തട്ടിപ്പ് റെക്കോഡിന് 'ഇരയായി' വിദ്യാഭ്യാസ വകുപ്പും; 'റെക്കോഡ് നേട്ട'ങ്ങളെ അഭിനന്ദിച്ച് മന്ത്രിമാർ
text_fieldsകോഴിക്കോട്: അപേക്ഷിക്കുന്നവർക്കെല്ലാം റെക്കോഡ് പുസ്തകത്തിൽ ഇടം നൽകുന്നവർ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെയും 'ആദരിച്ചു'. വി.എച്ച്.എസ്.ഇ നാഷനൽ സർവിസ് സ്കീമിനും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 'അക്ഷരവൃക്ഷം' പദ്ധതിക്കുമാണ് റെക്കോഡ് സമ്മാനിച്ചത്.
നികുതിയടക്കം 8500 രൂപ ഫീസ് വാങ്ങുന്നവർ തികച്ചും സൗജന്യമായാണ് വിദ്യാഭ്യാസ വകുപ്പിന് 'അംഗീകാരം' നൽകിയത്. ആധികാരിക റെക്കോർഡാണെന്ന് രക്ഷിതാക്കളെയും വിദ്യാർഥികളെയും അധ്യാപകരെയും തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഈ നീക്കം.
2021 നവംബറില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ നാഷനല്‍ സര്‍വിസ് സ്കീം വിദ്യാര്‍ഥികള്‍ക്കുവേണ്ടി സംഘടിപ്പിച്ച വെബിനാര്‍ സീരീസിനായിരുന്നു റെക്കോഡ് പുസ്തകത്തിൽ ഇടം കിട്ടിയത്. ഒരു മാസകാലയളവില്‍ കൂടുതല്‍ വെബിനാറുകള്‍ സംഘടിപ്പിച്ചതിനായിരുന്നു ഇത്. ഈ 'നേട്ട'ത്തെ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രത്യേകം അഭിനന്ദിച്ചിരുന്നു.
ലോക്ഡൗൺ കാലത്ത് വീട്ടിലകപ്പെട്ട വിദ്യാർഥികളുടെ സർഗ സൃഷ്ടികളുൾപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച 'അക്ഷരവൃക്ഷ'ത്തിന് 2020ൽ ആയിരുന്നു റെക്കോഡ് ലഭിച്ചത്. സർട്ടിഫിക്കറ്റ്, മെഡൽ, റെക്കോഡ് ബുക്ക്, ബാഡ്ജ്, പേന എന്നിവയടങ്ങിയ റെക്കോഡ് എസ്.സി.ഇ.ആർ.ടി ഡയറക്ടറായിരുന്ന ഡോ. ജെ. പ്രസാദാണ് ഏറ്റുവാങ്ങിയത്.
പണം വാങ്ങിയുള്ള റെക്കോഡുകൾക്ക് അനാവശ്യ സ്വീകാര്യത കിട്ടിയത് ഈ സംഭവങ്ങൾക്കു ശേഷമാണ്. ശബരിമല വിഷയത്തെ തുടർന്ന് 2019 ജനുവരി ഒന്നിന് നടത്തിയ വനിത മതിലിന് മറ്റൊരു കൂട്ടരുടെ റെക്കോഡ് ലഭിച്ചിരുന്നു. ഈ റെക്കോഡ് പുസ്തകം തട്ടിപ്പല്ലെന്നാണ് നടത്തിപ്പുകാരുടെ അവകാശവാദം. മന്ത്രിമാരും ജനപ്രതിനിധികളും മുതൽ പ്രാദേശിക രാഷ്ട്രീയ നേതാക്കളും ക്ലബുകളും സ്കൂൾ പി.ടി.എകളുമെല്ലാം റെക്കോഡ് ജേതാക്കളെ ആദരിക്കാൻ പരക്കം പായുന്നതും പതിവാണ്.
പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പേജിലും കുട്ടികളുടെ റെക്കോഡ് വിശേഷങ്ങൾ കാണാം. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചു റാണി തുടങ്ങിയവരും കുട്ടികളുടെ 'റെക്കോഡ് നേട്ട'ങ്ങളെ അഭിനന്ദിച്ചിട്ടുണ്ട്. പണം നൽകിയാണ് റെക്കോഡുകൾ ലഭ്യമാക്കുന്നതെന്ന് ജേതാക്കൾ വെളിപ്പെടുത്താറില്ല. കൂടുതൽ പണം നൽകിയാൽ ദേശീയമാധ്യമങ്ങളിലടക്കം വാർത്തകൾ നൽകാമെന്ന വാഗ്ദാനവും സംഘാടകർ നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.