മത്സ്യബന്ധന വിവാദം: സത്യമെന്ത് ?
text_fieldsഅമേരിക്കൻ കമ്പനിക്ക് കേരളതീരത്ത് ആഴക്കടൽ മത്സ്യബന്ധന മേഖലയിൽ സർക്കാർ പ്രവർത്തനാനുമതി നൽകിയെന്ന പ്രതിപക്ഷനേതാവിന്‍റെ ആരോപണം ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടിയമ്മ നിഷേധിച്ചതോടെ ആശയക്കുഴപ്പങ്ങൾ നിറയുകയാണ്. 5000 കോടി രൂപയുടെ പദ്ധതിക്ക് മേഴ്സിക്കുട്ടിയമ്മ ന്യൂയോർക്കിൽ വെച്ച് ചർച്ച നടത്തുകയും കഴിഞ്ഞയാഴ്ച സർക്കാർ അനുമതി നൽകുകയും ചെയ്തുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്. എന്നാൽ, പ്രതിപക്ഷ നേതാവിന്‍റെ ആരോപണം അംബന്ധമാണെന്നും ഫിഷറീസ് വകുപ്പിന് ഇത് സംബന്ധിച്ച് യാതൊന്നും അറിയില്ലെന്നുമായിരുന്നു മേഴ്സിക്കുട്ടിയമ്മ മാധ്യമങ്ങളോട് പ്രതികരിച്ചത്.
അമേരിക്കൻ കമ്പനിയായ ഇ.എം.സി.സി വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന് നൽകിയ ഒരു കത്താണ് ആരോപണങ്ങൾക്ക് തെളിവായി പ്രതിപക്ഷ നേതാവ് പുറത്തുവിട്ടത്. പദ്ധതി നടപ്പാക്കുന്നതിന് കാബിനറ്റിന്‍റെ അനുമതിക്കും ലൈസൻസുകൾ അനുവദിക്കുന്നതിനുമായി ഈ മാസം പതിനൊന്നിന് മന്ത്രിക്ക് കമ്പനി നൽകിയ കത്താണ് രമേശ് ചെന്നിത്തല പുറത്തുവിട്ടത്.
കത്തിലെ വിശദാംശങ്ങൾ
- പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കാബിനറ്റിന്‍റെ അനുമതിക്കും നടപടിക്രമങ്ങൾ ലഘൂകരിച്ച് ലൈസൻസുകൾ അതിവേഗം അനുവദിക്കുന്നതിനുമായി വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന് ഇ.എം.സി.സി കമ്പനി നൽകിയ കത്തിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാറിനും കമ്പനിക്കും ഇടയിലുണ്ടായ നടപടികൾ വിശദീകരിക്കുന്നുണ്ട്.
- 2018 എപ്രിലിൽ ന്യൂയോർക്കിൽ വെച്ച് മേഴ്സിക്കുട്ടിയമ്മയുമായി കമ്പനി പ്രതിനിധികൾ ചർച്ച നടത്തിയിരുന്നെന്ന് കത്തിൽ വിശദീകരിക്കുന്നു. ചർച്ചയിൽ മേഴ്സിക്കുട്ടിയമ്മ അനുകൂലമായി പ്രതികരിക്കുകയും കേരളത്തിൽ നിക്ഷേപം നടത്തുന്നതിന് കമ്പനിയെ താൽപര്യത്തോടെ ക്ഷണിക്കുകയും ചെയ്തിരുന്നു. ആഴക്കടൽ മത്സ്യബന്ധന മേഖലയിൽ നിക്ഷേപം നടത്തുന്നതിനാണ് മന്ത്രി കമ്പനിയെ ക്ഷണിച്ചത്.
- തുടർന്ന് ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജ്യോതിലാലുമായി 2019 ജൂലൈയിൽ കമ്പനി പ്രതിനിധികൾ ചർച്ച നടത്തിയിരുന്നു.
- 2019 ആഗസ്റ്റിൽ ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പദ്ധതി വിശദാംശങ്ങൾ സമർപ്പിച്ചിരുന്നു.
- ആഗോള നിക്ഷേപക സംഗമം 'അസന്‍റ് 2020' ൽ കേരള സർക്കാറുമായി ഇ.എം.സി.സി കമ്പനി ധാരണാ പത്രം ഒപ്പുവെച്ചിരുന്നു. ആഴക്കടൽ മത്സ്യബന്ധന മേഖലയിൽ ഇ.എം.സി.സി കമ്പനി 5000 കോടി നിക്ഷേപിക്കാനുള്ള ധാരണാപത്രമാണ് 2020 ഫെബ്രുവരി 28 ന് സർക്കാറുമായി കമ്പനി ഒപ്പുവെച്ചത്.
- പള്ളിപ്പുറത്തെ കെ.സ്.ഐ.ഡി.സി മെഗാ ഫുഡ് പാർക്കിൽ മത്സ്യം സംസ്കരിക്കുന്നതിന് കമ്പനിക്കായി സ്ഥലം അനുവദിക്കാൻ 2020 ഒക്ടോബർ 30 ന് കമ്പനി അപേക്ഷ നൽകിയിട്ടുണ്ട്. കമ്പനിക്ക് നാല് ഏക്കർ സ്ഥലം അനുവദിക്കാൻ 2021 ഫെബ്രുവരി മൂന്നിന് കെ.സ്.ഐ.ഡി.സി കത്ത് നൽകിയിരുന്നു.
- 2021 ഫെബ്രുവരി രണ്ടിന് ഇ.എം.സി.സിയുമായി കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ലിമിറ്റഡും ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്.
- 2021 ഫെബ്രുവരി ആറിന് പദ്ധതിയുടെ കൾസൾട്ടൻസി സേവനങ്ങൾക്കായി വിർഗോ അക്വ എഞ്ചിനീയറിങുമായും ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.