ഏഴ് ലക്ഷം ചെലവഴിച്ചിട്ടും കുടിവെള്ളം കിട്ടാതെ ദേശമംഗലത്തെ പാണൻ കോളനി
text_fieldsകോഴിക്കോട് : തൃശൂർ ദേശമംഗലം ഗ്രാമ പഞ്ചായത്ത് ഏഴ് ലക്ഷം ചെലവഴിച്ചിട്ടും പാണൻ കോളനിയിൽ കുടിവെള്ളം ലഭിച്ചില്ലെന്ന് ധനകാര്യ പരിശോധനാ റിപ്പോർട്ട്. ഗ്രമപഞ്ചായത്തിലെ ഏഴാം വാർഡിൽ ഏഴു ലക്ഷം രൂപ അടങ്കലിൽ 'പാണൻ കോളനി കുടിവെള്ള പദ്ധതി' ക്ക് ഭരണാനുമതി നൽകിയത്.
2013- 14 കാലഘട്ടത്തിൽ നടപ്പിലാക്കിയ കുഴൽ കിണർ നിർമ്മാണം, പമ്പ് സെറ്റ് സ്ഥാപിക്കൽ എന്നീ പ്രവർത്തികൾ 2013 മെയ് 24ന് ആരംഭിച്ച് 2013 മെയ് 30 ന് പൂർത്തീകരിച്ച് കരാറുകാരനായ പി.എം. വീരാൻകുട്ടിക്ക് 1,63,775 രൂപ അനുവദിച്ചു. എന്നാൽ 2013മെയ് 30ന് പൂർത്തിയായെന്നു അവകാശപ്പെട്ട പദ്ധതിക്ക് വൈദ്യുത കണക്ഷൻ കിട്ടിയത് 23.03.2020 മാർച്ച് 23ന് ആണ്. അതും ഒരു മാസത്തിന് വിച്ഛേദിച്ചു.
പദ്ധതിക്ക് ഭരണാനുമതി നൽകുമ്പോൾ അതിനായി കുടിവെള്ള സ്രോതസ് നിലവിലില്ലായെന്നു ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും സാങ്കേതികാനുമതി നൽകിയ അസി. എക്സിക്യൂട്ടിവ് എഞ്ചിനീയർക്കും പദ്ധതിയുടെ നിർവഹണാധികാരിയായ അസി. എഞ്ചിനീയർക്കും അറിവുള്ളതായിരുന്നുവെന്ന് പരിശോധനയിൽ വ്യക്തമായി. കുഴൽക്കിണറിന്റെ പേരിൽ സർക്കാരിന്റെ 6.19 ലക്ഷം രൂപ പാഴാക്കുകയാണ് ചെയ്തത്. ഇത് കെടുകാര്യസ്ഥതയുടെ മികച്ച ഉദാഹരണമാണ്.
അറിഞ്ഞുകൊണ്ട് മനപൂർവമാണ് ഈ മൂന്നു ഉദ്യോഗസ്ഥരും 6.19 ലക്ഷം രൂപ പാഴാക്കി സർക്കാരിന് നഷ്ടമുണ്ടാക്കിത്. അതിനാൽ പദ്ധതിക്കായി ഗ്രാമ പഞ്ചായത്ത് മുടക്കിയ മുഴുവൻ തുകയും 18 ശതമാനം പലിശ സഹിതം പദ്ധതിയുടെ നിർവഹണോദ്യോഗസ്ഥനായ ജെ.എസ്. സുധീർ രാജ്, സാങ്കേതികാനുമതി നൽകിയ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ എം.കെ. സജീവ്, ഭരണാനുമതി നൽകിയ ദേശമംഗലം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം.എസ് അംബിക എന്നിവരിൽ നിന്നും തുല്യമായി ഈടാക്കമെന്നാണ് റിപ്പോർട്ടിലെ ശിപാർശ. ഇവർക്കെതിരെ ഭരണവകുപ്പ് ഉചിതമായ അച്ചടക്കനടപടിയും സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.
ആർക്കും പ്രയോജനം ചെയ്യാത്ത കുഴൽക്കിണർ നിർമാണം, പമ്പ് സെറ്റ് സ്ഥാപിക്കൽ എന്നീ പ്രവർത്തികൾ പൂർത്തീകരിച്ചെന്നു അവകാശപ്പെട്ട് കരാറുകാരന് നൽകിയ 1,63,775 രൂപ 18 ശതമാനം പിഴ പലിശ സഹിതം പദ്ധതിയുടെ നിർവഹണ അധികാരിയായിരുന്ന ദേശമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും ഈടാക്കണം.
2013 ൽ നടപ്പിലാക്കിയ കുഴൽക്കിണർ നിർമാണവും പമ്പ് സെറ്റ് സ്ഥാപിക്കലും എന്ന പദ്ധതിയുടെ ഫയൽ കൃത്യമായി സൂക്ഷിച്ചിട്ടില്ല. ഇതിനു കാരണം ഫയലുകൾ സൂക്ഷിക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ കൃത്യവിലോപവും അലംഭാവവുമാണ്. പദ്ധതിയുടെ പ്രയോജനം പൊതുജനത്തിന് ലഭിച്ചിട്ടില്ല. ഈ പദ്ധതിയുടെ തുടർച്ചയായി തദ്ദേശ സ്വയംഭരണ എഞ്ചിനീയറിങ്ങ് വിഭാഗം നടപ്പാക്കിയ കുടിവെള്ള പദ്ധതിയും പ്രയോജനകരമായില്ലെന്നും പരിശോധനയിൽ കണ്ടെത്തി.
പദ്ധതി നടപ്പാക്കലുമായി ബന്ധപ്പെട്ട് ഫയലുകൾ അപ്രത്യക്ഷമായി. ഇതും ഗുരുതരമായ സാഹചര്യമാണ്. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ആവശ്യപ്പെട്ടിട്ടും തരാതിരുന്നതും ഗൗരവമായി കാണണം. അതിനാൽ, ഫയൽ സൂക്ഷിക്കുന്നതിൽ വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ അച്ചടക്കനടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.