വായ്പ തിരിച്ചടച്ചിട്ടും പ്രമാണം നൽകിയില്ല: ബാങ്കിന് മുന്നിൽ എം.എൽ.എയുടെ കുത്തിയിരിപ്പ് സമരം
text_fieldsആലപ്പുഴ: മത്സ്യബന്ധന ഉപകരണങ്ങൾ വാങ്ങാനെടുത്ത വായ്പ തിരിച്ചടച്ചിട്ടും ഈടായി നൽകിയ ആധാരം അടക്കമുള്ള പ്രമാണം നൽകുന്നില്ലെന്ന് ആരോപിച്ച് പി.പി. ചിത്തരഞ്ജൻ എം.എൽ.എയുടെ നേതൃത്വത്തിൽ 17 മത്സ്യത്തൊഴിലാളി കുടുംബങ്ങൾ എസ്.ബി.ഐ റീജനൽ ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. പ്രശ്നപരിഹാരത്തിന് വെള്ളിയാഴ്ച ജില്ല കലക്ടർ അടിയന്തര യോഗം വിളിച്ചു. ബന്ധപ്പെട്ട രേഖകളുമായി ബാങ്ക് അധികൃതർ കലക്ടറേറ്റിൽ എത്താനാണ് നിർദേശം.
ആലപ്പുഴ ബീച്ചിന് സമീപത്തെ എസ്.ബി.ഐ റീജനൽ ഓഫിസിന് മുന്നിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ 11.30ന് ആരംഭിച്ച സമരം വൈകീട്ട് 4.30നാണ് അവസാനിച്ചത്. സമരത്തിനിടെ റീജനൽ മാനേജറുമായി എം.എൽ.എ നടത്തിയ ചർച്ചയിലും വിഷയത്തിന് പരിഹാരമായില്ല. തുടർന്ന് കലക്ടർ ഇടപെട്ടതോടെയാണ് സമരം നിർത്തിവെച്ചത്.
2005ൽ ചെട്ടിക്കാട് കടപ്പുറത്തെ 20പേരടങ്ങുന്ന ‘അമലോത്ഭവ’ സ്വാശ്രയസംഘം വള്ളവും വലയും വാങ്ങാൻ എസ്.ബി.ഐ തുമ്പോളി ശാഖയിൽനിന്ന് 25 ലക്ഷം രൂപയാണ് വായ്പയെടുത്തതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഇതിൽ 17പേരുടെ ആധാരം ഉൾപ്പെടെയുള്ള രേഖകൾ പണയപ്പെടുത്തിയാണ് തുക അനുവദിച്ചത്. കാലവർഷത്തിലും അല്ലാതെയും ഉപകരണങ്ങൾക്ക് കേടുപാടുണ്ടായി. 2010ൽ കടശ്വാസകമീഷനെ ഇടപെട്ട് സർക്കാർ വായ്പ കുടിശ്ശിക തിരിച്ചടച്ചു. പ്രമാണം തിരികെകിട്ടാൻ നിരവധി തവണ ബാങ്കിൽ കയറിയിറങ്ങിയിട്ടും പിന്നെയും തുക അടക്കാനുണ്ടെന്നായിരുന്നു മറുപടി. 13വർഷമായി ആധാരമടക്കമുള്ള രേഖകൾ തിരികെ നൽകാൻ തയാറായിട്ടില്ല. മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പലതവണ അന്വേഷിച്ചിട്ടും നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത്.
വായ്പ തിരിച്ചടച്ചതിന്റെ രേഖകൾ ആവശ്യപ്പെട്ട് ആറു തവണ എം.എൽ.എയും വിഷയത്തിൽ ഇടപെട്ടിരുന്നു. തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് സമരവുമായി മുന്നിട്ടിറങ്ങിയത്. എന്നാൽ, ഇതുസംബന്ധിച്ച് ബാങ്ക് അധികൃതർ വിശദീകരണം നൽകാൻ തയാറായില്ല. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ ദൃശ്യമാധ്യമപ്രവർത്തകരെ കൈയേറ്റത്തിന് മുതിർന്നത് നേരിയ സംഘർഷത്തിന് ഇടയാക്കി. ബാങ്കിന്റെ ചുമതലയുള്ള മാനേജർ ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തുന്നത് തടയുകയും കാമറ തട്ടിതെറിപ്പിക്കുകയും ചെയ്തു. ചാനൽ റിപ്പോർട്ടറുടെ ഹെഡ്സെറ്റ് നശിപ്പിച്ചതായും പരാതിയുണ്ട്.
17 മത്സ്യത്തൊഴിലാളികൾ ഈടായി നൽകിയ പ്രമാണങ്ങൾ കാണാനില്ലെന്ന് എസ്.ബി.ഐ റീജനൽ മാനേജർ പറഞ്ഞതായി പി.പി. ചിത്തരഞ്ജൻ എം.എൽ.എ അറിയിച്ചു എസ്.ബി.ഐ റീജനൽ ഓഫിസിന് മുന്നിൽ ആരംഭിച്ച കുത്തിയിരിപ്പ് സമരത്തിനിടെ നടത്തിയ ചർച്ചക്കുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.