ദേവസ്വം ഭൂമിയെന്ന്; 13 കുടുംബങ്ങൾ ഒഴിപ്പിക്കൽ ഭീതിയിൽ, സംഭവം കടയ്ക്കൽ തേവർനടയിൽ
text_fieldsകൊല്ലം: ആറര പതിറ്റാണ്ടിലേറെയായി കരം അടയ്ക്കുന്ന ഭൂമിയിൽ അവകാശ വാദവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് എത്തിയതോടെ കുടിയൊഴിപ്പിക്കൽ ഭീതിയിൽ 13 കുടുംബങ്ങൾ. കൊല്ലം കടയ്ക്കൽ തേവർനടയിൽ ഈ കുടുംബങ്ങൾ തലമുറകളായി താമസിക്കുന്ന വീട് ഉൾപ്പെടെ വസ്തുവിൽ അവകാശം ഉന്നയിച്ച് ദേവസ്വം ബോർഡ് നോട്ടീസ് നൽകുക മാത്രമല്ല ഭൂസംരക്ഷണ വിഭാഗം സ്പെഷൽ തഹസിൽദാർ സ്ഥലം അളന്ന് കല്ലിടുകയും ചെയ്തു.
വീടുകളിൽനിന്ന് പുറത്തിറങ്ങാൻപോലും പറ്റാത്തനിലയിൽ വഴികളിലും കല്ലിട്ടു. 102 വർഷം മുമ്പത്തെ സ്കെച്ചും പ്ലാനും ചൂണ്ടിക്കാട്ടി ജനുവരിയിലാണ് ദേവസ്വം ബോർഡ് ആദ്യം നോട്ടീസ് നൽകിയത്. ഇതിനെതിരെ കുടുംബങ്ങൾ ഹൈകോടതിയെ സമീപിച്ചു. ആർ.ഡി.ഒക്ക് അപ്പീൽ നൽകാനായിരുന്നു കോടതി നിർദേശം.
കോടതി നടപടിക്കിടെ ഒഴിപ്പിക്കാൻ നീക്കം
കോടതി നിർദേശപ്രകാരം ആർ.ഡി.ഒക്ക് അപ്പീൽ നൽകാനുള്ള നടപടികൾ ആരംഭിക്കും മുമ്പേ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി കുടിയൊഴിപ്പിക്കാൻ ശ്രമം നടത്തിയത് വിവാദമായിരുന്നു. നാട്ടുകാരും പഞ്ചായത്ത് അംഗങ്ങളും പ്രതിഷേധിച്ചതോടെയാണ് ശ്രമം ഉപേക്ഷിച്ചത്. എന്നാൽ, എത്രയുംവേഗം ദേവസ്വം ബോർഡിന്റെ വസ്തുക്കൾ ഒഴിയണമെന്നാണ് ഇവർക്ക് നൽകിയ നോട്ടീസിൽ പറയുന്നത്.
അതുകൊണ്ടുതന്നെ ഈ ഭൂമിയുടെ കാര്യത്തിൽ നിർമാണ പ്രവർത്തനങ്ങളും ക്രയ-വിക്രയ നടപടികളും മുടങ്ങിയിരിക്കുകയാണ്. മുനമ്പം വിഷയം വിവാദമായതോടെ ദേവസ്വം ബോർഡ് തുടർനടപടി മരവിപ്പിച്ചെങ്കിലും ആശങ്ക ഒഴിഞ്ഞിട്ടില്ലെന്ന് ഇവർ പറയുന്നു. അടുത്ത വർഷം കരം അടയ്ക്കാൻ പോകുമ്പോൾ എന്താകുമെന്നാണ് ആശങ്ക.
‘1956ൽ ദേവസ്വം ബോർഡ് സർവേ നടത്തി കല്ലിട്ട് നൽകിയതാണ് ഭൂമി’
കടയ്ക്കൽ തേവർനട ദേവസ്വം ബോർഡിന്റെ സ്കൂളിന് സമീപമാണ് ഇവരുടെ ഭൂമി. 1986നു ശേഷം പൈതൃക അവകാശമായി നൽകിയതും മറ്റുള്ളവരിൽനിന്ന് വസ്തു വാങ്ങി വീട് വെച്ചവരുമാണ് ഇവിടെ താമസിക്കുന്നവരിൽ പലരും. 1956ൽ ദേവസ്വം ബോർഡ് സർവേ നടത്തി കല്ലിട്ട് നൽകിയതാണ് ഈ ഭൂമിയെന്ന് താമസക്കാർ പറയുന്നു. എന്നാൽ, 1922 ലെ സ്കെച്ചും, പ്ലാനുമായാണ് ബോർഡ് അധികൃതർ എത്തിയതത്രെ. തിരുവിതാംകൂർ ദേവസ്വം ബോർഡ് പുനലൂർ അസി. കമീഷണരുടെ പരിധിയിൽ വരുന്നതാണ് കടയ്ക്കൽ തേവർനട ദേവസ്വം സ്ഥലം.
നോട്ടീസ് ലഭിച്ചവർ
● മണികണ്ഠൻചിറ പുതുവൽവിള വീട്ടിൽ വസന്തകുമാരി ●പുത്തൻവീട്ടിൽ രവീന്ദ്രൻ ●രാജിഭവനിൽ രാധാകൃഷ്ണപിള്ള ● ഏറത്ത് വീട്ടിൽ വിജയകുമാർ ● സാജൻ വിലാസത്തിൽ സലികുമാർ ●ചിമ്പു നിവാസിൽ റാണി●തോട്ടുംകര പുത്തൻവീട്ടിൽ പീതാംബരൻ●പുതുവൽ വിള പുത്തൻവീട്ടിൽ ബിന്ദു ●പുതുവൽ വീട്ടിൽ സുഭദ്ര മാധവൻ ●മണികണ്ഠൻചിറ അശ്വതി കൃഷ്ണ ●എസ്.ആർ ഭവനിൽ ബിന്ദു ശക്തിപ്രസാദ് ●ശ്രീകുമാർ സദനത്തിൽ ലീന ●എസ്.പി ഭവനിൽ പ്രസന്ന
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.