കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസിൽദാർ വിജിലൻസ് പിടിയിൽ
text_fieldsവൈക്കം: വിദേശമലയാളിയില്നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വൈക്കം എല്‍.ആര് (ലാന്‍ഡ് ആന്‍ഡ് റവന്യൂ) വിഭാഗം ഡെപ്യൂട്ടി തഹസില്‍ദാര്‍ അറസ്റ്റില്‍. വൈക്കം ആലത്തൂര്‍പടി തുണ്ടത്തില്‍ (തരണി) ടി.കെ. സുഭാഷ് കുമാറിനെയാണ് (54) കോട്ടയം വിജിലന്‍സ് സംഘം ബുധനാഴ്ച ഉച്ചക്ക് 12.30ഓടെ വൈക്കം പടിഞ്ഞാറെനടയിലെ എസ്.ബി.ഐ എ.ടി.എമ്മിന് സമീപത്തുനിന്ന് അറസ്റ്റ് ചെയ്തത്. മുളക്കുളം സ്വദേശിയുടെ ഭാര്യയുടെ പേരിലുള്ള സ്ഥലം പോക്കുവരവ് ചെയ്യാനാണ് സുഭാഷ് കൈക്കൂലി ആവശ്യപ്പെട്ടത്. 24 സെന്റ് സ്ഥലമാണ് വിദേശമലയാളി ഭാര്യയുടെ പേരില്‍ വാങ്ങിയത്.
11 സെന്റ് സ്ഥലം പോക്കുവരവ് ചെയ്തു. ബാക്കി 13 സെന്റ് സ്ഥലം പോക്കുവരവ് ചെയ്യാൻ കഴിഞ്ഞ എട്ടിന് വൈക്കം താലൂക്ക് ഓഫിസില്‍ ഓണ്‍ലൈൻ അപേക്ഷ നല്കി. 11ന് താലൂക്ക് ഓഫിസില്‍നിന്ന് വിളിച്ചതനുസരിച്ച് സുഭാഷിനെ നേരില്‍ കണ്ടു. ഉടന്‍ പോക്കുവരവ് ചെയ്തുതരാമെന്ന് പറഞ്ഞ് സുഭാഷ് മടക്കിയയച്ചു. തുടര്‍ന്ന് പോക്കുവരവ് ചെയ്യാൻ 60,000 രൂപ ആവശ്യപ്പെട്ടു. 25,000 രൂപ തരാമെന്ന് ഇവര്‍ പറഞ്ഞു. സുഭാഷ് സ്വന്തം കൈപ്പടയില്‍ ബാങ്കിന്റെ അക്കൗണ്ട് നമ്പറും മറ്റു വിവരങ്ങളും എഴുതി നല്കി. തുടര്‍ന്ന്, കോട്ടയം വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു.
വിജിലന്‍സ് നല്കിയ 25,000 രൂപയുമായി എത്തിയ വിദേശമലയാളിയോടൊപ്പം പണം സി.ഡി.എമ്മിലൂടെ സ്വന്തം അക്കൗണ്ടിലേക്ക് അടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സുഭാഷ് പിടിയിലായത്.
കോട്ടയം വിജിലന്‍സ് ഡിവൈ.എസ്.പി വി.ആര്. രവികുമാര്‍, ഇന്‍സ്പെക്ടര്‍ ബി.മഹേഷ് പിള്ള, എസ്.ഐമാരായ സ്റ്റാന്‍ലി തോമസ്, വി.എം. ജയ്മോന്, പി.എന്‍. പ്രദീപ്, എ.എസ്.ഐമാരായ ടി.പി. രജീഷ്, എം.ജി. രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഒരുവര്‍ഷമായി വിജിലന്‍സിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.