ഏഴുദിവസം മുമ്പ് അറിയിക്കണം, വാഹനം ഹാജരാക്കണം; വിനോദയാത്രക്ക് നിർദേശങ്ങളുമായി മോട്ടോർവാഹന വകുപ്പ്
text_fieldsതിരുവനന്തപുരം: വിനോദയാത്ര പുറപ്പെടുന്നതിന് ഒരാഴ്ച മുമ്പ് വാഹനത്തിന്റെ വിശദാംശങ്ങൾ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവി ആർ.ടി.ഒക്കോ ജോയന്റ് ആർ.ടി.ഒക്കോ നൽകണമെന്ന് മോട്ടോർ വാഹനവകുപ്പ്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വിനോദയാത്ര പോകുന്ന വാഹനങ്ങളുടെ പരിശോധനയുമായി ബന്ധപ്പെട്ട് ഗതാഗത കമീഷണർ പുറപ്പെടുവിച്ച പുതുക്കിയ നടപടിക്രമങ്ങളാണ് ഇതടക്കം ഉൾപ്പെടുത്തിയത്.
സംസ്ഥാനത്തെ ഏത് ആർ.ടി.ഒ ഓഫിസിലും വിശദാംശങ്ങൾ സമർപ്പിക്കാം. ഇതനുസരിച്ച് വാഹന ഉടമയോ ഡ്രൈവറോ വാഹനം സംസ്ഥാനത്തെ ഏതെങ്കിലും ആർ.ടി.ഒ അല്ലെങ്കിൽ ജോയന്റ് ആർ.ടി.ഒ മുമ്പാകെ പരിശോധിപ്പിച്ചിരിക്കണം. നിശ്ചിത മാതൃകയിലുള്ള ഫോമിൽ തയാറാക്കിയ വാഹന പരിശോധനാ റിപ്പോർട്ടിന്റെ പകർപ്പുകൾ വാഹന ഉടമ, ഡ്രൈവർ എന്നിവർക്കും പരിശോധന നടത്തിയ ഉദ്യോഗസ്ഥനും വിദ്യാഭ്യാസ സ്ഥാപന മേധാവിക്കും ലഭ്യമാക്കും.
ഈ റിപ്പോർട്ട് യാത്രയിലുടനീളം ഡ്രൈവർ സൂക്ഷിക്കുകയും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ പരിശോധനക്ക് ഹാജരാക്കുകയും വേണം.വാഹന പരിശോധന റിപ്പോർട്ട് ആ പ്രത്യേക വിനോദയാത്രക്ക് മാത്രമാണ് ബാധകം.വാഹന പരിശോധനയുടെ പേരിൽ വാഹന ഉടമക്കോ ഡ്രൈവർക്കോ അനാവശ്യ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കരുതെന്നും ഗതാഗത കമീഷണറുടെ നിർദേശത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.