ഭാഷക്ക് പുതിയ മാനംപകർന്ന 'ദേശം'
text_fieldsഅങ്കമാലി: അക്ഷരശ്ലോകം കൊണ്ട് മലയാള ഭാഷക്ക് പുതിയ മാനം പകർന്ന കാവ്യരചയിതാവാണ് ഞായറാഴ്ച അന്തരിച്ച എൻ.കെ. ദേശം. 12ാം വയസ്സിൽ കാവ്യരചന ആരംഭിച്ച എൻ.കെ. ദേശം ഭാഷാശുദ്ധി മുതൽ ഭാവശുദ്ധി വരെ എല്ലാ കാര്യത്തിലും നിഷ്കർഷ പുലർത്തിയിരുന്നു. വൃത്തം, വ്യാകരണം എന്നിവയിലെല്ലാം വിട്ടുവീഴ്ചയില്ലാതെ മഹത്ത്വം പരത്തിയ കവിയാണ് ദേശം.
70 വർഷം പിന്നിട്ട സാഹിത്യ ജീവിതത്തിൽ ഒരിക്കൽ മാത്രമേ എൻ.കെ. ദേശം ഗദ്യകവിത രചിച്ചിട്ടുള്ളൂ. ശ്ലോകമെഴുത്തും ദേശത്തിന് ജീവിത തപസ്യയായിരുന്നു.
തൃശൂരിൽ നിന്നിറങ്ങുന്ന ‘കവന കൗതുകം’ മാസികയിൽ മുടങ്ങാതെ അരനൂറ്റാണ്ടിലേറെക്കാലമാണ് അക്ഷരശ്ലോകം എഴുതിയത്. ദേശത്തിന്റെ ലക്ഷണമൊത്ത ശ്ലോകമെഴുത്ത് തന്നെ അസൂയപ്പെടുത്തുന്നതായി വൈലോപ്പിള്ളിയും രേഖപ്പെടുത്തിയിട്ടുണ്ട്. 30 വയസ്സ് വരെ ദേശം രചിച്ച കാവ്യങ്ങൾ പ്രണയ കവിതകളായിരുന്നു. പിന്നീട് സാമൂഹിക, രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിലേക്ക് വഴിമാറുകയായിരുന്നു.
ആലുവ യു.സി കോളജിൽനിന്ന് ഇക്കണോമിക്സിൽ ബിരുദമെടുത്ത ദേശം എം.എ മലയാളം പാസായി. സെക്കൻഡ് ലാംഗ്വേജായ മലയാളത്തിന് യൂനിവേഴ്സിറ്റിതലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. അധ്യാപനമായിരുന്നു സ്വപ്നമെങ്കിലും ബിരുദപഠനം കഴിഞ്ഞയുടൻ സർക്കാർ സർവിസിൽ കയറി. പിന്നീട് എൽ.ഐ.സിയിലേക്ക് മാറുകയായിരുന്നു. 1973ൽ ആദ്യസമാഹാരമായ ‘അന്തിമലരി’പ്രസിദ്ധീകരിച്ചു.
കന്യാഹൃദയം, അപ്പൂപ്പൻതാടി, ചൊട്ടയിലെ ശീലം, പവിഴമല്ലി, ഉല്ലേഖം, അമ്പത്തൊന്നരക്ഷരാളി, എലിമീശ, കാവ്യകേളി, മുദ്ര, മഴത്തുള്ളികൾ, ടാഗോറിന്റെ ഗീതാഞ്ജലിയുടെ വിവർത്തനം എന്നിവയാണ് പ്രധാന കൃതികൾ. ഉല്ലേഖത്തിന് 1982ൽ ആദ്യ ഇടശ്ശേരി അവാർഡ് ലഭിച്ചു. മുദ്രക്ക് 2007ൽ ഓടക്കുഴൽ അവാർഡും 2009ൽ കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു.
2013ൽ സാഹിത്യത്തിലെ സമഗ്ര സംഭാവനക്കുള്ള ആശാൻ പുരസ്കാരത്തിന് അർഹനായി. 2017ൽ ഗീതാഞ്ജലിക്ക് പരിഭാഷക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. അടുത്തിടെ സഞ്ജയൻ പുരസ്കാരവും നേടി.
നാടിന്റെ യാത്രാമൊഴി
അങ്കമാലി: ഞായറാഴ്ച അന്തരിച്ച കവിയും എഴുത്തുകാരനും നിരൂപകനുമായ എൻ.കെ. ദേശത്തിന് സാംസ്കാരിക മണ്ഡലത്തിന്റെ യാത്രാമൊഴി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഔദ്യോഗിക ബഹുമതികളോടെ അങ്കമാലിയിലെ കോതകുളങ്ങരയിലെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം.
തിങ്കളാഴ്ച പുലർച്ചയോടെ കോതകുളങ്ങരയിലെത്തിച്ച മൃതദേഹം വൈകീട്ട് മൂന്നുവരെ എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെച്ചു. എസ്.എസ്.എസ് ഓഡിറ്റോറിയത്തിൽനിന്ന് തൊട്ടടുത്ത വസതിയിലെത്തിച്ച മൃതദേഹം ഒരുമണിക്കൂറോളം പൊതുദർശനത്തിന് വെച്ച ശേഷമാണ് വീട്ടുവളപ്പിൽ സംസ്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.