പുസ്തകങ്ങളയക്കാൻ ഇനി ചെലവേറും; തപാൽ വകുപ്പ് രജിസ്ട്രേഡ് പ്രിന്റഡ് ബുക്സ് സേവനം നിർത്തി
text_fieldsകോഴിക്കോട്: സംസ്ഥാനത്തെ പുസ്തക പ്രസാധക സ്ഥാപനങ്ങളെയാകെ പ്രതികൂലമായി ബാധിക്കുംവിധം തപാൽ വകുപ്പ് രജിസ്ട്രേഡ് പ്രിന്റഡ് ബുക്സ്, രജിസ്ട്രേഡ് പാറ്റേൺ ആൻഡ് സാമ്പിൾ പാക്കറ്റ് എന്നീ സേവനങ്ങൾ നിർത്തലാക്കി. പ്രസാധക സ്ഥാപനങ്ങൾക്ക് ചുരുങ്ങിയ ചെലവിൽ പുസ്തകം വായനക്കാരിലേക്ക് എത്തിക്കാനുള്ള സൗകര്യമാണ് ബുക്സ് വകുപ്പിന്റെ മുന്നറിയിപ്പില്ലാതെയുള്ള നടപടിയിൽ ഇല്ലാതായത്. നേരത്തേ നിലവിലുള്ള ബുക്ക് പോസ്റ്റ് സേവനം വഴി പുസ്തകങ്ങൾ അയക്കാമെങ്കിലും അതിന് ചെലവ് വലിയതോതിൽ കൂടും. നൂറ് ഗ്രാം തൂക്കമുള്ള ബുക്ക് അയക്കാൻ നേരത്തേ ജി.എസ്.ടി ഉൾപ്പെടെ 21 രൂപ മാത്രമുണ്ടായിരുന്നത് ബുക്ക് പോസ്റ്റ് സേവനത്തിലേക്ക് മാറുമ്പോൾ 28 രൂപയും 500 ഗ്രാം ബുക്ക് അയക്കാൻ 26 രൂപയുണ്ടായിരുന്നത് 57 രൂപയുമായി ഉയരും.
ചൊവ്വാഴ്ച നിലവിൽവന്ന പുതിയ പരിഷ്കാരത്തിന്റെ ഭാഗമായി വിവിധ സേവനങ്ങളുടെ പേരുകളിൽ മാറ്റം വരുത്തുകയും ക്രമീകരണമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. മുന്നറിയിപ്പില്ലാതെയുള്ള പരിഷ്കാരം പോസ്റ്റ് ഓഫിസ് കൗണ്ടറുകളിലെ ജീവനക്കാരെയും വെട്ടിലാക്കി. പോസ്റ്റൽ വകുപ്പിന്റെ സോഫ്റ്റ് വെയറിൽ ഇതുസംബന്ധിച്ച ക്രമീകരണം പെട്ടെന്ന് ഏർപ്പെടുത്തുകയാണുണ്ടായതെന്നും ജീവനക്കാർക്കോ പൊതുജനങ്ങൾക്കോ ഇതുസംബന്ധിച്ച ഒരറിയിപ്പും നൽകിയിട്ടില്ലെന്നുമാണ് ജീവനക്കാർ പറയുന്നത്. സേവനം മോശമെന്ന് വരുത്തി സ്വകാര്യ മേഖലയെ സഹായിക്കാനാണ് പുതിയ പരിഷ്കാരമെന്നും ആക്ഷേപമുണ്ട്.
പുസ്തകങ്ങൾ അയക്കുന്നതിന് പോസ്റ്റൽ നിരക്കിലുണ്ടായ വർധന വായനക്കാർക്കും പ്രസാധകർക്കും വൻ തിരിച്ചടിയാണെന്ന് അസോസിയേഷൻ ഫോർ മുസ്ലിം പബ്ലിഷേഴ്സ് (എ.എം.പി) സെക്രട്ടറി സിദ്ദീഖ് കുറ്റിക്കാട്ടൂർ പറഞ്ഞു. മിക്ക പുസ്തകശാലകളും ഓൺലൈനായി ഓർഡർ സ്വീകരിച്ചാണ് പുസ്തകങ്ങൾ വായനക്കാരന് എത്തിക്കുന്നത്. ഇടനിലക്കാർക്കുള്ള കമീഷൻ വായനക്കാരന് ഇളവായി ലഭിക്കുന്നത് ഫലത്തിൽ ഇല്ലാതാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിഷ്കാരത്തിന്റെ ഭാഗമായി രജിസ്ട്രേഡ് ലെറ്ററുകൾ രണ്ട് കിലോവരെ അയക്കാമായിരുന്നത് 500 ഗ്രാം ആക്കി കുറച്ചിട്ടുണ്ട്. അതേസമയം ഇലക്ട്രോണിക് മണി ഓർഡർ (ഇ.എം.ഒ) 5000 രൂപയായിരുന്നത് 10,000 ആക്കി വർധിപ്പിച്ചു.
പരമാവധി അഞ്ചുഗ്രാം തൂക്കമുള്ള രജിസ്ട്രേഡ് പോസ്റ്റ് കാർഡ് സേവനം ആരംഭിക്കുകയും ചെയ്തു. രജിസ്ട്രേഡ് ബുക്ക് പാക്കറ്റ് -ബുക്ക് പോസ്റ്റും രജിസ്ട്രേഡ് പീരിയോഡിക്കൽസ് -പീരിയോഡിക്കൽ പോസ്റ്റും ബിസിനസ് പാർസൽ സർവിസ് -ഇന്ത്യ പോസ്റ്റ് പാർസൽ കോൺട്രാക്റ്റ്വലും രജിസ്ട്രേഡ് പാർസൽ -ഇന്ത്യ പോസ്റ്റ് പാർസൽ റീട്ടെയിലും വാല്യു പേയബ്ൾ പോസ്റ്റ് (വി.പി.പി) ഡി.ഒ.ഡി റിട്ടെയിലുമാക്കി പേര് മാറ്റുകയും ചെയ്തു. പുതിയ പോസ്റ്റ് ഓഫിസ് ആക്ടിന്റെ ഭാഗമായാണ് പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.