‘നീറ്റി’ൽ മെച്ചപ്പെട്ടിട്ടും അഖിലേന്ത്യ ക്വോട്ട പ്രവേശനത്തിൽ പിറകോട്ടടിച്ച് കേരളം
text_fieldsതിരുവനന്തപുരം: നീറ്റ് യു.ജി പരീക്ഷയിൽ മെച്ചപ്പെട്ട ഫലമുണ്ടായിട്ടും മെഡിക്കൽ പ്രവേശനത്തിൽ കേരളത്തിൽനിന്ന് അഖിലേന്ത്യ ക്വോട്ട സീറ്റ് തെരഞ്ഞെടുത്തവരുടെ എണ്ണത്തിൽ കുറവ്. അഖിലേന്ത്യ ക്വോട്ട, സംസ്ഥാന ക്വോട്ട അലോട്ട്മെന്റുകളുടെ രണ്ട് റൗണ്ട് പിന്നിട്ടപ്പോഴാണിത്.
കഴിഞ്ഞ വർഷം സംസ്ഥാന റാങ്ക് പട്ടികയിലെ ആദ്യ 1000 പേരിൽ 311 പേർ അഖിലേന്ത്യ ക്വോട്ട സീറ്റാണ് തെരഞ്ഞെടുത്തത്. ഇത്തവണ അത് 272 ആയി. കേരളത്തിൽനിന്നുള്ള വിദ്യാർഥികൾ കൂടുതലായി അഖിലേന്ത്യ ക്വോട്ട സീറ്റ് തെരഞ്ഞെടുക്കുന്നത് സംസ്ഥാന ക്വോട്ടയിൽ പ്രവേശന സാധ്യത വർധിപ്പിക്കും. ഇത്തവണ ഒട്ടേറെ മുൻനിര റാങ്കുകാർ പോലും അഖിലേന്ത്യ ക്വോട്ട ശ്രമിക്കാതെ സംസ്ഥാന ക്വോട്ടയിലാണ് അലോട്ട്മെന്റ് നേടിയത്. ഇതുകാരണം രാജ്യത്തെ മുൻനിര മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഡൽഹി എയിംസ്, പുതുച്ചേരി ജിപ്മെർ എന്നിവിടങ്ങളിൽ പ്രവേശനം നേടിയ കേരളത്തിൽനിന്നുള്ള കുട്ടികളുടെ എണ്ണത്തിലും കുറവുണ്ടായി.
സംസ്ഥാന റാങ്ക് പട്ടികയിലെ ആദ്യ നൂറിൽ അഞ്ചുപേർ മാത്രമാണ് ഡൽഹി എയിംസിൽ പ്രവേശനം നേടിയത്. ജിപ്മെറിൽ ഏഴുപേരും. അഖിലേന്ത്യ ക്വോട്ട തെരഞ്ഞെടുത്ത ആദ്യ 100 റാങ്കുകാരിൽ 36 പേരും സംസ്ഥാനത്തെ അഖിലേന്ത്യ ക്വോട്ട സീറ്റാണ് തെരഞ്ഞെടുത്തത്. ഉയർന്ന റാങ്കുകാർ കേരളത്തിലെ സീറ്റുകളിൽതന്നെ പ്രവേശനം നേടാൻ ശ്രമിച്ചതിന്റെ പ്രതിഫലനം സംസ്ഥാന ക്വോട്ട അലോട്ട്മെന്റിലുമുണ്ടായിട്ടുണ്ട്.
കഴിഞ്ഞ വർഷം സംസ്ഥാന ക്വോട്ടയിൽ രണ്ടാം റൗണ്ട് അലോട്ട്മെന്റിൽ സ്റ്റേറ്റ് മെറിറ്റിൽ 898ാം റാങ്കിന് വരെ സർക്കാർ മെഡിക്കൽ കോളജിൽ അലോട്ട്മെന്റ് ലഭിച്ചപ്പോൾ ഇത്തവണ 833ാം റാങ്കാണ്.
ഇ.ഡബ്ല്യു.എസ് സംവരണത്തിൽ കഴിഞ്ഞ വർഷം ഇത് 4020ാം റാങ്ക് ആയിരുന്നത് ഇത്തവണ 3275ാം റാങ്ക് ആണ്. ഈഴവ സംവരണത്തിൽ കഴിഞ്ഞ വർഷം 1898ാം റാങ്ക് വരെ അലോട്ട്മെന്റ് ലഭിച്ചപ്പോൾ ഇത്തവണ 1765ഉം മുസ്ലിം സംവരണത്തിൽ 1287ആയിരുന്നത് 1157ാം റാങ്കുമായി കുറഞ്ഞു.
അഖിലേന്ത്യ, സംസ്ഥാന ക്വോട്ട പ്രവേശനത്തിൽ ഇത്തവണ മൂന്നാം റൗണ്ട് അലോട്ട്മെന്റ് കൂടിയുണ്ട്. ഇത്തവണ മോപ് അപ് റൗണ്ട് പൂർണ രൂപത്തിലുള്ള മൂന്നാം റൗണ്ടാക്കി മാറ്റിയത് കൂടുതൽ വിദ്യാർഥികൾക്ക് പ്രവേശനത്തിന് സഹായിക്കുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.