‘ഇതിനെ ത്യാഗമെന്ന് വിളിക്കല്ലേ...’ അച്ഛന് കരൾ പകുത്തുനൽകാൻ ഹൈകോടതി അനുമതി ലഭിച്ച ദേവനന്ദ പറയുന്നു
text_fieldsതൃശൂർ: ‘ഇതുപോലുള്ള കുട്ടികളുടെ രക്ഷിതാക്കൾ ഭാഗ്യവാന്മാരാണ്’ േരാഗബാധിതനായ പിതാവിന് കരൾ പകുത്ത് നൽകാൻ തൃശൂർ കോലഴി സ്വദേശി പ്രതീഷിന്റെ മകൾ ദേവനന്ദ എന്ന 17 വയസ്സുകാരിക്ക് അനുമതി നൽകുമ്പോൾ ഹൈകോടതി ജഡ്ജി വി.ജി. അരുൺ പറഞ്ഞ വാചകമാണിത്. മാധ്യമങ്ങൾക്ക് മുമ്പിലെത്താൻ ആദ്യം മടികാണിച്ച പ്രതീഷും മകൾ ദേവനന്ദയും വെള്ളിയാഴ്ച മനംമാറ്റി. വീട്ടിൽവെച്ച് അവർ പ്രതികരിച്ചു. ‘ത്യാഗമെന്നൊന്നും പറയല്ലേ, അച്ഛൻ എനിക്ക് വേണ്ടിയാണ് ജീവിക്കുന്നത്, അച്ഛന് വേണ്ടി ഞാനും. കുടുംബത്തോടുള്ള ഇഷ്ടം കാരണമാണ് കരൾ പകുത്തുനൽകാൻ തയാറായത്’ -പ്ലസ് വൺ വിദ്യാർഥിനിയായ ദേവനന്ദ പറഞ്ഞു.
അവയവദാന പ്രക്രിയയിലെ ചരിത്രത്തിന്റെ ഭാഗമായി മാറുകയാണ് ഈ മകൾ. 18 വയസ്സ് തികയാത്ത കുട്ടിയില്‍ നിന്ന് അവയവം സ്വീകരിക്കാന്‍ നിയമതടസ്സമുണ്ടായിരുന്നു. തുടര്‍ന്ന് ദേവനന്ദ നല്കിയ റിട്ട് ഹരജിയിലാണ് കഴിഞ്ഞ ദിവസം അനുകൂല വിധിയുണ്ടായത്.
ഉറച്ച തീരുമാനത്തിൽ നിന്നുള്ള പോരാട്ടമായിരുന്നു ദേവനന്ദയുടേത്. മകളെ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ഏറെ ശ്രമിച്ചിരുന്നെന്ന് പ്രതീഷ് പറഞ്ഞു. ‘‘അവൾ ഉറച്ച തീരുമാനത്തിലായിരുന്നു. അവൾ തന്നെയാണ് ഗൂഗ്ളിൽ നോക്കി കാര്യങ്ങൾ മനസ്സിലാക്കിയത്. വിദഗ്ധ സമിതിക്ക് മുമ്പിലും ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് മുമ്പിലും നിരന്തരമെത്തി. കോടതി ആദ്യം നിരസിച്ചപ്പോൾ അഭിഭാഷകനെ കാണുകയും ഹൈകോടതിയിൽ നിയമപോരാട്ടം നടത്തുകയും ചെയ്തു. മകൾ തന്ന ആത്മവിശ്വാസത്തിലാണ് ഇപ്പോൾ ജീവിക്കുന്നത്’’ - പ്രതീഷ് പറഞ്ഞു.
ഭാര്യയും വീട്ടുകാരും മറ്റും മികച്ച പിന്തുണയാണ് തീരുമാനത്തിന് നൽകിയത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ തീയതിയാകുംവരെ ഇനി കർശന നിയന്ത്രണത്തിലാണ് കഴിയേണ്ടത്. ഹൈകോടതിക്കും പിന്നീട് ഇങ്ങനെയൊരു വിധിക്കായി യത്നിച്ച അഭിഭാഷകനും നന്ദി പറയുന്നതായി ദേവനന്ദ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.