മോട്ടോർവാഹന വകുപ്പ്: ആധാർ അധിഷ്ഠിത സേവനങ്ങൾ നിർത്തി
text_fieldsതിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാനും ഓൺലൈൻ അപേക്ഷ നടപടികൾ സുതാര്യമാക്കാനും മോട്ടോർ വാഹനവകുപ്പ് കൊട്ടിഗ്ഘോഷിച്ച് നടപ്പാക്കിയ ആധാർ അധിഷ്ഠിത സേവന സംവിധാനം അട്ടിമറിച്ചു.
ആധാർ നൽകി വെബ്സൈറ്റിൽ പ്രവേശിക്കുമ്പോൾ 'ആധാർ അധിഷ്ഠിത സേവനം ലഭ്യമല്ല, ആർ.ടി ഓഫിസിൽ ബന്ധപ്പെടുക' എന്ന സന്ദേശമാണ് ലഭിക്കുന്നത്. ഒരു വിഭാഗം ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരുടെയും സമ്മർദത്തിന് വഴങ്ങി ആധാർ സേവന സൗകര്യം ഗതാഗത കമീഷണറേറ്റ് രഹസ്യമായി പിൻവലിച്ചെന്നാണ് വിവരം.
അപേക്ഷകൾ ഓൺലൈനിൽ നൽകിയാലും രേഖകൾ പ്രിന്‍റെടുത്ത് ഓഫിസിലെത്തിക്കുന്ന രീതി അവസാനിപ്പിച്ചാണ് കഴിഞ്ഞ ഡിസംബർ 24 മുതൽ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റൽ, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിലെ മേൽവിലാസം തിരുത്തൽ അടക്കം ഏഴ് സേവനങ്ങൾ ആധാർ അധിഷ്ഠിതമാക്കിയത്.
ഗതാഗതമന്ത്രി ആന്‍റണി രാജുവാണ് സംവിധാനം ഉദ്ഘാടനം ചെയ്തത്. ഓൺലൈൻ അപേക്ഷയിൽ വാഹന ഉടമയുടെ ആധാർ മാനദണ്ഡമാക്കിയതോടെ ഈ ആധാർ ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്കാണ് തുടർ അറിയിപ്പുകളും സന്ദേശങ്ങളുമെത്തുക. ഇതോടെ ഇടനിലക്കാർ പൂർണമായി ഒഴിവാകുന്ന സ്ഥിതിയുണ്ടായി. അപേക്ഷകളുടെ പ്രിന്‍റ് ഓഫിസിൽ എത്തിക്കേണ്ടതില്ലെന്നായതോടെ ഒരു വിഭാഗത്തിന് കൈമടക്കും നഷ്ടമായി.
പുതിയ സംവിധാനം തുടങ്ങിയപ്പോൾതന്നെ ഒരുവിഭാഗം ഉദ്യോഗസ്ഥർ സംവിധാനം അലങ്കോലമാക്കാൻ ശ്രമം തുടങ്ങിയിരുന്നു. വാഹന്‍ അപേക്ഷകളില്‍ നേരേത്ത മുന്‍ഗണനാക്രമം നിര്‍ബന്ധമല്ലാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടമുള്ളവ വേഗത്തില്‍ തീര്‍പ്പുകൽപ്പിക്കാനാകുമായിരുന്നു. ഇതുമൂലം ഇടനിലക്കാര്‍ വഴി എത്തുന്ന അപേക്ഷകള്‍ പെട്ടെന്ന് പരിഗണിക്കപ്പെടും. മറ്റുള്ളവ ചെറിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിരസിക്കുകയും ചെയ്തിരുന്നു. ഇതിന് അറുതിവരുത്താനുള്ള നീക്കങ്ങളാണ് തുടക്കത്തിൽതന്നെ നിലച്ചിരിക്കുന്നത്.
ലൈസൻസ് 'സാരഥി'യിലേക്കും വാഹനവിവരങ്ങൾ 'വാഹനി'ലേക്കും പൂര്‍ണമായി മാറിയിട്ട് രണ്ടുവര്‍ഷത്തിലേറെയായിട്ടും സോഫ്റ്റ്‌വെയറിലെയും അപേക്ഷരീതിയിലെയും പിഴവുകള്‍ പരിഹരിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമീഷണറേറ്റിന് കഴിഞ്ഞിട്ടില്ല.
ഓണ്‍ലൈന്‍ അപേക്ഷകള്‍ സങ്കീർണമാണ്. അപേക്ഷകളുടെ പുരോഗതി നിരീക്ഷിക്കാനുള്ള കേന്ദ്രീകൃത നിരീക്ഷണസംവിധാനവും അപര്യാപ്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.