പാഠ്യപദ്ധതിയിൽ ലേണേഴ്സ് ലൈസന്‍സ് ഭാഗങ്ങൾ ശിപാർശയുമായി മോട്ടോർ വാഹനവകുപ്പ്
text_fieldsതിരുവനന്തപുരം: ഹയര്‍ സെക്കൻഡറി പാഠ്യപദ്ധതിയില്‍ ലേണേഴ്സ് ലൈസന്‍സ് പാഠഭാഗങ്ങൾകൂടി ഉള്‍പ്പെടുത്താനുള്ള ശിപാര്‍ശയുമായി മോട്ടോർ വാഹനവകുപ്പ്. ഇതിനായി വകുപ്പ് തയാറാക്കിയ കരിക്കുലം അടുത്തയാഴ്ച വിദ്യാഭ്യാസവകുപ്പിന് കൈമാറും.
നിലവിൽ ലേണേഴ്സിന് പരിഗണിക്കുന്ന ഭാഗങ്ങൾ മാത്രമല്ല, റോഡ് നിയമങ്ങളെക്കുറിച്ച് സമഗ്രമായ വിവരങ്ങൾ ഉൾപ്പെടുത്തി 200 പേജോളം വരുന്ന കരട് പുസ്തകമാണ് മോട്ടോർ വാഹനവകുപ്പ് തയാറാക്കിയത്. ഇത് ഉടൻ ഗതാഗതമന്ത്രിക്ക് കൈമാറും. ഗതാഗതമന്ത്രിയുടെ അംഗീകാരം ലഭിക്കുന്ന മുറക്ക് ഒരാഴ്ചക്കകം വിദ്യാഭ്യാസമന്ത്രിക്ക് കൈമാറുമെന്നാണ് വിവരം.
എന്താണ് റോഡ് സുരക്ഷ, ഗതാഗത നിയമങ്ങൾ, അപകടങ്ങൾക്കുള്ള കാരണങ്ങൾ, സൂചന ബോർഡുകൾ, ചിഹ്നങ്ങൾ, റോഡുകളുടെ ഡിസൈൻ, ഗതാഗതകുറ്റങ്ങൾ, അവക്കുള്ള പിഴ എന്നിവയാണ് വിവിധ അധ്യായങ്ങളായി തിരിച്ച് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്ലസ് ടു ജയിക്കുന്ന വിദ്യാർഥിക്ക് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റിനൊപ്പം റോഡ് സുരക്ഷയെക്കുറിച്ച് കൃത്യമായ ധാരണ നൽകുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.