ഡെങ്കിപ്പനി മരണം; കേരളം ഒന്നാം സ്ഥാനത്ത്
text_fieldsതിരുവനന്തപുരം: പൊതുജനാരോഗ്യരംഗത്ത് ‘കേരള മോഡൽ’ കൊട്ടിഗ്ഘോഷിക്കുമ്പോഴും രാജ്യത്ത് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി മരണങ്ങൾ റിപ്പോർട്ട് ചെയ്തത് കേരളത്തിൽ. മാത്രമല്ല, ഈവർഷം കഴിഞ്ഞ ഒന്നരമാസത്തിനിടെ നാല് ഡെങ്കി മരണങ്ങളും റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്കുൾ വ്യക്തമാക്കുന്നു.
2019 മുതൽ 2024 വരെയുള്ള നാഷനൽ സെന്റർ ഫോർ വെക്ടർബോൺ ഡിസീസസ് കൺട്രോളിന്റെ വാർഷിക റിപ്പോർട്ടിലാണ് ആശങ്കപ്പെടുത്തുന്ന ഈ കണക്കുകൾ. കോവിഡ് മരണങ്ങളുടെ കാര്യത്തിലും ഇതുതന്നെയായിരുന്നു കേരളത്തിന്റെ സ്ഥിതി. 2016, 2017, 2018 കാലഘട്ടത്തിലാണ് ഏറ്റവുമധികം ഡെങ്കി കേരളത്തിൽ റിപ്പോർട്ട് ചെയ്തത്.
2016, 2017, 2018 വർഷങ്ങളിലായി 218 മരണങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്തെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. അതിനുശേഷം പ്രരോധപ്രവർത്തനങ്ങൾ ഊർജിതമായി നടത്തിയെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും ഡെങ്കിപ്പനി വ്യാപനത്തിലും മരണനിരക്കിലും കേരളം മുന്നിലേക്ക് കുതിക്കുകയാണ്.
ഞെട്ടുന്ന കണക്ക്
- 2019 മുതൽ 2024 വരെയുള്ള ആറുവർഷത്തിനിടെ, 301പേർ ഡെങ്കിപ്പനി ബാധിച്ച് കേരളത്തിൽ മരിച്ചു.
- കേന്ദ്രഭരണ പ്രദേശങ്ങളടക്കം 36 സംസ്ഥാനങ്ങളിലായി കഴിഞ്ഞ ആറുവർഷത്തിനിടെ, 11,04,198 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതിൽ 1516 മരണങ്ങളാണ് രാജ്യത്താകെ റിപ്പോർട്ട് ചെയ്തത്.
- ഇതിൽ കേരളം ഏറ്റവും മുന്നിൽ. ഈ കാലയളവിൽ കേരളത്തിൽ 52,694 പേർക്ക് രോഗം സ്ഥിരീകരിച്ചു.
- 2023ൽ 153 മരണം (സ്ഥിരീകരിച്ചത്: 17,426) . 2024 ൽ 71 മരണം (സ്ഥിരീകരിച്ചത്: 18,534)
- ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, ലക്ഷദ്വീപ്, മേഘാലയ, ത്രിപുര എന്നിവിടങ്ങളിൽ ഒറ്റ ഡങ്കി മരണവുമില്ല.
- 2024 ൽ 21സംസ്ഥാനങ്ങളിൽ ഡെങ്കിപ്പനി മരണമില്ല.
രണ്ടാമത് മഹാരാഷ്ട്ര
- കേരളം കഴിഞ്ഞാൽ തൊട്ടടുത്ത് മഹാരാഷ്ട്രയാണ് മരണനിരക്കിൽ മുന്നിൽ.
- ആറുകൊല്ലത്തിനിടെ, 189 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
- മൂന്നാം സ്ഥാനത്തുള്ള പഞ്ചാബിൽ 171 മരണം
- രാജസ്ഥാനിൽ 147 മരണം.
- ഉത്തർപ്രദേശിൽ 132 മരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.