സംതൃപ്തിയോടെ ദേവർകോവിൽ; തീരമണഞ്ഞ് ഐ.എൻ.എല്ലും കപ്പലും
text_fieldsതിരുവനന്തപുരം: ‘ഐ.എൻ.എൽ’ എന്ന രാഷ്ട്രീയ പാർട്ടി രൂപവത്കരിച്ച ശേഷം ആദ്യമായി ലഭിക്കുന്ന മന്ത്രിപദവിയുടെ കാലാവധി പൂർത്തിയാക്കി മടങ്ങുമ്പോൾ സംതൃപ്തിക്ക് ഏറെ വകയുണ്ട് അഹമ്മദ് ദേവർകോവിലിന്. ഇടതുമുന്നണിയിൽ ഘടക കക്ഷിയായതോടെ ഐ.എൻ.എൽ നേടിയ രാഷ്ട്രീയ ഊർജത്തിന് കരുത്തുപകരുന്നതായിരുന്നു രണ്ടര വർഷത്തേക്ക് ലഭിച്ച മന്ത്രി സ്ഥാനം. മുന്നണി പ്രവേശനവും തുടർന്ന് മന്ത്രിസഭാ പ്രതിനിധ്യവും പാർട്ടിക്ക് കരുത്തുപകർന്നെങ്കിലും സംഘടനയിലെ ആഭ്യന്തരപ്രശ്നങ്ങൾ ഉയർത്തിയ അലകൾ ദേവർകോവിലിന് മറികടക്കാനായി. പ്രതിഷേധത്തിന്റെയും അനിശ്ചിതത്വത്തിന്റേയും തിരകൾ കടന്ന് തുറമുഖ മന്ത്രിയെന്ന നിലയിൽ വിഴിഞ്ഞത്ത് കപ്പലടുപ്പിക്കാനായതും നേട്ടങ്ങളുടെ പട്ടികയിൽ പ്രധാനമാണ്.
വിവാദങ്ങളുടെയും പ്രതിഷേധങ്ങളുടേയും പ്രക്ഷുബ്ധ അന്തരീക്ഷത്തിലാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കി കപ്പലടുപ്പിക്കാനായത്. ഒക്ടോബർ 15ന് ആദ്യകപ്പലെത്തി. 2021ല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ലാൻഡ് മോഡില്‍ പുലിമുട്ടിന്റെ നീളം 650 മീറ്റര്‍ മാത്രമായിരുന്നു. 55 ലക്ഷം ടണ്‍ പാറ ഉപയോഗിച്ച് 2960 മീറ്റര്‍ പുലിമുട്ട് നിർമാണം വേഗത്തില്‍ പൂര്‍ത്തിയാക്കാനായി. 2024 മാര്‍ച്ചില്‍ വിഴിഞ്ഞത്ത് കമേഴ്സ്യല്‍ ഓപറേഷന് ആരംഭിക്കാനുള്ള തയാറെടുപ്പുകളാണ് ഇപ്പോൾ നടക്കുന്നത്. മ്യൂസിയം, പുരാവസ്തു- പുരാരേഖാ വകുപ്പുകളിലും വിവിധ പദ്ധതികൾ ആവിഷ്കരിച്ചു. രണ്ടര വര്‍ഷത്തിനിടെ ആറ് മ്യൂസിയങ്ങളും, കുന്ദമംഗലത്ത് ആര്‍ക്കവൈസ് സബ്സെന്ററും, തിരുവനന്തപുരത്ത് കണ്‍സര്‍വേഷന്‍ ലാബും ആരംഭിക്കാനായി.
അതേസമയം, വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി തീരദേശവാസികൾ ഉന്നയിച്ച വിഷയങ്ങൾക്കും പഠന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾക്കും പരിഹാരം അകലെയാണ്. വർഷങ്ങൾക്ക് മുമ്പ് ഉദ്ഘാടനം കഴിഞ്ഞ കൊല്ലം ഉൾപ്പെടെ തുറമുഖങ്ങൾ സജീവമാക്കാൻ ഇനിയും സാധിക്കാത്ത സാഹചര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.