ഗാന്ധിജി നിർദേശിച്ചിട്ടും ഭരണഘടനാ സമിതിയിലേക്ക് അംബേദ്കറെ കൊണ്ടുവരുന്നതിന് നേതൃത്വം എതിർത്തു- പി.എസ്.ശ്രീധരൻ പിള്ള
text_fieldsകൊച്ചി: ഇന്ത്യയുടെ ഭരണഘടനാ സമിതിയിലേക്ക് അംബേദ്കറെ കൊണ്ടുവരുന്നതിന് ഗാന്ധിജി നിർദേശിച്ചിട്ടും അന്നത്തെ ദേശീയ നേതൃത്വം എതിർത്തെന്ന് ഗോവ ഗവർണർ അഡ്വ. പി.എസ്.ശ്രീധരൻ പിള്ള. പി.ടി.ചാക്കോ ഫൗണ്ടേഷൻ പുരസ്ക്കാരം കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബുവിന് നൽകി സംസാരിക്കുകയായിരുന്നു ഗവർണർ. പ്രസിദ്ധ നിയമ പണ്ഡിതൻ സർ വില്യം ഐവർ ജെന്നിംഗ്സിൻ്റെ പേര് പറഞ്ഞാണ് അംബേദ്കറെ തഴയാൻ ശ്രമിച്ചത്. പല ഘട്ടങ്ങളിലും അംബേദ്കറിനെ ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എംപുരാൻ സിനിമയേയും അദ്ദേഹം പരാമർശിച്ചു. ഒരു ചിത്രം അതിൻറെ നിർമാണം പൂർത്തിയാക്കി പ്രദർശനം ആരംഭിച്ചു കഴിഞ്ഞതിനു ശേഷം നിർമാതാക്കൾ തന്നെ ചിത്രത്തിലെ 17 ഭാഗങ്ങൾ വെട്ടിമാറ്റുന്നത് ചരിത്രത്തിൽ ആദ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൗരത്വ നിയമഭേദഗതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തെറ്റിദ്ധാരണാജനകമായ പ്രക്ഷോഭങ്ങൾ നടത്തിയവരെ അനുകൂലിക്കുന്നത് ശരിയായ നിലപാടല്ല.
ഗവർണർ പദവി ഏറ്റവും മുകളിലാണെന്ന അഭിപ്രായം തനിക്കില്ല. താൻ ഈ പറയുന്നത് കേരളവുമായി ബന്ധപ്പെട്ട കാര്യങ്ങളിലല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റവും മുകളിൽ ജനങ്ങളാണ്. പത്രപ്രവർത്തനം ഇടുങ്ങിയ കള്ളികളിൽ ഒതുങ്ങേണ്ടതല്ല. ഒരു പ്രത്യേക ആശയഗതി പുലർത്തുമ്പോൾ തന്നെ ജേണലിസത്തിൽ മികച്ച നിലയിൽ അടയാളപ്പെടുത്തലുകൾ നടത്താൻ കഴിഞ്ഞുവെന്നതാണ് ആർ.എസ്. ബാബുവിൻ്റെ പ്രത്യേകത.
അസംബ്ലി പാസ് നിഷേധവുമായി ബന്ധപ്പെട്ട അദ്ദേഹത്തിൻറെ കേസിൻറെ ഭരണഘടനാമൂല്യം വലുതാണെന്നും ഗവർണർ പറഞ്ഞു. ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ, മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ്, ചെറിയാൻ ഫിലിപ്പ്, പി.ടി. ചാക്കോ ട്രസ്റ്റ് ചെയർമാൻ ബിജു ജേക്കബ്, വൈസ് ചെയർമാൻ നിതിൻ ജേക്കബ്, രക്ഷാധികാരി ശാന്തമ്മ ചാക്കോ എന്നിവർ സംസാരിച്ചു. കമ്യൂണിസ്റ്റ് പത്രപ്രവർത്തകനാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് മറുപടി പ്രസംഗത്തിൽ ആർ.എസ്. ബാബു പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.