ഡെങ്കി, വെള്ളപ്പാണ്ട്: ആരോഗ്യ ഗവേഷണങ്ങളിൽ ക്യൂബൻ സഹകരണത്തിന് ആലോചന
text_fieldsതിരുവനന്തപുരം: ആരോഗ്യരംഗത്തെ നൂതന ഗവേഷണങ്ങളിൽ ക്യൂബയുമായി സഹകരിക്കാൻ സർക്കാർ ആലോചന. ഡെങ്കിപ്പനിക്കുള്ള വാക്സിൻ വികസിപ്പിച്ചതടക്കം ക്യൂബയുടെ ആരോഗ്യനേട്ടങ്ങൾ കേരളവുമായി ബന്ധിപ്പിക്കാനാണ് ശ്രമം. ഡെങ്കിപ്പനിക്ക് ക്യൂബ കണ്ടെത്തിയ വാക്സിനിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ആരോഗ്യമന്ത്രി വീണ ജോർജ്, ധനമന്ത്രി കെ.എൻ. ബാലഗോപാൽ എന്നിവർ നടത്തിയ ക്യൂബൻ സന്ദർശനത്തിന് പിന്നാലെയാണ് സഹകരണ ആലോചനകൾക്ക് വഴിതുറക്കുന്നത്.
ഡയബറ്റിക് രോഗം വർധിച്ച് വിരലുകളും മറ്റും മുറിച്ചുമാറ്റേണ്ടി വരുന്ന രോഗാവസ്ഥയെ ചെറുക്കാനുള്ള മരുന്ന് ക്യൂബ വികസിപ്പിച്ചിട്ടുണ്ടെന്നും 85 ശതമാനം ഫലപ്രാപ്തിയുമുണ്ടെന്നും കഴിഞ്ഞ ദിവസം കെ.എൻ. ബാലഗോപാൽ വ്യക്തമാക്കിയിരുന്നു. അമേരിക്കൻ ഉപരോധമുള്ളതുകൊണ്ട് വൈദ്യ മേഖലയിലെ ഇത്തരം കണ്ടെത്തലുകൾ മറ്റിടങ്ങളിലേക്ക് എത്തിക്കാനാകുന്നില്ല. ഈ കണ്ടെത്തലുകൾ കേരളത്തിലേക്ക് വ്യാപിപ്പിക്കാനായാൽ ആരോഗ്യമേഖലക്ക് വലിയ നേട്ടമായിരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
ശ്വാസകോശ അർബുദത്തിന് വാക്സിൻ കണ്ടെത്തിയതാണ് മറ്റൊന്ന്. എട്ടിടത്ത് മരുന്ന് പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. വെള്ളപ്പാണ്ടിന് ഫലപ്രദമായ മരുന്നും ക്യൂബയിലുണ്ട്. ഓട്ടിസമടക്കമുള്ളവക്ക് ഫലപ്രദമായ ചികിത്സക്കും മരുന്നിനുമുള്ള ഗവേഷണങ്ങൾ അവിടെ നടക്കുന്നു. അന്താരാഷ്ട്ര നിലവാരത്തോടെ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും നിർമിക്കുന്നതിൽ ക്യൂബൻ ബയോടെക്നോളജിയും ഫാർമസ്യൂട്ടിക്കൽസും വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
ന്യൂറോ സയൻസിലും ബയോടെക്നോളജിയിലും വിപുലമായ ഗവേഷണങ്ങൾ നടക്കുന്ന സ്ഥാപനങ്ങൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചിരുന്നു. ആരോഗ്യ-അനുബന്ധ മേഖലകളിൽ നിക്ഷേപം സ്വാഗതം ചെയ്ത് ബയോ ക്യൂബ ഫാർമയുമായി സഹകരിച്ച് കേരളത്തിൽ വാക്സിൻ നിർമാണ കേന്ദ്രം സ്ഥാപിക്കുന്നതും പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.