ഓൺലൈൻ ടാക്സിയുമായി തൊഴിൽ വകുപ്പ്; ആഗസ്റ്റ് 17ന് 'കേരള സവാരി' നിരത്തിലിറങ്ങും
text_fieldsതിരുവനന്തപുരം: തൊഴിൽ വകുപ്പ് ഓൺലൈൻ ടാക്സി രംഗത്തേക്കും. ഓട്ടോ-ടാക്സി തൊഴിലാളി മേഖലക്കൊരു കൈത്താങ്ങ് എന്ന നിലയിലും മോട്ടോർ വാഹന വകുപ്പ് നിഷ്‌കർഷിച്ച, സംസ്ഥാനത്ത് പ്രാബല്യത്തിലുള്ള നിരക്കിൽ പൊതുജനങ്ങൾക്ക് സുരക്ഷിതവും തർക്കരഹിതവുമായ യാത്ര ഉറപ്പാക്കുന്നതിനും പ്രാധാന്യം നൽകിയാണ് കേരള സവാരി എന്ന ഓൺലൈൻ ടാക്സി പദ്ധതി നടപ്പാക്കുന്നത്. ആഗസ്റ്റ് 17ന് (ചിങ്ങം ഒന്ന്) സർക്കാറിന്റെ ഓണ സമ്മാനമായി കേരള സവാരി നിരത്തുകളിലെത്തും.
സംസ്ഥാനത്തെ ഓട്ടോ-ടാക്സി ശൃംഖലകളെ ബന്ധിപ്പിച്ച് നൂറ് ശതമാനം സുരക്ഷിതവും തർക്കരഹിതവുമായ യാത്ര എന്നതാണ് കേരള സവാരി മുന്നോട്ടുവെക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു സർക്കാർ ഓൺലൈൻ ടാക്‌സി സർവിസ് ആരംഭിക്കുന്നത്. ഒരു പക്ഷേ ലോകത്ത് തന്നെ സർക്കാർ മേഖലയിൽ ഇത്തരത്തിൽ ഒരു സംവിധാനം ആദ്യത്തേതായിരിക്കും. ബഹുരാഷ്ട്ര കമ്പനികളടക്കി വാഴുന്ന രംഗത്തേക്കാണ് തൊഴിലാളി ക്ഷേമം കൂടി ലക്ഷ്യമാക്കി സർക്കാർ മുന്നിട്ടിറങ്ങുന്നത്.
കാലഘട്ടത്തിന്റെ ആവശ്യത്തിനനുസരിച്ച് മോട്ടോർ തൊഴിലാളി മേഖലയിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് കണ്ടതിനെ തുടർന്നാണ് തൊഴിൽവകുപ്പ് സർക്കാർ മേഖലയിൽ ഒരു ഓൺലൈൻ ടാക്‌സി എന്ന ആശയം നടപ്പാക്കുന്നത്. പ്ലാനിങ് ബോർഡ്, ലീഗൽ മെട്രോളജി, ഗതാഗതം, ഐ.ടി, പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെ മോട്ടോർ തൊഴിലാളി ക്ഷേമനിധിബോർഡാണ് പദ്ധതി നടപ്പാക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ പാലക്കാട്ടെ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസാണ് പദ്ധതിക്കാവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകിയത്.
തിരക്കുള്ള സമയങ്ങളിൽ മറ്റു ഓൺലൈൻ ടാക്‌സി കമ്പനികൾ സർവിസുകൾക്ക് നിരക്ക് ഇരട്ടിപ്പിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. കേരള സവാരിയിൽ അത്തരം നിരക്ക് വർധനവ് ഉണ്ടാവില്ല. സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിനൊപ്പം എട്ട് ശതമാനം സർവിസ് ചാർജ് മാത്രമാണ് ഈടാക്കുക.
കുട്ടികൾക്കും സ്ത്രീകൾക്കും ഏറെ സുരക്ഷിതമായി ഉപയോഗിക്കാവുന്ന സംവിധാനമാണ് കേരള സവാരി ആപ്പ്. സുരക്ഷാ മാനദണ്ഡങ്ങളിൽ അങ്ങേയറ്റം കരുതലോടെയാണ് ആപ്പ് ഡിസൈൻ ചെയ്തിട്ടുള്ളത്. ഡ്രൈവറുടെ രജിസ്ട്രേഷൻ മുതൽ കരുതലിനു പ്രാധാന്യം നൽകിയിട്ടുണ്ട്. പദ്ധതിയിൽ അംഗമാകുന്ന ഡ്രൈവർമാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. പി.സി.സി ഉള്ളവർക്ക് മാത്രമേ രജിസ്‌ട്രേഷൻ നൽകുകയുള്ളു.
കൂടാതെ ആപ്പിൽ ഒരു പാനിക് ബട്ടൺ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട് വാഹനാപകടം സംഭവിച്ചാലോ മറ്റേതെങ്കിലും തരത്തിൽ അപകടസാധ്യത തോന്നിയാലോ ഈ ബട്ടൺ അമർത്താം. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി വാഹനങ്ങളിൽ സബ്‌സിഡി നിരക്കിൽ ജി.പി.എസ് ഘടിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഇത് ഘട്ടം ഘട്ടമായി നടപ്പാക്കും. കൃത്യമായ കാരണങ്ങളോടെ യാത്രക്കാരനും ഡ്രൈവർക്കും ബുക്കിങ് റദ്ദാക്കാനാകും. രണ്ടാം ഘട്ടത്തിൽ യാത്രക്കാർക്കും ഡ്രൈവർമാർക്കും ഇൻഷുറൻസ്, ആക്‌സിഡന്റ് ഇൻഷുറൻസ് എന്നിവ ഏർപ്പെടുത്തും. എയർപോർട്ട്, റയിൽവേ സ്‌റ്റേഷൻ എന്നിവിടങ്ങളിൽ കേരള സവാരിക്കായി പ്രത്യേക പാർക്കിങ് സംവിധാനമൊരുക്കും. വാഹനങ്ങളിൽ കേരള സവാരി സ്റ്റിക്കറുകൾ പതിപ്പിക്കും.
പദ്ധതിയുടെ ആദ്യഘട്ടം തലസ്ഥാന നഗരിയിലാണ് നടപ്പാക്കുക. തിരുവനന്തപുരം പുറം നഗരത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി സംസ്ഥാനത്താകെ വ്യാപിപ്പിക്കാനാണ് തീരുമാനം. നിലവിൽ തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ 500 ഓട്ടോ-ടാക്‌സി ഡ്രൈവർമാർ പദ്ധതിയിൽ അംഗങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.