ശർക്കര മഹാരാഷ്ട്രയിൽനിന്ന്; വിവാദമുണ്ടാക്കി ശബരിമലയുടെ യശസ്സ് തകർക്കുന്നു -ദേവസ്വം ബോർഡ്
text_fieldsകൊച്ചി: ശബരിമലയിലേക്ക് അപ്പം, അരവണ നിർമാണത്തിന് മഹാരാഷ്ട്രയിലെ കമ്പനിയിൽനിന്നാണ് ശർക്കര വാങ്ങുന്നതെന്നും ഗൾഫ് രാജ്യങ്ങളിലേക്കും കയറ്റി അയക്കുന്നതിനാലാണ് ഹലാൽ മുദ്ര രേഖപ്പെടുത്തിയിട്ടുള്ളതെന്നും ദേവസ്വം ബോർഡ് ഹൈകോടതിയിൽ.
അപ്പം, അരവണ വിൽപനയിലൂടെ ശബരിമലയ്ക്ക് ലഭിക്കുന്ന വരുമാനം ഇല്ലാതാക്കാനാണ് ഹലാൽ മുദ്രയുെടയും മറ്റും പേരിൽ തെറ്റായ പ്രചാരണങ്ങളിലൂടെ ചിലർ ശ്രമിക്കുന്നത്. അപ്പം, അരവണ വിൽപനയാണ് ശബരിമലയിലെ പ്രധാന വരുമാനം. ശബരിമലയുടെ യശസ്സ് തകർക്കാൻ കരുതിക്കൂട്ടിയുള്ള ശ്രമമാണ് ഇതിന് പിന്നിൽ. തെറ്റായ പ്രചാരണത്തിലൂടെ സാമുദായിക സൗഹാർദം തകർക്കാനും ചിലർ ലക്ഷ്യമിടുന്നു.
ഇത്തരത്തിെല നിരവധി വ്യാജ വാർത്തകൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ഇതിനെതിരെ ശബരിമല എക്സിക്യൂട്ടിവ് ഓഫിസർ സന്നിധാനം െപാലീസിന് പരാതി നൽകിയതായും ദേവസ്വം ബോർഡ് സ്ഥിരം സമിതി കൗൺസിൽ ഹൈകോടതിയിൽ സമർപ്പിച്ച വിശദീകരണപത്രികയിൽ പറയുന്നു.
ശബരിമലയിൽ അപ്പം, അരവണ നിർമാണത്തിന് ഹലാൽ മുദ്രയുള്ള ശർക്കര ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ശബരിമല കർമസമിതി ജനറൽ കൺവീനർ എസ്.ജെ.ആർ. കുമാർ നൽകിയ ഹരജിയിലാണ് വിശദീകരണം.
2019-20 വർഷം വർധാൻ കമ്പനി നൽകിയ ശർക്കര പാക്കറ്റിൽ ചിലതിൽ ഹലാൽ മുദ്രയുണ്ടായിരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് അറബ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിനാലാണ് ഹലാൽ മുദ്ര രേഖപ്പെടുത്തിയിരിക്കുന്നതെന്ന മറുപടി ലഭിച്ചത്. അറബ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കാൻ ഹലാൽ മുദ്ര അനിവാര്യമാണെന്നും ദുരുദ്ദേശ്യപരമായ ഹരജി തള്ളണമെന്നും വിശദീകരണപത്രികയിൽ പറയുന്നു. ഹരജി ദേവസ്വം ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.