വടകര സീറ്റ് ലഭിച്ചിട്ടും മുറിവുണങ്ങാതെ എല്‍.ജെ.ഡി
text_fieldsവടകര: ജെ.ഡി.എസില്‍നിന്ന് വടകര സീറ്റ് ലഭിച്ചിട്ടും പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങള്‍ എല്‍.ജെ.ഡിയെ വിട്ടുമാറുന്നില്ല. ജെ.ഡി.എസില്‍നിന്ന് എല്‍.ജെ.ഡിയിലെത്തിയ മുന്‍ എം.എല്‍.എ എം.കെ. പ്രേംനാഥിെൻറ നേതൃത്വത്തിലുള്ള നേതാക്കളെ വേണ്ട രീതിയില്‍ പരിഗണിച്ചില്ലെന്ന ആക്ഷേപം ശക്തമായി നിലനില്‍ക്കുകയാണ്. വടകരക്ക് പുറമെ, ജില്ലയുടെ പലഭാഗത്തായി ഇത്തരം നേതാക്കളുണ്ട്. തെരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ ഇവരുടെ അമര്‍ഷം വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. അഴിയൂര്‍ പഞ്ചായത്തില്‍നിന്ന് ഇടത് വിമതയായി ജയിച്ച മഹിള ജനതാദള്‍ സംസ്ഥാന നേതാവ് കെ. ലീലയെ എല്‍.ജെ.ഡി വേദികളില്‍ ആദരിക്കുന്നതിനെതിരെയും പ്രതിഷേധമുയരുകയാണ്.
മുന്നണി സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് ലീല തനിച്ച് മത്സരിച്ചത്. അഴിയൂരില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടപ്പെടുന്നതിലേക്ക് നയിച്ചതും ലീലയെയും കൂട്ടരെയും ചൊടിപ്പിച്ചതാണെന്ന് പറയുന്നുണ്ട്. ജില്ലയിലെ എല്‍.ജെ.ഡി ജനപ്രതിനിധികള്‍ക്ക് നല്കിയ സ്വീകരണത്തില്‍ ലീലയെ സംസ്ഥാന പ്രസിഡൻറ് എം.വി. ശ്രേയാംസ് കുമാര്‍ പൊന്നാടയണിച്ചിരുന്നു. ഇതിനെതിരെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗെത്തത്തിയിരുന്നു. ഇതിെൻറ തുടര്‍ച്ചയായി, വടകരയില്‍ നടന്ന എല്‍.ജെ.ഡി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്വെന്ഷന് വേദിയില്‍ ലീലയെ ഇരുത്തുന്നതിനെതിരെയും ഒരുവിഭാഗം പ്രതിഷേധിച്ചിരുന്നു. കണ്വെന്ഷന് അലങ്കോലപ്പെടുമെന്നു കണ്ടപ്പോള്‍, ജില്ല പ്രസിഡൻറ് മനയത്ത് ചന്ദ്രെൻറ നേതൃത്വത്തില്‍ ഇടപെട്ട് താൽക്കാലിക പരിഹാരം കാണുകയായിരുന്നു. ഇതുപ്രകാരം ഫെബ്രുവരി 20നുള്ളില്‍ പ്രശ്നം പരിഹരിക്കാനായിരുന്നു തീരുമാനം. എന്നാല്‍, തുടര്‍ചര്‍ച്ചകള്‍ നടന്നില്ല.
ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ച വടകരയില്‍ മണ്ഡലത്തിലെ നേതാക്കളുടെ യോഗം എം.വി. ശ്രേയാംസ്കുമാര്‍ വിളിച്ചിട്ടുണ്ട്. വടകരയിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വെല്ലുവിളികളില്ലാതെ നടത്താന്‍ കഴിയണമെന്നാണ് നേതൃത്വത്തിെൻറ ആഗ്രഹം. സ്ഥാനാര്‍ഥിത്വത്തിനായുള്ള മണ്ഡലത്തിലെ നേതാക്കളുടെ വടംവലിക്കിടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ക്ക് പി. ഹാരിസിനെ സ്ഥാനാര്‍ഥിയാക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.