ആത്മാക്കൾക്കും പെൻഷൻ നൽകി കൃഷി വകുപ്പ്; തുക പലിശയടക്കം ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കാൻ ശുപാർശ
text_fieldsതിരുവനന്തപുരം: ആത്മാക്കൾക്കും പെൻഷൻ നൽകുകയാണ് സംസ്ഥാനെത്ത കൃഷി വകുപ്പ്. തൃശൂർ ജില്ല ധനകാര്യ പരിശോധനാ സ്ക്വാഡ് പ്രിൻസിപ്പൽ കൃഷി ഓഫിസറുടെ കാര്യാലയത്തിലും വിവിധ കൃഷി ഭവനുകളിലും 2019ൽ നടത്തിയ നടത്തിയ പരിശോധനയിലാണ് മരിച്ചവർക്കും പെൻഷൻ നൽകുന്നതായി കണ്ടെത്തിയത്.
പെൻഷൻ രജിസ്റ്ററുകൾ പരിശോധിച്ചതിൽ ചില ഗുണഭോക്താക്കൾ മരിച്ചശേഷവും പെൻഷൻതുക കൈപ്പറ്റിയതായി കണ്ടെത്തി. മടക്കത്തറ, എടത്തുരിത്തി കൃഷിഭവനിൽ നടത്തിയ പരിശോധനയിലാണ് മരണശേഷവും വർഷങ്ങളോളം ഗുണഭോക്താക്കൾക്ക് പണം വിതരണം ചെയ്തതായി കണ്ടെത്തിയത്.
പെൻഷൻ തുക എത്രയെന്ന് കണക്കാക്കി വിതരണം ചെയ്ത തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥർനിന്നും 18 ശതമാനം പലിശ സഹിതം ഈടാക്കണം എന്നാണ് റിപ്പോർട്ടിലെ ശുപാർശ. ഇതുസംബന്ധിച്ച് കൃഷി വകുപ്പിന്‍റെ സ്പെഷൽ വിജിലൻസ് സെൽ സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശം നൽകി.
കാർഷികോൽപ്പാദനം വർധിപ്പിക്കാൻ ഊന്നൽ നൽകുന്നതോടൊപ്പം കർഷക ക്ഷേമവും ഉറപ്പാക്കുക എന്ന സർക്കാർ നയത്തിന്‍റെ ഭാഗമായിട്ടാണ് കിസാൻ അഭിമാൻ പദ്ധതി നടപ്പാക്കാൻ 2009ൽ ഭരണാനുമതി നൽകിയത്. ഒരു ഹെക്ടറിൽ കവിയാത്ത കൃഷിഭൂമിയുള്ള 60 വയസ്സ് കഴിഞ്ഞവർക്ക് 300 രൂപ പ്രതിമാസ പെൻഷൻ നൽകാൻ ഉത്തരവിട്ടു.
2012 ഫെബ്രുവരി മുതൽ 400 രൂപ പ്രതിമാസം നൽകി. ഇപ്പോൾ 1200 രൂപയാണ് നൽകുന്നത്. തൃശൂരിൽ കർഷകർ അപേക്ഷ നൽകിയപ്പോൾ മുൻകാല പ്രാബല്യത്തിൽ പെൻഷൻ തെറ്റായി അനുവദിച്ചുവെന്ന് കൃഷി വകുപ്പിന്‍റെ ആഭ്യന്തര ഓഡിറ്റിൽ കണ്ടെത്തി. അത് വിവാദമായതിനെ തുടർന്നാണ് ഈ വിഷയത്തിൽ ധനകാര്യ പരിശോധന വിഭാഗം 2019 നവംബറിൽ അന്വേഷണം നടത്തിയത്.
മാടക്കത്തറ കൃഷിഭവനിൽ ലഭിച്ച കർഷകരുടെ അപേക്ഷകളിൽ കൃഷി അസിസ്റ്റൻറ് അന്വേഷണ റിപ്പോർട്ടോ കൃഷി ഓഫിസർ അപേക്ഷ അംഗീകരിച്ചതായോ രേഖയില്ല. രജിസ്ട്രേഷൻ ഫീസായി 25 രൂപ കർഷകരിൽനിന്ന് യഥാസമയം ഈടാക്കാതെ അതിന് മുമ്പുതന്നെ പെൻഷൻ അനുവദിക്കാൻ നടപടി തുടങ്ങി.
2012 ജൂണിൽ ലഭിച്ച അപേക്ഷകൾക്ക് മാർച്ച്^ഏപ്രിൽ മാസങ്ങളിൽ പെൻഷൻ അനുവദിച്ചു. ഗുണഭോക്താക്കളുടെ അംഗത്വ ഫീസ് ലഭിച്ചത് 2012 ആഗസ്റ്റ് ^ സെപ്റ്റംബർ മാസത്തിലാണ്.
എടത്തിരുത്തി കൃഷിഭവനിൽ 2012 ജൂലൈ, ഒക്ടോബർ മാസങ്ങളിലാണ് അപേക്ഷ നൽകിയത്. എന്നാൽ 2012 മാർച്ച് ^ ഏപ്രിൽ മാസത്തിൽ തന്നെ പെൻഷൻ അനുവദിച്ചു നൽകി. 25 രൂപ അടച്ച രസീതുകൾ പരിശോധിച്ചപ്പോൾ പഞ്ചായത്തിലെ ഓരോ വാർഡിനും പ്രത്യേക രസീത് ബുക്കുകൾ നൽകി.
50 രസീതുകൾ വീതം നൽകിയപ്പോൾ ബാലൻസ് രസീതിൽ 2012^13 കാലത്തെ കൃഷി ഓഫിസറുടെ ഒപ്പും സീലും തയാറാക്കിയാണ് നൽകിയത്. കർഷകരിൽനിന്ന് അപേക്ഷ സ്വീകരിക്കുന്ന മുറക്ക് രജിസ്ട്രേഷൻ രസീതുകൾ നൽകുന്നതിന് പകരം രസീത് ഒന്നിച്ച് തയാറാക്കി നൽകി എന്നാണ് കണ്ടെത്തൽ.
കൈപ്പമംഗലം കൃഷി ഭവനിലും അപേക്ഷ ലഭിക്കുന്നതിന് മുമ്പ് പെൻഷൻ അനുവദിച്ചു. ജില്ലയിലെ മറ്റ് കൃഷി ഭവനുകളിലും അത് ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. കർഷകർക്ക് അനർഹമായി പെൻഷൻ അനുവദിച്ചുവെന്നാണ് കണ്ടെത്തിയത്.
2012 നവംബർ ആറിലെ ഉത്തരവ് പ്രകാരം 15.64 കോടിയാണ് പെൻഷൻ നൽകാൻ സർക്കാർ അനുവദിച്ചത്. അപേക്ഷ നൽകി ഏതാണ്ട് രണ്ട് മുതൽ എട്ട് മാസം വരെ മുൻകാല പ്രാബല്യത്തിൽ പെൻഷൻ അനുവദിച്ചു. തൃശൂർ പ്രിൻസിപ്പൽ കൃഷി ഓഫിസിലെ ഓഡിറ്റ് വിഭാഗം നേരത്തെ കണ്ടെത്തിയതിനേക്കാൾ കൂടുതൽ ക്രമരഹിതമായ കാര്യങ്ങളാണ് ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയത്.
പെൻഷൻ നൽകാനുള്ള സർക്കാർ ഉത്തരവുകൾ പരിശോധിച്ചാൽ മനസ്സിലാകുന്ന കാര്യങ്ങൾ താഴെ പറയുന്നവയാണ്.
1. 2012 ഫെബ്രുവരി 13ലെ ഉത്തരവിൽ പെൻഷൻ മുൻകാല പ്രാബല്യത്തോടെ നൽകണമെന്ന് വ്യക്തമാക്കിയിട്ടില്ല.
2. 2012 മാർച്ച് ഒമ്പതിനിറങ്ങിയ കൃഷി ഡയറക്ടർ സർക്കുലറിലും 2012 മാർച്ച് ^ ഏപ്രിൽ മാസങ്ങളിൽ പെൻഷന് അർഹതയുണ്ടെന്ന് രേഖപ്പെടുത്തിയിട്ടില്ല.
3. നാല് കത്തുകളിലൂടെ 2012 ജൂൺ 15 വരെ അപേക്ഷ നൽകാനുള്ള കാലാവധി നീട്ടിയിരുന്നു. ആ കത്തുകളിലൊന്നിലും മുൻകാല പ്രാബല്യത്തോടെ പെൻഷൻ നൽകണമെന്ന് പറഞ്ഞിട്ടില്ല.
ഇതിൽനിന്ന് വ്യക്തമാകുന്നത് കർഷക പെൻഷൻ അനുവദിക്കാനുള്ള സർക്കാർ ഉത്തരവിലും കൃഷി ഡയറക്ടറുടെ സർക്കുലറിലും അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് പെൻഷൻ അനുവദിക്കാനുള്ള മാർഗ നിർദേശങ്ങളോ നിബന്ധനകളോ ഉണ്ടായിരുന്നില്ലെന്നാണ്. എന്നാൽ, പെൻഷൻ അനുവദിച്ച് നൽകിയതിലെ അപാകത ചൂണ്ടിക്കാണിച്ച ആഭ്യന്തര ഓഡിറ്റ് റിപ്പോർട്ട് സർക്കാറിന്‍റെ നയങ്ങൾക്കും നിർദേശങ്ങൾക്കും എതിരാണെന്ന് ചൂണ്ടിക്കാട്ടി തൃശൂർ പ്രിൻസിപ്പൽ കൃഷി ഓഫിസർ 2019 ആഗസ്റ്റ് 19ന് ഓഡിറ്റ് പരാമർശങ്ങൾ റദ്ദാക്കി. അത് ന്യായീകരിക്കാനാവില്ലെന്നാണ് ധനകാര്യ പരിശോധനാ വിഭാഗത്തിന്‍റെ നിലപാട്.
സത്യം കണ്ടെത്തിയ ആഭ്യന്തര ഓഡിറ്റ് വിഭാഗത്തിനെതിരെ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്ത പ്രിൻസിപ്പൽ കൃഷി ഓഫിസറുടെ തീരുമാനം അധികാര ദുർവിനിയോഗവും അച്ചടക്ക ലംഘനവുമാണെന്ന് ധനകാര്യ പരിശോധനാ വിഭാഗം ചൂണ്ടിക്കാട്ടി. പ്രിൻസിപ്പൽ കൃഷി ഓഫിസറുടെ ഈ നടപടി ആഭ്യന്തര ഓഡിറ്റ് വിഭാഗത്തിന്‍റെ ക്രിയാത്മകമായ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുകയാണ്.
പ്രിൻസിപ്പൽ കൃഷി ഓഫിസറുടെ നടപടി ഭരണവകുപ്പ് ഗൗരവമായി പരിശോധിച്ച് നടപടി സ്വീകരിക്കണം. മുൻകാല പ്രബല്യത്തോടെ പെൻഷൻ നൽകിയ ഉദ്യോഗസ്ഥർക്കെതിരെയുള്ള ഓഡിറ്റ് പരാമർശം നിലനിൽക്കുമെന്നതിനാൽ അനന്തര നടപടി സ്വീകരിക്കണെന്നാണ് ധനകാര്യ വിഭാഗം റിപ്പോർട്ടിലെ ശുപാർശ.
തൃശൂർ ജില്ലയിൽ 17 കൃഷിഭവനുകളിലായി കർഷക പെൻഷൻ അനുവദിച്ചത് സംബന്ധിച്ച് 27.65 ലക്ഷം രൂപയുടെ ഓഡിറ്റ് തടസ്സമാണ് പ്രിൻസിപ്പൽ കൃഷി ഓഫിസർ സമർപ്പിച്ച രേഖകൾ പ്രകാരം കണ്ടെത്തിയത്. അതിൽ 9.38 ലക്ഷം ആറ് കൃഷിഭവനുകളിൽനിന്നും കർഷകർക്ക് വിതരണം ചെയ്ത പെൻഷൻ തുകയിൽനിന്നും ക്രമീകരിച്ചതായി അറിയിച്ചു.
ഇത്രയും ഭീമമായ തുക ഓഡിറ്റ് തടസ്സവാദം നിലനിൽക്കെ കൃഷി ഡയറക്ടറിൽനിന്നോ സർക്കാറിൽനിന്നോ അനുമതി ലഭിക്കാതെ പ്രിൻസിപ്പൽ കൃഷി ഓഫിസർ ഓഡിറ്റ് പരാമർശങ്ങൾ റദ്ദാക്കിയത് സ്വന്തം നിലയിലാണ്. അത് അംഗീകരിക്കാനാവില്ലെന്ന് മാത്രമല്ല, പ്രിൻസിപ്പൽ ഓഫിസർക്ക് ഈ വിഷയത്തിൽ ഉത്തരവിറക്കാനുള്ള അധികാരവുമില്ല. അതിനാൽ വകുപ്പ് പരിശോധിച്ച് ഉത്തരവ് അടിയന്തരമായി റദ്ദാക്കണം.
ആഭ്യന്തര ഓഡിറ്റ് ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത വിവിധ കത്തുകളിലൂടെ എ.ജി വ്യക്തമാക്കിയിരുന്നു. സർക്കാർ പണം അർഹിക്കുന്ന ജാഗ്രതയോടും സൂക്ഷ്മതയോടും പദ്ധതി പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നുണ്ടോയെന്ന് പരിശോധിച്ച് സർക്കാറിന് റിപ്പോർട്ട് നൽകേണ്ട സംവിധാനമാണ് ആഭ്യന്തര ഓഡിറ്റ് വിഭാഗം.
ഇത്തരത്തിൽ ഗൗരവസ്വഭാവമുള്ള ഒരു സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് വകുപ്പ് തലവൻമാരും ഭരണവകുപ്പുമാണ്. ആഭ്യന്തര ഓഡിറ്റ് വിഭാഗത്തിന് ആവശ്യമായ പരിശീലനം നൽകണം. വകുപ്പുതല നിർവഹണ ഉദ്യോഗസ്ഥർ ഓഡിറ്റ് പരാമർശങ്ങൾക്ക് സമയബന്ധിതമായി മറുപടി നൽകുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.
ഇക്കാര്യത്തിൽ വകുപ്പിലെ ഫിനാൻസ് ഓഫിസർ ജില്ലാതലത്തിൽ മൂന്ന് മാസത്തിലൊരിക്കൽ അവലോകനം നടത്തണം. അനാവശ്യമായ കാലതാമസം ഒഴിവാക്കാൻ ജില്ലകൾതോറും ബന്ധപ്പെട്ട വകുപ്പിന്‍റെ അക്കൗണ്ട് ഓഫിസർ, ജില്ല ഓഫിസ്, ഫിനാൻസ് ഓഫിസർ എന്നിവരടങ്ങിയ ഒരു സ്ഥിരം സമിതി രൂപീകരിക്കണമെന്നും ധനകാര്യ അഡീഷനൽ സെക്രട്ടറി എസ്. അനിൽകുമാർ ശുപാർശ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.