കടമെടുപ്പ് മുതൽ മെഡിസെപ് വരെ; ധനവകുപ്പ് ഉത്തരം പറയാതെ 248 ചോദ്യങ്ങൾ
text_fieldsതിരുവനന്തപുരം: നിയമസഭ സമ്മേളനം തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴും കഴിഞ്ഞ സമ്മേളനകാലത്തെ 248 ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ധനവകുപ്പ്. മറുപടിക്കാര്യത്തിലെ ഉദാസീനത പ്രതിപക്ഷം കഴിഞ്ഞ സമ്മേളനത്തിൽതന്നെ ഉന്നയിച്ചിരുന്നു. അന്നു തന്നെ ‘ഇനിയും മറുപടി നല്‍കാനുള്ള എല്ലാ ചോദ്യങ്ങള്‍ക്കും എത്രയും പെട്ടെന്ന് മറുപടി നല്‍കണ’മെന്ന് സ്പീക്കർ റൂളിങ് നൽകിയിട്ടും വകുപ്പിന് അനക്കമില്ല.
2024 ജനുവരി 30ന് മറുപടി നൽകേണ്ട 195 ചോദ്യങ്ങളും ഫെബ്രുവരി 13ന് മറുപടി നൽകേണ്ട 43 ചോദ്യങ്ങളുമാണ് ഉത്തരമില്ലാതെ കിടക്കുന്നത്. സംസ്ഥാനത്തിന്റെ ധനസ്ഥിതി, കടമെടുപ്പ്, കേരളീയത്തിന് ചെലവായ തുക, രാജ്ഭവൻ ചെലവുകൾക്കായി നൽകിയ തുക, ഇന്ധനസെസ്, ബാറുകളിലെ പരിശോധന, ബാറുകളിലെ ടേൺ ഓവർ ടാക്സ്, മെഡിസെപ്, പങ്കാളിത്ത പെൻഷൻ തുടങ്ങി സുപ്രധാന വിഷയങ്ങളിലെ നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളാണ് ഇവയിൽ പലതും. ജനുവരി 30ന് ചാർട്ട് ചെയ്ത 200 ഓളം ചോദ്യങ്ങളിൽ അഞ്ചെണ്ണത്തിന് മാത്രമാണ് മറുപടി നൽകിയത്. തൊട്ടു മുമ്പ് നടന്ന സമ്മേളനകാലയളവിൽ സെപ്റ്റംബർ 14ന് നൽകേണ്ട 27 ചോദ്യങ്ങൾക്കും ഉത്തരം നൽകാനുണ്ട്.
കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ പ്രതിപക്ഷം ക്രമപ്രശ്നമായാണ് വിഷയം ഉന്നയിച്ചത്. ആ സമ്മേളനത്തിലെ 199 നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങൾക്കും മുൻ സമ്മേളനങ്ങളിലായി 400 ഓളം ചോദ്യങ്ങൾക്കും ധനവകുപ്പ് മറുപടി നൽകാനുണ്ടായിരുന്നു. ബജറ്റുമായി ബന്ധപ്പെട്ട തിരക്കുകളായതിനാലാണ് സമ്മേളനകാലത്തെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ താമസമുണ്ടായതെന്നായിരുന്നു അന്ന് ധനമന്ത്രിയുടെ വിശദീകരണം. എന്നാൽ, ബജറ്റ് സമ്മേളനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും ഇനിയും മറുപടി നൽകാത്തതിന് കാര്യമെന്തെന്ന് വ്യക്തമല്ല.
ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ ചോദ്യോത്തര ദിവസത്തിന്റെ തൊട്ടുതലേന്ന് വൈകീട്ട് അഞ്ചിന് മുമ്പ് നിയമസഭാ സെക്രട്ടേറിയറ്റിന് കൈമാറണമെന്നാണ് വ്യവസ്ഥ. ഏതെങ്കിലും സാഹചര്യത്തില്‍ ഈ സമയപരിധിക്കുള്ളില്‍ ലഭ്യമാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ 15 ദിവസത്തിനുള്ളിൽ കൈമാറിയിരിക്കണമെന്ന ഇളവുമുണ്ട്. ധനവകുപ്പിന്റെ കാര്യത്തിൽ ഈ ഇളവ് പരിധികളെല്ലാം കഴിഞ്ഞു. ചട്ടപ്രകാരം ഇത്തരം അനിശ്ചിതമായ വൈകലുണ്ടായാൽ കാലതാമസമുണ്ടായതിനു കാരണം വിശദീകരിച്ചുള്ള നോട്ടീസ് അടക്കമാണ് നിയമസഭ സെക്രട്ടേറിയറ്റിന് മറുപടി നൽകേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.