വകുപ്പ് വിഭജനവും അപ്രതീക്ഷിതം; നിലപാടിലുറച്ച് സി.പി.എം
text_fieldsതിരുവനന്തപുരം: ബാഹ്യ സമ്മർദങ്ങൾക്കും ആക്ഷേപ പ്രചാരണങ്ങൾക്കും വഴിപ്പെടേണ്ടതില്ലെന്ന് ഒരിക്കൽകൂടി തെളിയിച്ച് സി.പി.എമ്മിെൻറ വകുപ്പ് വിഭജനം. സ്വന്തം മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിച്ചതിലും കൈവശമുള്ള സുപ്രധാന വകുപ്പ് ഘടകകക്ഷിക്ക് വിട്ടുനൽകിയതിലും ഇൗ തീരുമാനമാണ് പ്രതിഫലിച്ചത്.
ആരോഗ്യം, ധനം, പൊതുമരാമത്ത്, പൊതുവിദ്യാഭ്യാസം, ദേവസ്വം വകുപ്പുകളുടെ ചുമതല നിശ്ചയിച്ചതിൽ പൊതുകണക്കുകൂട്ടലുകൾ തെറ്റിച്ചാണ് സി.പി.എം സെക്രേട്ടറിയറ്റ് തീരുമാനമുണ്ടായത്. പുതിയ മുഖങ്ങൾക്ക് തെരഞ്ഞെടുപ്പിൽ അവസരം നൽകുക എന്ന പാർട്ടി നയത്തോളം തന്നെ പ്രധാനമാണ് വീണ ജോർജിന് ആരോഗ്യവും പി.എ. മുഹമ്മദ് റിയാസിന് പൊതുമരാമത്തും ടൂറിസവും വി. ശിവൻകുട്ടിക്ക് പൊതുവിദ്യാഭ്യാസവും കെ.എൻ. ബാലഗോപാലിന് ധനകാര്യവും നൽകാനുള്ള തീരുമാനം. കെ.കെ. ശൈലജയുടെ പ്രവർത്തന മികവിനെ കുറിച്ച് സംശയമില്ലെങ്കിലും ആരോഗ്യ വകുപ്പിൽ ചില പാളിച്ചകളുണ്ടായെന്ന വിലയിരുത്തൽ നേരത്തേ തന്നെ സി.പി.എമ്മിനുണ്ടായിരുന്നു. ചെയ്യേണ്ട ചില കാര്യങ്ങൾ ചെയ്തില്ലെന്ന വിമർശനം നേതൃത്വത്തിലുണ്ടായി. കൂട്ടായ പ്രവർത്തനത്തിലൂടെയാണ് അതു മറികടന്നതെന്നാണ് വിശദീകരണം. അതിസമർഥമായി വെല്ലുവിളിയെ നേരിടുമെന്ന വിലയിരുത്തലിലാണ് വീണ ജോർജിനെ ആരോഗ്യ വകുപ്പ് ഏൽപിക്കാൻ സെക്രേട്ടറിയറ്റ് തീരുമാനിച്ചത്. അവരുടെ ജനകീയ വ്യക്തിത്വം ഭരണത്തിൽ സഹായകമാകുമെന്നും പ്രതീക്ഷിക്കുന്നു.
ആക്ഷേപങ്ങൾക്ക് വഴിപ്പെടില്ലെന്ന സംസ്ഥാന സെക്രേട്ടറിയറ്റിെൻറ നിലപാടാണ് പി.എ. മുഹമ്മദ് റിയാസിന് പൊതുമരാമത്തും ടൂറിസവും നൽകാനുള്ള തീരുമാനം. മുഖ്യമന്ത്രിയുടെ മരുമകനെന്ന ആക്ഷേപത്തിന് ചെവികൊടുത്തല്ല ഡി.വൈ.എഫ്.െഎ അഖിലേന്ത്യ പ്രസിഡൻറിെൻറ വകുപ്പ് തീരുമാനിക്കേണ്ടതെന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ചെറിയ വോട്ടിന് പരാജയപ്പെട്ട റിയാസ് മുഖ്യമന്ത്രിയുടെ ബന്ധുവാകുന്നതിനു മുേമ്പ ഡി.വൈ.എഫ്.െഎ അഖിലേന്ത്യ പ്രസിഡൻറായ നേതാവാണ്. ഇപ്പോൾ മുഖ്യമന്ത്രിയുടെ മകളെ വിവാഹം ചെയ്തതിെൻറ പേരിലാകരുത് വകുപ്പ് നിശ്ചയിക്കുന്നതെന്ന അഭിപ്രായം ഉയർന്നു. ഇത്തരം പ്രചരണങ്ങൾക്കുമുന്നിൽ കീഴടങ്ങാൻ പാടില്ലെന്ന് സെക്രേട്ടറിയറ്റ് നിർദേശിച്ചു. പാർട്ടിക്ക് ശരിയെന്ന് തോന്നുന്നത് നടപ്പാക്കി ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് വേണ്ടതെന്ന നിലപാടിൽ ഉറച്ചുനിൽക്കാനായിരുന്നു തീരുമാനം.
പ്രധാനപ്പെട്ട തദ്ദേശ വകുപ്പിനു പുറമെ ഏറെ ദുർഘടമായ എക്സൈസ് വകുപ്പ് എം.വി. ഗോവിന്ദന് നൽകിയത് മന്ത്രിസഭയിലെ രണ്ടാമനെന്ന പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.