അനധികൃത ഫ്ലക്സ് ബോർഡുകൾ സർക്കാറിന് വീണ്ടും ഹൈകോടതി വിമർശനം
text_fieldsകൊച്ചി: അനധികൃത ഫ്ലക്സുകളും ബോർഡുകളും പെരുകുന്നതിനെതിരെ സർക്കാറിന് വീണ്ടും ഹൈകോടതിയുടെ വിമർശനം. ഇക്കാര്യത്തിൽ കാര്യക്ഷമമായ പ്രവർത്തനം സർക്കാർ ഭാഗത്ത് നിന്നുണ്ടാവുന്നില്ല. സർക്കാർ വകുപ്പുകളുടെ ബോർഡുകൾ ഉൾപ്പെടെ അനധികൃതമായി സ്ഥാപിച്ചിരിക്കുന്നവയുടെ കൂട്ടത്തിലുണ്ടെന്നും തന്നിഷ്ടം പോലെ ബോർഡുകൾ വെക്കാൻ ആരെയും അനുവദിക്കരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. അനധികൃതമായി ബോർഡുകൾ വെക്കുന്നവരിൽനിന്ന് 5,000 രൂപ വീതം പിഴയീടാക്കിയാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കം ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ അനധികൃത ബോർഡുകളും ഫ്ലക്സുകളും തടയണമെന്ന ഹരജികളാണ് സിംഗിൾബെഞ്ച് പരിഗണിച്ചത്.
ബുധനാഴ്ച ഹരജി പരിഗണിച്ചപ്പോൾ തദ്ദേശ ഭരണ അഡീ. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഓൺലൈൻ മുഖേന കോടതിയിൽ ഹാജരായിരുന്നു. 40 ലക്ഷത്തോളം അനധികൃത ബോർഡുകൾ നീക്കം ചെയ്തെന്ന് സർക്കാർ വിശദീകരിച്ചു. ഇവക്ക് 5,000 രൂപ വീതം പിഴ ചുമത്തിയിരുന്നെങ്കിൽ വലിയ തുക സർക്കാർ ഖജനാവിലേക്കെത്തിയേനെ. നീക്കം ചെയ്ത ബോർഡുകൾക്ക് എത്ര രൂപ പിഴയീടാക്കിയെന്ന് മൂന്നാഴ്ചക്ക് ശേഷം ഹരജി വീണ്ടും പരിഗണിക്കുമ്പോൾ അഡീ. ചീഫ് സെക്രട്ടറി അറിയിക്കണമെന്നും കോടതി നിർദേശിച്ചു.
എല്ലാവർക്കും സ്വന്തം പടം വേണമെന്നാണ് ആഗ്രഹം. അതിനാണ് ഫ്ലക്സ് ബോർഡുകൾ വ്യാപകമായി വെക്കുന്നത്. ഇവ ജീർണിക്കുകയും വെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ വളരുകയും ചെയ്യുകയാണ്. ഡെങ്കി ഉൾപ്പെടെയുള്ള അസുഖത്തിന് ഇവ കാരണമാകുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. മാലിന്യങ്ങൾ കുന്നുകൂടിയ സ്ഥലങ്ങളുടെ ചിത്രം പൊതുജനങ്ങൾക്ക് സിറ്റിസൺ പോർട്ടലിൽ പങ്കുവെക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ഇത്തരം റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടപടിയെടുത്തെന്നും അഡീ. ചീഫ് സെക്രട്ടറി വിശദീകരിച്ചു. ഇവയിൽ സ്വീകരിച്ച നടപടികളുടെ വിവരവും അടുത്തതവണ അറിയിക്കാൻ കോടതി നിർദേശിച്ചു.
റോഡ് സുരക്ഷ അധികൃതരടക്കമുള്ളവരുടെയും വിവിധ വകുപ്പുകളുടെയും സഹായത്തോടെ മാത്രമേ അനധികൃത ബോർഡുകൾ പൂർണമായും നീക്കാനാവൂയെന്ന് അഡീ. ചീഫ് സെക്രട്ടറി വ്യക്തമാക്കി. മാലിന്യമുക്ത നവകേരള പദ്ധതി പ്രകാരം സർക്കാർ വകുപ്പുകളെന്നോ സർക്കാറിതര സ്ഥാപനങ്ങളെന്നോ വ്യത്യാസമില്ല. സർക്കാർ സ്ഥാപനങ്ങൾക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. കോടതിയുടെ നിർദേശങ്ങൾ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും വിശദീകരിച്ചു. പിഴയീടാക്കുന്ന കാര്യം സർക്കാർ പരിശോധിക്കുന്നുണ്ടെന്ന് അഡീ. അഡ്വക്കറ്റ് ജനറലും കോടതിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.