കെ- സ്മാർട്ട് സജ്ജമെന്ന് വകുപ്പ്; സാങ്കേതിക തടസ്സങ്ങളിൽ കുഴഞ്ഞ് അപേക്ഷകളിലെ തീർപ്പ്
text_fieldsതിരുവനന്തപുരം: തദ്ദേശവകുപ്പ് പുറത്തിറക്കിയ കെ-സ്മാർട്ട് ആപ് പൂർണസജ്ജമെന്ന് അവകാശപ്പെടുമ്പോഴും അപേക്ഷകളിന്മേലുള്ള തീർപ്പ് കൽപിക്കൽ കുഴഞ്ഞുമറിയുന്നു. പഞ്ചായത്തുകൾ ഒഴികെ ആറ് കോർപറേഷനുകളിലെയും 87 നഗരസഭകളിലെയും വിവരങ്ങൾ ഡിജിറ്റലായി ചേർത്തതിലുള്ള പോരായ്മകളാണ് പ്രധാന പ്രതിസന്ധി. ഇതു കാരണം കെട്ടിടനിർമാണ അപേക്ഷകളിലടക്കം വലിയകാലതാമസം ഉണ്ടാകുന്നു. വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴചുമത്തലും സ്ഥാപനങ്ങൾക്കുള്ള ലൈസൻസ് പുതുക്കലും മുടങ്ങിയിരിക്കുകയാണ്.
തിരുവനന്തപുരം കോർപറേഷൻ മെയിൻ ഓഫിസിൽ ഒരു ഉദ്യോഗസ്ഥൻ പരിശോധിച്ച അപേക്ഷ അവിടെതന്നെ മറ്റൊരു ഉദ്യോഗസ്ഥന് ആപ് വഴി കൈമാറിയാൽ കിട്ടുന്നത് മറ്റൊരു സോണൽ ഓഫിസിലാണ്. ജീവനക്കാരുടെ മാപ്പിങ് നടത്തിയതിലെ പിഴവും ഡേറ്റ പോർട്ടിങ്ങിൽ സംഭവിച്ച സാങ്കേതിക പ്രശ്നങ്ങളുമാണ് അപാകതകൾക്ക് കാരണം. മറ്റു തദ്ദേശസ്ഥാപനങ്ങളിലും പലവവിധ സാങ്കേതിക തകരാറുകൾ ഉദ്യോഗസ്ഥരെ അലട്ടുന്നു. കൃത്യമായ ട്രയൽ ഉദ്യോഗസ്ഥതലത്തിൽ നടക്കാത്തതാണ് പ്രധാന പ്രതിസന്ധി.
ഓൺലൈൻ പരിശീലനം ഇൻഫർമേഷൻ കേരള മിഷന്റെയും സാങ്കേതിക വിദഗ്ധരുടെയും നേതൃത്വത്തിൽ നടന്നിരുന്നെങ്കിലും ഇത് തൃപ്തികരമല്ലെന്നാണ് ജീവനക്കാരുടെ വാദം. വസ്തുനികുതി അടയ്ക്കുന്നതിനുള്ള വിവരങ്ങൾ ഡിജിറ്റലായി ചേർക്കുന്ന നടപടികൾ മിക്ക നഗരസഭകളിലും പൂർത്തിയായിട്ടുണ്ട്. എട്ട് സേവനങ്ങളാണ് പ്രധാനമായും ജനങ്ങൾക്ക് ലഭിക്കുന്നതെങ്കിലും ഇവയുടെ വിവിധ മൊഡ്യൂളുകൾ കണക്കുകൂട്ടുമ്പോൾ 461 സേവനങ്ങളാണ് കെ- സ്മാർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
കെ-സ്മാർട്ട് ആപ്ലിക്കേഷൻ സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും പൂർണതോതിൽ ലഭ്യമായതായി കഴിഞ്ഞദിവസം മന്ത്രി എം.ബി. രാജേഷ് അവകാശപ്പെട്ടിരുന്നു. 49 കോടി റെക്കോഡുകളുടെ ഡേറ്റ പോർട്ടിങ്ങും ജീവനക്കാരുടെ മാപ്പിങ്ങും പൂർത്തിയാക്കാനെടുത്ത സമയമാണ് വൈകലിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.