ശബരിമല: ബോർഡ് പ്രസിഡൻറും കമീഷണറും തമ്മിൽ ഭിന്നത
text_fieldsതിരുവനന്തപുരം: ശബരിമലവിഷയത്തിൽ പ്രതിഷേധം ശക്തമായിരിക്കെ ദേവസ്വം ബോർഡിലെ തർക്കങ്ങളും പുറത്ത്. സുപ്രീംകോടതിവിധി നടപ്പാക്കുന്നതിെൻറ ഭാഗമായി ശബരിമലയിൽ സ്ത്രീകളെ തടയില്ലെന്നും കൂടുതൽ സ്ത്രീജീവനക്കാരെ നിയമിക്കുമെന്നുമുള്ള കമീഷണറുടെ നിലപാടിൽ ദേവസ്വം ബോർഡ് പ്രസിഡൻറ് അതൃപ്തിയുമായി രംഗത്ത്. കമീഷണറുടെ നിലപാടിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പത്മകുമാർ തീരുമാനം എടുത്തിട്ടില്ലെന്ന് പറഞ്ഞാണ് തിരിച്ചടിച്ചത്. തുടർന്ന് പ്രസിഡൻറ് മന്ത്രിയെ സന്ദർശിക്കുകയും അതിനുശേഷം മന്ത്രി കമീഷണറെ വിളിപ്പിക്കുകയും ചെയ്തതോടെ ഇരുവരും തമ്മിലെ ഭിന്നത മറനീക്കി. എന്നാൽ, പ്രസിഡൻറിന് അതൃപ്തിയില്ലെന്നും പതിവ് കൂടിക്കാഴ്ചയാണിതെന്നും കമീഷണർ എൻ. വാസു വിശദീകരിച്ചു.
ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയില്ലെന്ന് കമീഷണർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കോടതിവിധി നടപ്പാക്കും. വിധിന്യായം വിശദമായി നോക്കിയപ്പോൾ എല്ലാ ആശങ്കകളും പരിശോധിെച്ചന്നാണ് ബോധ്യമായത്. പുനഃപരിശോധനഹരജി നൽകിയാലും കാര്യമുണ്ടെന്ന് തോന്നുന്നില്ല. വനിതജീവനക്കാരെ ശബരിമലയിൽ നിയോഗിക്കും. അവിടെയെത്തുന്ന സ്ത്രീകൾക്ക് ആവശ്യമായ സുരക്ഷ നൽകും. 18ാം പടിയിലടക്കം വനിതപൊലീസിനെ നിയമിക്കുന്നത് തിങ്കളാഴ്ച ഡി.ജി.പിയുമായി ചർച്ച ചെയ്യും. പമ്പയിൽ സ്നാനത്തിന് അടക്കം സൗകര്യമൊരുക്കും. ശബരിമലയിൽ നിരവധി അസൗകര്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരുക്കങ്ങളുടെ വിശദാംശങ്ങൾ ഹൈകോടതിെയ അറിയിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ ഹൈകോടതി ദേവസ്വം ബോർഡിനോട് ആരാഞ്ഞിരുന്നു. കമീഷണറുടെ പ്രതികരണം പുറത്തുവന്നതോടെയാണ് ദേവസ്വം ബോർഡ് പ്രസിഡൻറ് പത്മകുമാർ അംഗം കെ. ശങ്കരദാസുമായി വകുപ്പുമന്ത്രിയെ കണ്ടത്. കമീഷണറുടെ പരാമർശത്തിലെ അതൃപ്തിയാണ് അവർ മന്ത്രിക്ക് മുന്നിൽ നിരത്തിയത്. ഇതിനുപിന്നാെലയാണ് കമീഷണറെ മന്ത്രി വിളിപ്പിച്ചത്. സർക്കാറോ ബോർഡോ ഇത്തരം കാര്യങ്ങളൊന്നും തീരുമാനിച്ചിട്ടില്ലെന്ന് ദേവസ്വം പ്രസിഡൻറ് പറഞ്ഞു. ഹൈകോടതിയിൽ വിശദീകരണം നൽകുന്നത് തിങ്കളാഴ്ച ബോർഡ് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബോർഡ് എടുത്ത തീരുമാനമാണ് കമീഷണർ പറഞ്ഞതെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.