വിദേശി ഡെങ്കിപ്പനി ബാധിച്ച് മരിച്ച സംഭവം; വിനോദസഞ്ചാര മേഖലക്ക് കനത്ത ആഘാതം
text_fieldsഫോർട്ട്കൊച്ചി: കൊച്ചിയിൽ വിനോദസഞ്ചാരത്തിനായി എത്തിയ വിദേശി ഡെങ്കിപ്പനി ബാധിച്ച് മരിച്ച സംഭവം വിനോദസഞ്ചാര മേഖലക്കുണ്ടാക്കുന്നത് വലിയ ആഘാതം. വിദേശ സഞ്ചാരികൾ അപകടത്തിൽപെടുന്നതും രോധബാധിതരാകുന്നതും മരണവും കൊച്ചിയിൽ ടൂറിസ്റ്റുകൾ സുരക്ഷിതരല്ലന്ന പ്രചാരണത്തിന് വഴിയൊരുക്കിയതായി ഈ രംഗത്തുള്ളവർ പറയുന്നു. അയർലൻഡ് സ്വദേശി റൈസാദ് ഹോളോവെൻകോയാണ് ഡെങ്കിപ്പനി ബാധിച്ച് ഞായറാഴ്ച മരിച്ചത്. ടൂറിസം സീസൺ ആരംഭിച്ചിരിക്കെ വിദേശി ഡെങ്കിപ്പനി ബാധിതനായി മരിച്ച സംഭവവും വിദേശി യുവാവ് കഴിഞ്ഞ ദിവസം നിർമാണത്തിലിരിക്കുന്ന കാനയിൽ വീണ് കാലൊടിഞ്ഞ സംഭവവും ഒരു മാസം മുമ്പ് വിദേശിക്ക് നായയുടെ കടിയേറ്റ സംഭവവും സഞ്ചാരികൾക്കിടയിൽ വലിയ ആശങ്കയാണ് പരത്തിയിട്ടുള്ളത്. പുതുവത്സരാഘോഷങ്ങൾ അടുത്തെത്തിയ വേളയിൽ ഇത്തരം പ്രചാരണങ്ങൾ കൊച്ചിയുടെ ടൂറിസത്തിന് വലിയ ആഘാതമുണ്ടാക്കുമെന്ന് ടൂറിസ്റ്റ് ഗൈഡുകൾ അടക്കം ചൂണ്ടിക്കാട്ടുന്നു.
മരിച്ച വിദേശി 75 വയസ്സുകാരനായിട്ടും ഡെങ്കിപ്പനിയെന്ന് റിപ്പോർട്ട് വന്നിട്ടും ചികിത്സയുടെ കാര്യത്തിൽ അധികൃതർ വേണ്ടത്ര ഗൗരവം കാണിച്ചില്ലെന്ന് ആക്ഷേപമുണ്ട്. നേരത്തെ വിദേശി കാനയിൽ വീണ് കാലൊടിഞ്ഞ സംഭവവും ആശുപത്രി അധികൃതർ ലാഘവത്തോടെ കൈകാര്യം ചെയ്തത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഫോർട്ടുകൊച്ചി താലൂക്ക് ആശുപത്രിയിൽ എത്തിച്ച യുവാവിനെ ആദ്യം എറണാകുളം ജനറൽ ആശുപത്രിയിലേക്കും അവിടെനിന്ന് കളമശ്ശേരി മെഡിക്കൽ കോളജിലേക്കും അവിടെനിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്കും മടക്കിയിരുന്നു. അവസാനം കോട്ടയത്തേക്ക് കൊണ്ടുപോകാതെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയനായക്കുകയായിരുന്നു. ആശുപത്രികളിൽനിന്ന് ആശുപത്രികളിലേക്കുള്ള മടക്കൽ തുടർന്നതോടെ മൂന്ന് മണിക്കൂറാണ് ഈ യുവാവ് വേദന കൊണ്ട് പുളഞ്ഞത്. അതിഥികളായെത്തുന്ന വിദേശ സഞ്ചാരികളോട് പോലും സർക്കാർ ആതുരാലയങ്ങളിൽ കരുണ കാണിക്കുന്നില്ലെന്നതിന്റെ തെളിവുകളാണ് ഇവയെന്ന് ടൂറിസം രംഗത്ത് പ്രവർത്തിക്കുന്നവർ ആരോപിക്കുന്നു.
കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് നേരത്തേയും മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും ഒരു വിദേശി മരിക്കുന്നത് ഇത് ആദ്യമായാണ്. കൊച്ചിയിലെത്തുന്ന വിദേശ സഞ്ചാരികൾ കൊതുക് കടി പ്രതിരോധിക്കാനുള്ള മുൻകരുതലോടെയാണ് വരുന്നതെന്ന് ഹോം സ്റ്റേ ഉടമകൾ പറയുന്നു. കാര്യമായ കൊതുകു നിർമാർജന പ്രവർത്തനങ്ങൾ നഗരസഭയുടെ ഭാഗത്ത്നിന്ന് ഉണ്ടാകുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദേശ സഞ്ചാരികൾ എത്തുന്ന കൊച്ചിയിൽ കൊതുകുശല്യം, നായ ശല്യം, റോഡിലെ കുഴികൾ എന്നിവക്കുള്ള പരിഹാരമാർഗങ്ങൾ നഗരസഭ സ്വീകരിക്കണമെന്ന് ഈ രംഗത്തുള്ളവർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.