ശബരിമലയിൽ ദർശന സമയം നീട്ടാൻ ദേവസ്വം ബോർഡ് തീരുമാനം
text_fieldsസന്നിധാനം: ശബരിമലയിൽ ദർശന സമയം നീട്ടാൻ ദേവസ്വം ബോർഡ് തീരുമാനം. രാവിലെയും വൈകിട്ടും അര മണിക്കൂർ വീതമാണ് ദർശന സമയം വർധിപ്പിക്കുക. ഇതോടെ 18 മണിക്കൂറായിരുന്ന ദർശന സമയം 19 മണിക്കൂറായി ഉയരും.
നിലവിൽ പുലർച്ചെ മൂന്നു മണി മുതൽ ഉച്ചക്ക് ഒരു മണിവരെയും ഉച്ചക്ക് മൂന്നു മണി മുതൽ രാത്രി 11 വരെയുമാണ് ദർശന സമയം. ഇത് ഉച്ചക്ക് ഒന്നര വരെയും രാത്രി 11.30 വരെയുമായാണ് വർധിക്കുക. രാത്രി 11.20ന് ഹരിവരാസനം പാടി നട അടക്കും.
ശബരിമലയിൽ തീർഥാടകരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ ദർശന സമയം കൂട്ടാൻ സാധിക്കുമോ എന്ന് ഹൈകോടതി ദേവസ്വം ബെഞ്ച് ഇന്ന് ദേവസ്വം ബോർഡിനോട് ആരാഞ്ഞിരുന്നു. തുടർന്ന് വിഷയത്തിൽ തന്ത്രി കണ്ഠരര് രാജീവരരും ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. അനന്തഗോപനും എക്സിക്യൂട്ടീവ് ഓഫിസർ എച്ച്. കൃഷ്ണകുമാറും കൂടിയാലോചന നടത്തി. തുടർന്നാണ് സമയം വർധിപ്പിക്കാൻ തീരുമാനിച്ചത്.
പ്രതികൂല കാലവസ്ഥയിലും ശബരിമല ദർശനത്തിനെത്തുന്ന ഭക്തരുടെ എണ്ണത്തിൽ വൻ വർധനവാണ് റിപ്പോർട്ട് ചെയ്തത്. ശനിയാഴ്ച മാത്രം ഓൺലൈൻ ബുക്കിങ്ങിലൂടെ 94,369 തീർഥാടകരും സ്പോട്ട് ബുക്കിങ്ങിലൂടെ പതിനയ്യായിരത്തോളം പേരുമാണ് ദർശനം നടത്തിയത്. വെള്ളിയാഴ്ച നടപ്പന്തൽ മുതൽ ശരംകുത്തി വരെ തീർഥാടകരുടെ നീണ്ടവരി രൂപപ്പെട്ടിരുന്നു.
തിരക്ക് വർധിച്ചതോടെ പമ്പ മുതൽ സന്നിധാനം വരെ പൊലീസ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പമ്പയിൽ നിന്ന് മലചവിട്ടുന്ന തീർഥാടർ 10 മണിക്കൂറോളം സമയമെടുത്താണ് സന്നിധാനത്തെത്തി ദർശനം നടത്തുന്നത്. രാത്രിയിൽ പെയ്യുന്ന കനത്ത മഴയും മലകയറുന്ന തീർഥാടകരെ ഏറെ വലക്കുന്നു. പുല്ലുമേട്-സത്രം വഴിയും കൂടുതൽ തീർഥാടകർ എത്തുന്നുണ്ട്. വെള്ളിയാഴ്ച മാത്രം 7281 പേർ ഈ വഴി സന്നിധാനത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.