വീടുകളിലെത്തി വയോജന സർവേ നടത്താൻ സാമൂഹിക നീതി വകുപ്പ്
text_fieldsതിരുവനന്തപുരം: സാമൂഹിക നീതി വകുപ്പ് വയോജനങ്ങളുടെ സർവേ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. ഇതിലൂടെ വയോജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനാണ് ശ്രമം. എല്ലാ വീടുകളിലും ഇതിന്റെ ഭാഗമായി ആളെത്തും. വയോജനങ്ങൾക്കായി കമീഷൻ രൂപവത്കരിക്കാൻ ഉദ്ദേശിക്കുന്നതായും മന്ത്രി പറഞ്ഞു.
മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെ ബോധവത്കരണ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.വയോജനങ്ങളെ പരിപാലിക്കുന്നവർക്ക് ശാസ്ത്രീയ പരിശീലനം ലഭ്യമാക്കും. ഇവർക്കായി വ്യവസ്ഥാപിത നിയമം തയാറാക്കും. സ്ഥാപനങ്ങൾക്കുള്ള കൃത്യമായ മാനദണ്ഡവും നടപ്പാക്കും.
വയോജനങ്ങൾക്ക് മാനസികോല്ലാസം നൽകുന്നതിനായി ചില തദ്ദേശസ്ഥാപനങ്ങളിൽ ആരംഭിച്ച വയോജന ക്ലബുകൾ കേരളം മുഴുവൻ വ്യാപിപ്പിക്കും. മാനവികമായ ആർദ്രതയും സ്നേഹവും ഹൃദയൈക്യവും ക്ഷയിച്ചുവരുന്ന കാലമാണിത്.
സർക്കാറിനു കീഴിൽ 16 വയോജന ഹോമുകൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവയെ മാതൃക ഭവനമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. വയോജന സേവനവും പദ്ധതികളും ഉൾക്കൊള്ളുന്ന കൈപ്പുസ്തകം മന്ത്രി പ്രകാശനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.