കണക്കുകളിൽ വൈരുധ്യം: നിക്ഷേപ പദ്ധതികളിൽ സഹകരണ വകുപ്പിന്റെ മൂക്കുകയർ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളും ബാങ്കുകളും നടത്തുന്ന പ്രതിമാസ നിക്ഷേപ പദ്ധതികളിലെ കണക്കുകൾ കൃത്യമായി സൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കർശന മാർഗനിർദേശവുമായി സഹകരണ വകുപ്പ്. എം.ഡി.എസ്, ജി.ഡി.സി.എസ്, ജി.ഡി.എസ് തുടങ്ങിയ പേരുകളിൽ നടത്തുന്ന ഇടപാടുകൾ എഴുതി സൂക്ഷിക്കുന്നതിൽ ഏകീകൃത സ്വഭാവം ഇപ്പോഴില്ല. സംഘങ്ങളുടെ ഓഡിറ്റ് റിപ്പോർട്ട് ബാലൻസ് ഷീറ്റുകളിൽ യഥാർഥ കണക്കുകൾ പലപ്പോഴും ലഭ്യമാവാത്ത സ്ഥിതിയുമുണ്ട്. ഇതെല്ലം പരിശോധിച്ചാണ് നിയന്ത്രണ മാർഗനിർദേശം പുറപ്പെടുവിച്ചത്.
ചില സംഘങ്ങൾ അംഗങ്ങളിൽനിന്ന് സ്വീകരിക്കുന്ന തുക സ്ഥാപനത്തിൽ നിന്നും നൽകാനുള്ള കണക്കുകളിൽപെടുത്തിയും അംഗങ്ങൾക്ക് നൽകിയ തുക സ്ഥാപനത്തിന് ലഭിക്കാനുള്ള കണക്കിൽ ഉൾപ്പെടുത്തിയുമാണ് രേഖപ്പെടുത്തി വരുന്നത്. ഇതുമൂലം സഹകരണ സ്ഥാപനങ്ങളുടെ യഥാർഥ സാമ്പത്തിക സ്ഥിതി വ്യക്തമാകാത്ത സാഹചര്യമുവുണ്ട്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി നിലവിൽ എം.ഡി.എസ്, ജി.ഡി.സി.എസ്, ജി.ഡി.എസ് തുടങ്ങിയ പേരുകളിലെ ഇടപാടുകൾ പ്രതിമാസ സമ്പാദ്യ പദ്ധതി (മന്ത്ലി സേവിങ്സ് സ്കീം-എം.എസ്.എസ്) എന്ന പേരിൽ മാത്രമാക്കും. ഇത് നിക്ഷേപ പദ്ധതി മാത്രമായിരിക്കും. ചിട്ടിക്ക് സമാനമായ പദ്ധതിയാണെന്ന പരസ്യങ്ങൾ ഉപയോഗിക്കാനോ ചിട്ടിയുമായി ബന്ധപ്പെട്ട പദങ്ങൾ ഉപയോഗിക്കാനോ അനുവദിക്കില്ല. എം.എസ്.എസ് പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് നിബന്ധനകൾ തയാറാക്കി ജില്ല ജോയന്റ് രജിസ്ട്രാറുടെ അംഗീകാരം വാങ്ങണം. സ്ഥാപനത്തിന്റെ സാമ്പത്തിക സ്ഥിതി, നിലവിലുള്ള നിക്ഷേപ പദ്ധതികളിലെ കുടിശ്ശിക എന്നിവ പരിശോധിച്ചുവേണം പുതിയ എം.എസ്.എസ് പദ്ധതികളിലേക്ക് കടക്കാൻ. മുൻകൂർ അനുമതി വാങ്ങാതെ നിക്ഷേപ പദ്ധതി ആരംഭിക്കുന്ന സ്ഥാപനങ്ങളുടെ സെക്രട്ടറിമാർക്കെതിരെ നടപടിക്ക് ജോ. രജിസ്ട്രാർ ജനറലിന് നിർദേശം നൽകി. എം.എസ്.എസ് പദ്ധതിയുടെ കാലാവധി 20 മുതൽ 100 മാസ തവണകൾ വരെയായി നിജപ്പെടുത്തണം.
കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടുകൾ സംബന്ധിച്ച ഉന്നതാധികാര സമിതിയുടെ റിപ്പോർട്ടിലെ നിർദേശങ്ങളടക്കം പരിഗണിച്ചാണ് സഹകരണ വകുപ്പ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.