നിപ ആവർത്തിച്ചിട്ടും വവ്വാൽ പഠനത്തിന് അമാന്തം
text_fieldsകോഴിക്കോട്: നാലാം തവണ നിപ മുൾമുനയിൽ നിർത്തുമ്പോഴും വൈറസ് വാഹകരായ വവ്വാലുകളെക്കുറിച്ചുള്ള പഠനത്തിൽ കേരളത്തിന് അമാന്തം. നിപ റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച വവ്വാൽ സാമ്പ്ളുകളിൽ വൈറസ് ആന്റിബോഡി കണ്ടെത്തിയെന്നല്ലാതെ വവ്വാലുകളിൽ സർവേ നടത്താനോ വൈറസിന്റെ തീവ്രത, വ്യാപനം എന്നിവയെക്കുറിച്ചുള്ള പഠനത്തിനോ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. നിപ വൈറസ് ഒറ്റയടിക്ക് 17 ജീവനുകൾ കവർന്ന് അഞ്ചുവർഷം പിന്നിടുമ്പോഴും വൈറസ് വ്യാപനത്തെക്കുറിച്ച് പറയാൻ നാം ആശ്രയിക്കുന്നത് വർഷങ്ങൾക്കുമുമ്പ് വിദേശ രാജ്യങ്ങളിൽ നടന്ന പഠനങ്ങളെയാണ്.
പ്രജനന കാലത്തും ഗർഭ കാലത്തും സമ്മർദം ഏറുമ്പോഴാണ് വവ്വാലുകൾ വൈറസ് പുറന്തള്ളുന്നതെന്നാണ് നിഗമനം. എന്നാൽ കേരളത്തിന്റെ പ്രത്യേക കാലാവസ്ഥയിൽ ഇതേക്കുറിച്ച് കൃത്യമായ പഠനം നടന്നിട്ടില്ല. ഇക്കാര്യത്തിൽ വവ്വാലുകളിൽ തുടർച്ചയായ, കൃത്യമായ പഠനം വേണമെന്നും ഇതിനായി മൃഗസംരക്ഷണ, വനം, ആരോഗ്യ വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ പ്രത്യേക ഏജൻസി രൂപവത്കരിക്കണമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകണമെന്നും 2021ൽ നിപ ബാധിത പ്രദേശങ്ങളിൽ പഠനം നടത്തിയ ഉദ്യോഗസ്ഥർ സർക്കാറിനോട് നിർദേശിച്ചിരുന്നു. എന്നാൽ ഇതിൽ മറ്റൊരു നടപടിയും ഉണ്ടായില്ല.
2018ൽ മേയ് ആദ്യവാരത്തിലും 2019ൽ ജൂൺ ആദ്യ വാരത്തിലുമായിരുന്നു കേരളത്തിൽ നിപ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2021ലും ഈ വർഷവും സെപ്റ്റംബറിലാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തിലെ പ്രത്യേക കാലാവസ്ഥയിൽ വവ്വാലുകളിലെ വൈറസ് സാന്നിധ്യത്തെക്കുറിച്ചും അത് ഏതുവിധേനയാണ് മനുഷ്യരിലേക്ക് പകരുന്നത് എന്നതിനെക്കുറിച്ചും കൃത്യമായ പഠനങ്ങൾ നടത്തേണ്ടത് ആവശ്യമാണെന്ന് മൃഗസംരക്ഷണ വകുപ്പ് റിട്ട. ജോ.ഡയറക്ടർ കെ.കെ. ബേബി അഭിപ്രായപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ കൃത്യമായ പ്രോട്ടോകോൾ തയാറാക്കണം. കേരളത്തിൽ നിപ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷക്ക് അത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
എൻ.ഐ.വി പുണെയുടെ നേതൃത്വത്തിൽ രണ്ടാമത് നടന്ന പഠനത്തിലും നിപ സ്ഥിരീകരണം മാത്രമാണുണ്ടായത്. വവ്വാലുകളിൽ തുടർച്ചയായ നിരീക്ഷണമോ പഠനമോ ഉണ്ടായിട്ടില്ല. ഇക്കാര്യത്തിൽ നിപ ബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്കക്ക് ശാശ്വത പരിഹാരം കാണാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.