ദേവസ്വം കമീഷണര്‍മാരായി അഹിന്ദുക്കളെ നിയമിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് സർക്കാർ
text_fieldsകൊച്ചി: തിരുവിതാകൂര്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കമീഷണര്‍മാരായി അഹിന്ദുക്കളെ നിയമിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. ഭാവിയിലും ഇത്തരമൊരു നിയമനമുണ്ടാകില്ല. മറിച്ചുള്ള വാദങ്ങൾ തെറ്റിദ്ധരിപ്പിക്കാൻ പ്രചരിപ്പിക്കുന്നതാണെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.
1950ലെ തിരുവിതാംകൂര്‍-കൊച്ചി ഹിന്ദുമത സ്ഥാപന നിയമത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി കമീഷണര്‍മാരായി അഹിന്ദുക്കളെ നിയമിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നാരോപിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള സമര്‍പ്പിച്ച ഹരജിയിലാണ് സർക്കാറിെൻറ വിശദീകരണം. വിശദീകരണം സത്യവാങ്മൂലമായി നൽകാൻ നിർദേശിച്ച കോടതി ഹരജി വീണ്ടും 26ന് പരിഗണിക്കാൻ മാറ്റി.
ദേവസ്വം കമീഷണര്‍ ഹിന്ദുമതത്തിലുള്ള ആളായിരിക്കണമെന്ന മുന്‍ വ്യവസ്ഥ ഭേദഗതിയിലൂടെ സര്‍ക്കാര്‍ ഒഴിവാക്കിയെന്നാണ് ഹരജിക്കാരെൻറ വാദം. സര്‍ക്കാറിലെ അഡീഷനല്‍ സെക്രട്ടറിക്കോ ജോയൻറ് സെക്രട്ടറിക്കോ ദേവസ്വം കമീഷണര്‍ സ്ഥാനം നല്‍കാവുന്നതാണെന്നും നിയമഭേദഗതി പറയുന്നുണ്ട്. ഈ രണ്ടു ഭേദഗതികളും കൂട്ടിവായിക്കുകയാണെങ്കില്‍ അഹിന്ദുക്കള്‍ ദേവസ്വം കമീഷണറായി വരാന്‍ സാധ്യതയുണ്ട്. ഇത് നിലവിലെ നിയമങ്ങള്‍ക്കും മുന്‍കാല ഉത്തരവുകള്‍ക്കും എതിരാണ്.
ക്ഷേത്രങ്ങൾ കൈകാര്യം ചെയ്യാൻ അധികാരമുള്ള ഉദ്യോഗസ്ഥനെന്ന നിലയിൽ ഹിന്ദുക്കളല്ലാെത മറ്റുള്ളവർ ഇൗ സ്ഥാനത്തിരിക്കുന്നത് നടപടിക്രമങ്ങളെ തകിടംമറിക്കാനിടയാക്കും. മാത്രമല്ല, ഹിന്ദുക്കളുടെ ചടങ്ങുകളും ആചാരങ്ങളും അറിയാത്തവർ കമീഷണർ സ്ഥാനത്ത് വരുന്നത് അവരുടെ ആരാധന സ്വാതന്ത്ര്യത്തെ ബാധിക്കും. ഇൗ സാഹചര്യത്തിൽ ഭേദഗതികള്‍ റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
ദേവസ്വം നിയമനം: ൈഹകോടതി നടപടി ശുഭസൂചന -ശ്രീധരൻ പിള്ള
തൃശൂർ: ദേവസ്വം ബോർഡുകളിൽ കമീഷണർ പോലുള്ള തസ്തികകളിൽ ഇതര മതസ്ഥരെ നിയമിക്കാൻ ഉദ്ദേശിച്ച് സർക്കാർ നിയമം ഭേദഗതി ചെയ്തതിന് എതിരായ ഹൈകോടതി നടപടി ശുഭസൂചനയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ള. ഇത് ബി.ജെ.പിയുടെ പ്രാഥമിക വിജയമാണെന്ന് അദ്ദേഹം തൃശൂരിൽ പറഞ്ഞു.
കുറുക്കുവഴിയിലൂടെ നിയമം ഭേദഗതി ചെയ്തതിനെതിരെയാണ് താൻ റിട്ട് സമർപ്പിച്ചത്. ഇത് ഭരണഘടനക്കും ക്ഷേത്രങ്ങൾ വിട്ടുകൊടുത്തുകൊണ്ടുള്ള ഉടമ്പടിക്കും എതിരാണ്. ക്ഷേത്രത്തിൽ കയറാൻ കഴിയാത്തവരെ ദേവസ്വത്തിൽ ഉന്നത സ്ഥാനങ്ങളിൽ നിയമിക്കാൻ ഉദ്ദേശിച്ചായിരുന്നു ഭേദഗതി. അങ്ങനെ ഉദ്ദേശിക്കുന്നില്ലെന്ന് സർക്കാറിന് കോടതിയിൽ പറയേണ്ടിവന്നു. ഏതായാലും കോടതിയിൽ സത്യവാങ്മൂലം കൊടുത്തതുകൊണ്ടു മാത്രം വിഷയം അവസാനിക്കില്ലെന്നും ഇത്തരമൊരു നീക്കം തുടർന്ന് ഒരു സർക്കാറും നടത്തില്ലെന്ന് ബി.െജ.പി ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.