ശബരിമലയിൽ പ്രസാദവിതരണത്തിൽ പ്രതിസന്ധിയില്ലെന്ന് ദേവസ്വം ബോർഡ്
text_fieldsശബരിമല: സന്നിധാനത്ത് അപ്പം - അരവണ പ്രസാദ വിതരണത്തിൽ നിലവിൽ പ്രതിസന്ധിയില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. മണ്ഡലകാലത്ത് പ്രസാദ നിർമാണത്തിനുള്ള ശർക്കര എത്തിക്കാൻ മഹാരാഷ്ട്രയിൽനിന്നുള്ള കമ്പനികളുമായാണ് കരാർ. ദിവസവും മൂന്ന് ലോഡ് ശർക്കര (32 ടൺ വീതം) എത്തിക്കാനാണ് ധാരണ. ഗതാഗത പ്രശ്‌നങ്ങളെത്തുടർന്ന് ലോഡ് എത്താൻ വൈകിയതിനാലാണ് കഴിഞ്ഞ ദിവസങ്ങളിൽ ചെറിയ പ്രശ്‌നമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബർ 22ന് വൈകീട്ട് ആറിന് എത്തേണ്ട ശർക്കര ലോഡ് പിറ്റേ ദിവസം ഒമ്പതോടെയാണ് എത്തിയത്. മണ്ഡലകാലത്ത് പ്രസാദവിതരണത്തിന് തടസ്സമുണ്ടാകാതിരിക്കാൻ അഞ്ചുലക്ഷം കിലോ ശർക്കര ലോക്കൽ പർച്ചേസ് നടത്താൻ ദേവസ്വം ബോർഡ് ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ടെൻഡർ ഡിസംബർ 25ന് വൈകീട്ട്തന്നെ തുറക്കും. ടെൻഡർ അംഗീകരിച്ചാലുടൻ ആവശ്യമായ ശർക്കര എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും പ്രസാദ വിതരണം സുഗമമായി നടത്താൻ സാധിക്കുമെന്നുമാണ് കരുതുന്നതെന്നും പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.