ജോസ് വിഭാഗത്തിന് സീറ്റ്: റാന്നിയിൽ സി.പി.എം ലോക്കൽ കമ്മിറ്റിയിൽ ഇറങ്ങിപ്പോക്ക്
text_fieldsറാന്നി: റാന്നി മണ്ഡലം സീറ്റ് ജോസ് വിഭാഗത്തിന് നൽകിയതിൽ പ്രതിഷേധിച്ച് സി.പി.എം കോട്ടാങ്ങൽ ലോക്കൽ കമ്മറ്റിയിൽനിന്ന് പത്തോളം പ്രവർത്തകർ ഇറങ്ങിപ്പോയി. തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെ നടന്ന യോഗത്തിൽ വിജയം ഉറപ്പുള്ള സീറ്റ് വിട്ടുനൽകിയതിൽ പ്രവർത്തകർ പ്രതിഷേധം അറിയിച്ചു. തുടർന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി അസീസ് റാവുത്തറും ഏരിയ കമ്മിറ്റി അംഗം ഇ.കെ. അജിയും ഒഴികെയുള്ളവർ ഇറങ്ങിപ്പോയി.
രാജു എബ്രഹാമിന് സീറ്റ് നൽകണമെന്ന് അവർ യോഗത്തിൽ അഭിപ്രായപ്പെട്ടു. ഇതിനെ ചൊല്ലിയുള്ള വാക്കുതർക്കം ഇറങ്ങിപ്പോക്കിൽ കലാശിക്കുകയായിരുന്നു. കഴിഞ്ഞദിവസം റാന്നി മണ്ഡലം കമ്മിറ്റി യോഗത്തിലും പ്രവർത്തകർ പ്രതിഷേധം അറിയിച്ചിരുന്നു. രണ്ടുദിവസം മുമ്പ് നാറാണംമൂഴി ഉന്നത്താനിയിലും ഏതാനും പ്രവർത്തകർ പ്രകടനം നടത്തി. പിന്നീട് നേതൃത്വം ഇത് നിഷേധിച്ചു.
റാന്നി മണ്ഡലത്തിലെ എൽ.ഡി.എഫ് പ്രവർത്തകരിൽ നല്ലൊരുവിഭാഗം സീറ്റ് വിട്ടുനൽകിയതിൽ പ്രതിഷേധം മനസ്സിൽ കൊണ്ടുനടക്കുന്നത് പ്രചാരണത്തിനെ ബാധിക്കുമോ എന്ന ആശങ്കയും നേതാക്കൾക്കിടയിലുണ്ട്.
നേരത്തേ കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസിന് വിട്ടുകൊടുത്തതിനെതിരെയും സി.പി.എം പ്രവർത്തകർ തെരുവിലിറങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.