പ്രതിസന്ധിയിലും നേട്ടം; കയറ്റിയയച്ചത് 12.89 ലക്ഷം ടൺ സമുദ്രോൽപന്നം
text_fieldsകൊച്ചി: കോവിഡ് ഭീഷണി മറികടന്ന് സമുദ്രോൽപന്ന കയറ്റുമതിയിൽ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മികച്ച നേട്ടം. 2019-20ല്‍ 46,662.85 കോടി മൂല്യമുള്ള 12,89,651 ടണ്‍ സമുദ്രോൽപന്നം കയറ്റിയയച്ചു. 2018-19 നെക്കാള്‍ കയറ്റുമതി അളവ് കുറഞ്ഞെങ്കിലും മൂല്യം വർധിച്ചു. പ്രതികൂല സാഹചര്യത്തിലും 2019-20ല്‍ കയറ്റുമതി വരുമാനം രൂപയില്‍ 0.16 ശതമാനം വളര്‍ച്ച നേടി. എന്നാല്‍, അളവിലും ഡോളര്മൂല്യത്തിലും വളര്‍ച്ച കുറഞ്ഞു. കയറ്റുമതി അളവില്‍ 7.39 ശതമാനത്തിെൻറയും ഡോളര്‍ മൂല്യം 0.74 ശതമാനത്തിെൻറയും കുറവാണ് രേഖപ്പെടുത്തിയത്.
ശീതീകരിച്ച ചെമ്മീനാണ് കയറ്റുമതി അളവിലും മൂല്യത്തിലും മുന്നിൽ. ശീതീകരിച്ച മത്സ്യമാണ് രണ്ടാമത്. അമേരിക്കയും ചൈനയുമാണ് ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത്. കോവിഡ് ആശങ്കക്കിടയിൽ പ്രധാന വിപണികളിലെ മോശം ഡിമാന്‍ഡ് മറികടന്നാണ് 12,89,651 ടണ്‍ സമുദ്രോൽപന്നം കയറ്റിയയച്ചതെന്ന് സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി (എം.പി.ഇ.ഡി.എ) ചെയര്മാന് കെ.എസ്. ശ്രീനിവാസ് പറഞ്ഞു. 700 കോടി യു.എസ് ഡോളറിെൻറ ലക്ഷ്യം ചെറിയ വ്യത്യാസത്തിലാണെങ്കിലും നഷ്ടപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ശീതീകരിച്ച ചെമ്മീന്‍ 34,152.03 കോടിയുടെ വരുമാനമാണ് നേടിത്തന്നത്. ആകെ കയറ്റുമതിയുടെ 50.58 ശതമാനവും ഡോളര്‍ വരുമാനത്തിെൻറ 73.21 ശതമാനവും ഈ ഇനത്തിലാണ്. കാരച്ചെമ്മീനില്നിന്ന് ലഭിച്ച ആകെ ഡോളര്‍ വരുമാനത്തിെൻറ 36.88 ശതമാനവും അമേരിക്കയില്‍നിന്നാണ്. ശീതീകരിച്ച മത്സ്യം കയറ്റുമതി വഴി 3,610.01 കോടിയാണ് വരുമാനം. ശീതീകരിച്ച കൂന്തല്‍, ഉണക്കമത്സ്യം കയറ്റുമതി കുറഞ്ഞു.
വിദേശ വിപണിയില്‍ മൂല്യാടിസ്ഥാനത്തില്‍ അമേരിക്കതന്നെയാണ് ഇന്ത്യയില്‍നിന്ന് ഏറ്റവുമധികം സമുദ്രോൽപന്നം ഇറക്കുമതി ചെയ്യുന്നത്: 3,05,178 ടൺ. ചൈന 3,29,479 ടണ്ണാണ് ഇറക്കുമതി ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.