലഭിക്കുമെന്നാണ് പൊലീസിന്‍റെ കണക്കുകൂട്ടൽ. കുറ്റപത്രം സമർപ്പിച്ചതിനു ശേഷമാണ് ഒളിവിൽപോയ ഷൈബിന്‍റെ ഉപദേശകനായ റിട്ട. എസ്.ഐ സുന്ദരൻ സുകുമാരൻ അറസ്റ്റിലാവുന്നത്. ഫാസിലും ഷമീമും അറസ്റ്റിലായത്തിനു ശേഷം അഡീഷനൽ കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.