കാണാതായ മകനെ തേടി പിതാവ് അലഞ്ഞത് 2000 കിലോമീറ്റർ
text_fieldsആഗ്ര: കാണാതായ മകനെ തേടി പിതാവ് സൈക്കിളിൽ യാത്ര ചെയ്തത് 2000 കിലോമീറ്ററിലധികം. ആഗ്രയിൽ നിന്ന് 60 കിലോമീറ്റർ അകലെ ഹത്രാസിലെ കർഷകത്തൊഴിലാളിയായ സതീഷ് ചന്ദ്രയാണ് അഞ്ച് മാസമായി മകനെത്തേടി സൈക്കിളിൽ യാത്ര തുടരുന്നത്. ചന്ദ്രയുടെ 11 വയസ്സുള്ള മകൻ ഗോദ്നയെ കഴിഞ്ഞ ജൂണിലാണ് കാണാതായത്. ഡൽഹി, ഝാൻസി, കാൺപൂർ, ബിന എന്നിവടങ്ങളിൽ ഇതിനകം യാത്ര ചെയ്തു. കാണാതായ കുട്ടിയുടെ ഫോട്ടോ സൈക്കിളിന് മുന്നിൽ വെച്ചാണ് നാൽപത്തിരണ്ട് വയസുകാരനായ ചന്ദ്രയുടെ യാത്ര.
മാനസിക വെല്ലുവിളി നേരിടുന്ന ഗോദ്നയെ ജൂൺ 24 നാണ് കാണാതാവുന്നത്. ഹത്രാസിലെ മദ്റക് റെയിൽവേ സ്റ്റേഷനു സമീപത്താണ് സംസാരശേഷി ഇല്ലാത്ത കുട്ടിയ അവസാനമായി കണ്ടത്. ചന്ദ്ര പോലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ട്രെയിൻ കയറി മകൻ എവിടെയോ എത്തിച്ചേർന്നിട്ടുണ്ടാകുമെന്നാണ് പിതാവ് കരുതുന്നത്. അത് കൊണ്ട് തന്നെ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് ഇദ്ദേഹത്തിൻറെ യാത്ര. ചന്ദ്രയുടെയും ഭാര്യയുടേയും ഏക സന്താനമാണ് ഗോഡ്ന. മൂന്ന് മക്കളുണ്ടായിരുന്ന ചന്ദ്രയുടെ ഒരു മകൾ അസുഖം മൂലം മരണമടയുകയായിരുന്നു. മറ്റൊരു മകൻ ട്രാക്ടറിടിച്ചു മരിച്ചു.
ചന്ദ്രയുടെ സൈക്കിൾ യാത്ര വാർത്തയായതോടെ അഡീഷണൽ ഡി.ജി.പി അജയ് ആനന്ദ് ഇടപെട്ട് കുട്ടിയെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ പുനരുജ്ജീവിപ്പിച്ചിട്ടുണ്ട്. പൊലീസ് സൂപ്രണ്ട് ചന്ദ്രയെ സന്ദർശിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. കുട്ടിയെ കണ്ടെത്താൻ പ്രത്യേക പോലീസ് സംഘം രൂപീകരിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയുടെ സഹായവും പൊലീസ് തേടിയിരിക്കുകയാണ്. നേരത്ത രണ്ട് തവണ ഗോദ്ന വീട്ടിൽ നിന്നും ഒാടിപ്പോയിരുന്നു. അപ്പൊഴൊക്കെ അവൻ തിരിച്ചെത്തുകയും ചെയ്തിരുന്നു. ഇത്തവണയും മകൻ വരുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.