വിവരം നിഷേധിക്കലും അധിക തുക ഈടാക്കലും: അഞ്ച് ഉദ്യോഗസ്ഥർക്ക് 40,000 രൂപ പിഴ
text_fieldsതിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിൽ വിവരം നിഷേധിക്കുക, വൈകിപ്പിക്കുക, തെറ്റിദ്ധരിപ്പിക്കുക, അധിക ഫീസ് വാങ്ങുക തുടങ്ങിയ കുറ്റങ്ങൾക്ക് വിവിധ വകുപ്പുകളിലെ അഞ്ച് ഉദ്യോഗസ്ഥരെ 40,000 രൂപ ശിക്ഷിച്ച് സംസ്ഥാന വിവരാവകാശ കമീഷൻ. ഒരു പൊലീസ് ഓഫിസറെ കുറ്റവിമുക്തനാക്കിയും രണ്ട് അപേക്ഷകർക്ക് പണം തിരികെ നൽകാൻ നിർദേശിച്ചും വിവരാവകാശ കമീഷണർ എ. അബ്ദുൽ ഹക്കിം ഉത്തരവായി.
കൊല്ലം പരവൂർ കൂനയിൽ ജെ. രതീഷ്‌കുമാറിന്റെ പരാതിയിൽ പരവൂർ വില്ലേജ് ഓഫിസർ ടി.എസ്. ബിജുലാൽ 5000 രൂപ, പാലക്കാട് അകത്തേത്തറ എൽ. പ്രേംകുമാറിന്റെ അപ്പീലിൽ പാലക്കാട് ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിലെ എൻ. ബിന്ദു 1000 രൂപ, കണ്ണൂർ കണ്ടകാളിയിൽ കെ.പി. ജനാർദനന്റെ ഹരജിയിൽ പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ എൻ. രാജീവ് 25,000 രൂപ, തിരുവനന്തപുരം വർക്കല ഇലകമൺ എസ്. സാനു കക്ഷിയായ കേസിൽ ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സിയിലെ ആർ.വി. സിന്ധു 5000 രൂപ, തിരുവനന്തപുരം ചെറിയകൊണ്ണി കെ. രവീന്ദ്രൻ നായർ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ സമർപ്പിച്ച അപേക്ഷയിൽ പൊതുബോധന ഓഫിസർ ഉമാശങ്കർ 4000 രൂപ എന്നിങ്ങനെയാണ് പിഴ ഒടുക്കേണ്ടത്.
കൊല്ലം ചാത്തന്നൂർ സബ് രജിസ്ട്രാർ, പാണിയിൽ കെ. സതീശനിൽനിന്ന് തെരച്ചിൽ ഫീസ്, മാര്യേജ് ആക്ട് ഫീസ് എന്നീ ഇനങ്ങളിൽ വാങ്ങിയ 380 രൂപ തിരിച്ചുനൽകാൻ കമീഷൻ നിർദേശിച്ചു. കാസർകോട് കൂഡ്ലുവിൽ എൽ. ജയശ്രീക്ക് വിവരം ലഭ്യമാക്കാൻ തഹസിൽദാർ ഫീസായി ആവശ്യപ്പെട്ട 506 രൂപ നൽകേണ്ടതില്ലെന്നും പകരം ഒമ്പത് രൂപക്ക് മുഴുവൻ വിവരങ്ങളും സാക്ഷ്യപ്പെടുത്തിയ രേഖാ പകർപ്പുകൾ ലഭ്യമാക്കണമെന്നും കമീഷണർ ഉത്തരവായി. നിയമം വിട്ട് പണം ഈടാക്കുന്ന ഉദ്യോഗസ്ഥരെ കർശനമായി ശിക്ഷിക്കുമെന്ന് കമീഷണർ ഹക്കിം പറഞ്ഞു.
വിവിധ ജില്ലകൾ സന്ദർശിച്ച് തെളിവെടുപ്പ് നടത്തിയ കമീഷണർ സെപ്റ്റംബറിൽ 337 ഹരജികളിൽ വിവരങ്ങൾ ലഭ്യമാക്കി ഫയൽ തീർപ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.