വിദ്യാഭ്യാസ വായ്പ നിഷേധിച്ചു; നഴ്സിങ് വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചു
text_fieldsകൊട്ടാരക്കര: നഴ്സിങ് വിദ്യാർഥിനി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. ബാങ്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതാണ് കാരണമെന്ന ആരോപണവുമായി ബന്ധുക്കൾ. 40 ശതമാനത്തോളം പൊള്ളലേറ്റ വിദ്യാർഥിനി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൊട്ടാരക്കര അവണൂർ സ്വദേശിയായ ബംഗളൂരുവിൽ ആദ്യവർഷ നഴ്സിങ് വിദ്യാർഥിനിയാണ് വീടിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചത്. കൊട്ടാരക്കരയിലെ കാനറ ബാങ്ക് ശാഖക്കെതിരെയാണ് ആരോപണം.
വായ്പ അനുവദിച്ചതായി ബാങ്ക് അറിയിച്ചതനുസരിച്ചാണ് കുട്ടി ബംഗളൂരുവിൽ നഴ്സിങ് പഠനത്തിന് ചേർന്നത്.
എന്നാൽ, പുതിയ മാനേജർ എത്തിയതോടെ അനുവദിച്ച ലോൺ പിടിച്ചുവെക്കുകയായിരുന്നെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. സെപ്റ്റംബർ 13ന് ആരംഭിക്കുന്ന ആദ്യ സെമസ്റ്റർ പരീക്ഷയിൽ പങ്കെടുക്കുന്നതിന് പണം അടക്കണം.
എന്നാൽ, വായ്പ ലഭിക്കാതിരുന്നതിനാൽ ഇതിനു കഴിയാതെ വന്നതോടെ കുട്ടി മനോസമ്മർദത്തിലായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. പഠനം തുടരാൻ കഴിയില്ലെന്ന ഭീതിയാണ് തീകൊളുത്താൻ പ്രേരിപ്പിച്ചതെന്ന് പെൺകുട്ടി കൊട്ടാരക്കര പൊലീസിൽ മൊഴിനൽകി. ഹോട്ടൽ തൊഴിലാളിയായ പിതാവും വിദ്യാർഥിനിയും അടങ്ങുന്ന കുടുംബം വാടകവീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്.
കൊട്ടാരക്കര നഗരസഭ ചെയർമാൻ എ. ഷാജു ബാങ്കിലെത്തി താൻ ജാമ്യം നിൽക്കാമെന്ന് അറിയിച്ചിട്ടും വായ്പ നിഷേധിച്ചതായാണ് പരാതി.
സംഭവത്തെ തുടർന്ന് ബാങ്കിന് മുന്നിൽ നഗരസഭ ചെയർമാന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. ബാങ്കിലെ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എ. ഷാജു ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.